എഎസ്എ കേരള സുവര്‍ണ ജൂബിലി തുടങ്ങി

എഎസ്എ കേരള സുവര്‍ണ ജൂബിലി തുടങ്ങി

കേരളവുമായി ബന്ധം ശക്തമാക്കുമെന്ന് ജപ്പാന്‍ അംബാസഡര്‍

കൊച്ചി: വിവിധതരം പഠനങ്ങളുടെ ഭാഗമായി ജപ്പാനില്‍ പോയി മടങ്ങിയെത്തിയവര്‍ രൂപീകരിച്ച ദി അലുമ്‌നി സൊസൈറ്റി ഓഫ് എഒടിഎസ് കേരളയുടെ (എഎസ്എ കേരള) സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്കു തുടക്കമായി. കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ നിപ്പോണ്‍ കേരള സെന്ററില്‍ ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ കെന്‍ജി ഹിരാമസ്തു പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒരേക്കര്‍ സ്ഥലത്തു നിര്‍മിച്ച സെന്ററിലെ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

വളര്‍ന്നുവരുന്ന ഇന്ത്യ-ജപ്പാന്‍ സഹകരണത്തില്‍ കേരളത്തിനു നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്നു ജപ്പാന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടി. ജപ്പാനിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരം വര്‍ധിപ്പിക്കുന്നതിനൊപ്പം പഠനത്തിനും സാങ്കേതികവിദ്യാ സഹകരണത്തിനും സാംസ്‌കാരിക വിനിമയത്തിനും കേരളം മുന്‍കൈയെടുക്കണമെന്നും ഇപ്പാന്റെ ഭാഗത്തു നിന്നും ഇതിനാവശ്യമായ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ എല്ലാ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. എഎസ്എ കേരളയുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളവും ജപ്പാനുമായി പുതിയ സഹകരണമേഖല തുറക്കുമെന്നും കെന്‍ജി ഹിരാമസ്തു വ്യക്തമാക്കി.

ജപ്പാന്‍ ഭാഷാപഠനവും സാങ്കേതികവിദ്യാ പരിശീലനവും അടക്കമുള്ള കാര്യങ്ങളില്‍ സഹായങ്ങള്‍ ചെയ്യും. കൊച്ചി നിപ്പോള്‍ സെന്റര്‍ ഇതിനുള്ള മുഖ്യകേന്ദ്രമാകണം. ഇരുരാജ്യങ്ങളിലെയും സര്‍വകലാശാലകള്‍ക്കും പരസ്പരം സഹകരിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളം ജില്ലാ കളക്റ്റര്‍ കെ മുഹമ്മദ് സഫീറുള്ള, എഒടിഎസ് ജപ്പാന്‍ മാനേജിംഗ് ഡയറക്റ്റര്‍ ഷിമൂസവ എന്നിവര്‍ വിശിഷ്ടാതിഥികളായ ചടങ്ങില്‍ അംബാസഡറുടെ പത്‌നി പാട്രിക്ക ഹിരാമസ്തു, ഇന്തോ ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള പ്രസിഡന്റും സംസ്ഥാന മുന്‍ വ്യവസായവകുപ്പ് സെക്രട്ടറിയുമായ ടി ബാലകൃഷ്ണന്‍, പ്രമുഖ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ അനിത പ്രതാപ് എന്നിവര്‍ പങ്കെടുത്തു. എഎസ്എ കേരള പ്രസിഡന്റ് ജേക്കബ് കോവൂര്‍ അധ്യക്ഷതയും സെക്രട്ടറി എസ്. ഗോപകുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഇവി. ജോണ്‍ നന്ദിയും രേഖപ്പെടുത്തി. എഎസ്എ കേരളയുടെ ആദ്യകാല സാരഥികളെ പാട്രിക്ക ഹിരാമസ്തു ചടങ്ങില്‍ ആദരിച്ചു.

Comments

comments

Categories: More