2016ല്‍ യുഎസ് പൗരത്വം നേടിയത് 46,100 ഇന്ത്യക്കാര്‍

2016ല്‍ യുഎസ് പൗരത്വം നേടിയത് 46,100 ഇന്ത്യക്കാര്‍

രണ്ടു വര്‍ഷത്തില്‍ തീര്‍പ്പാകാത്ത അപേക്ഷകള്‍ 77 ശതമാനം വര്‍ധിച്ചു

മുംബൈ: 2016ല്‍ അമേരിക്കന്‍ പൗരത്വം നേടിയത് ഏകദേശം 46,100 ഇന്ത്യക്കാര്‍. യുഎസില്‍ പൗരത്വം നേടിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മെക്‌സിക്കോയാണ്. രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. 2016 സാമ്പത്തിക വര്‍ഷത്തില്‍ (2015 ഒക്‌റ്റോബര്‍ 1- 2016 സെപ്റ്റംബര്‍ 30) 7.53 ലക്ഷം പേര്‍ക്കാണ് യുഎസ് സര്‍ക്കാര്‍ പൗരത്വം നല്‍കിയതെന്നും ഇതില്‍ 6 ശതമാനം പേര്‍ ഇന്ത്യക്കാരാണെന്നും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യുരിറ്റീസ് (ഡിഎച്ച്എസ്) പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പറയുന്നു.

‘പൗരത്വത്തിന്റെ മൂല്യം മുമ്പത്തേക്കാള്‍ ഇന്ത്യക്കാര്‍ തിരിച്ചറിയുന്നു.ഒരു പൗരന് നിരവധി അവകാശങ്ങളും പരിരക്ഷകളുമുണ്ട്. വോട്ട് ചെയ്യുന്നതിനുള്ള മൗലികാവകാശമുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങളുണ്ട്. കുടിയേറ്റ വിരുദ്ധ നയങ്ങള്‍ മൂലം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കുടിയേറ്റക്കാര്‍ കൂടുതല്‍ ബോധവാന്മാരാണ്’, ഏഷ്യന്‍ അമേരിക്കന്‍സ് അഡ്വാന്‍സിംഗ് ജസ്റ്റിസ് പ്രസിഡന്റ് ജോണ്‍ സി യംഗ് പറഞ്ഞു.

മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റ വളര്‍ച്ച കുറഞ്ഞതിനൊപ്പം നല്‍കിയ പൗരത്വത്തിന്റെ എണ്ണത്തിലും വാര്‍ഷികാടിസ്ഥാനത്തില്‍ ഇടിവ് പ്രകടമാണ്. അതേസമയം വിസ നയങ്ങളില്‍ അനിശ്ചിതത്വം തുടരുമ്പോഴും തൊഴില്‍ വിസ അപേക്ഷയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2016 സാമ്പത്തിക വര്‍ഷത്തില്‍ 9.72 ലക്ഷം അപേക്ഷകളാണ് യുഎസ് പൗരത്വത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധവനാണിത്. 2015 സാമ്പത്തിക വര്‍ഷത്തില്‍ 7.83 ലക്ഷം പൗരത്വ അപേക്ഷകളാണ് ലഭിച്ചത്. 2014നെ അപേക്ഷിച്ച് ഒരു ശതമാനം മാത്രം വളര്‍ച്ചയായിരുന്നുവിതെന്നും ഡാറ്റ വ്യക്തമാക്കുന്നു.

സാധാരണയായി ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാനാകൂ. യുഎസില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജീവിക്കുന്നതിനും തൊഴില്‍ ചെയ്യുന്നതിനും ഗ്രീന്‍ കാര്‍ഡ് അനുമതി നല്‍കുന്നുണ്ട്. എങ്കിലും യുഎസ് പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനുള്ള നടപടികളും വിസാ നയങ്ങള്‍ കര്‍ക്കശമാക്കുന്നതിനുള്ള നീക്കങ്ങളും പരിഗണിച്ച് കൂടുതല്‍ ഗ്രീന്‍ കാര്‍ഡ് ഉടമസ്ഥരും യുഎസ് പൗരത്വത്തിന് അപേക്ഷിക്കുകയാണ് ഇപ്പോള്‍.

കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ തീര്‍പ്പാകാത്ത അപേക്ഷകള്‍ 77 ശതമാനം വര്‍ധിച്ചുവെന്നാണ് നാഷണല്‍ പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ ന്യൂ അമേരിക്കന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2017 ജൂണ്‍ അവസാനത്തിലെ കണക്ക്പ്രകാരം യുഎസ് പൗരത്വത്തിന് വേണ്ടിയുള്ള 7.08 ലക്ഷം അപേക്ഷകളാണ് നടപടി ക്രമങ്ങള്‍ക്കായി കാത്തിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഇത് നാല് ലക്ഷം മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: World