ഡെല്‍ഹിയില്‍ സ്ത്രീ സുരക്ഷക്ക് ‘ രഫ്താര്‍ ‘

ഡെല്‍ഹിയില്‍ സ്ത്രീ സുരക്ഷക്ക് ‘ രഫ്താര്‍ ‘

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമ്രങ്ങള്‍ക്കു തടയിടാന്‍ പുതിയ സുരക്ഷാ സ്‌ക്വാഡിനെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് ഡെല്‍ഹി പോലീസ്. നിര്‍ഭയ പോലുള്ള കേസുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ആ സംഭവം നടന്ന് അഞ്ച് വര്‍ഷം തികയാനിരിക്കവേ വനിതാ പോലീസിനെ കുടുതലായി ഉള്‍പ്പെടുത്തി ആത്യാധുനിക സംവിധാനങ്ങളോടെയുള്ള അതിവേഗ മോട്ടോര്‍സൈക്കിള്‍ സുരക്ഷാ സംഘത്തെ നിയോഗിക്കുന്നത്

5 വര്‍ഷമായാലും 50 വര്‍ഷമായാലും നിര്‍ഭയ എന്ന പേര് നാം ഓര്‍ത്തിരിക്കും. അത്രകണ്ട്് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നാണ് 2012 ഡിസംബറില്‍ ഡെല്‍ഹിയിലെ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് വിധേയയായി കൊല്ലപ്പെട്ട ജ്യോതി സിംഗ് എന്ന 23 കാരിയുടെ വാര്‍ത്തകള്‍. രാജ്യത്തിനകത്തും പുറത്തും ഇന്ത്യ നാണം കെട്ടുപോയ സംഭവത്തിന് 5 വര്‍ഷം തികയാനിരിക്കുമ്പോള്‍ ഡെല്‍ഹി പോലീസ് സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി പുതിയ കര്‍മ്മ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ്.

സ്ത്രീകളുടെ സുരക്ഷയ്ക്കായ് ഡെല്‍ഹി പോലിസ് രഫ്താര്‍ (സ്പീഡ്) എന്ന പേരില്‍ പുതിയ വനിതാ പോലീസ് സ്‌ക്വാഡിനെ രംഗത്തിറക്കാനൊരുങ്ങുകയാണ്. 600 ഓളം വനിതാ പോലിസുകാര്‍ ഉള്‍പ്പെടുന്ന മോട്ടോര്‍ ബൈക്ക് സ്‌ക്വാഡാണ് രഫ്താര്‍. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായി വനിതകളെ തന്നെയാണ് കൂടുതലും ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഡെല്‍ഹിയിലെ ഓരോ ഇടവഴിയിലും തെരുവുകളിലും ഇനി രഫ്താറിന്റെ സാന്നിധ്യം ശക്തമാക്കാനാണ് ഡെല്‍ഹി പോലീസ് പദ്ധതിയിടുന്നത്. ഡിസംബറോടുകൂടി കാലഘട്ടത്തിന് യോജിച്ച സൗകര്യങ്ങളുള്‍പ്പെടുത്തി പുതിയ സുരക്ഷാ സ്‌ക്വാഡിനെ പുറത്തിറക്കാനാണ് ആലോചന.

ആധുനിക സുരക്ഷാ സൗകര്യങ്ങളോടെ രഫ്താര്‍

രഫ്താര്‍ സ്‌ക്വാഡ് മോട്ടോര്‍ സൈക്കിളിലാണ് തലസ്ഥാന നഗരിയുടെ തെരുവോരങ്ങളില്‍ റോന്ത് ചുറ്റുക. മോട്ടോര്‍ സൈക്കിളിന്റെ നിറത്തിലുള്‍പ്പെടെ അടിമുടി മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സ്‌ക്വാഡിന്റെ വരവ്. മോട്ടോര്‍സൈക്കിളിന്റെ നിലവിലെ മഞ്ഞ നിറത്തിനു പകരമായി ലിവറി-ഗ്രെ നിറത്തിലായിരിക്കും പുതിയ ബൈക്ക്. അത്യാധുനിക സംവിധാനത്തോടെയാകും രഫ്താര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം. രാത്രികാലങ്ങളില്‍ മൊട്ടോര്‍ ബൈക്ക് പട്രോളിംഗിനിറങ്ങുന്ന ഇവരില്‍ നിരവധി സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ബൈക്കിലുമായി രണ്ടു വനിതാ പോലീസുകാരെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ സായുധ ഉപകരണങ്ങള്‍ കൂടാതെ പിസ്റ്റള്‍, പെപ്പര്‍ സ്‌പ്രെ, ബോഡി കാമറ, ഇയര്‍പീസ് ഉള്‍പ്പെടുന്ന അത്യാധുനിക ഹെല്‍മറ്റ് തുടങ്ങിയ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ആകെയുള്ള 191 പോലീസ് സ്‌റ്റേഷനുകളില്‍ ഒരോ സ്‌റ്റേഷനിലും കുറഞ്ഞത് മൂന്നു മോട്ടോര്‍ സൈക്കിളെങ്കിലും പുതിയ പെയിന്റില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പദ്ധതിയുടെ ഭാഗമാക്കാനാണ് ഡെല്‍ഹി പോലീസ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. മോട്ടോര്‍ബൈക്കിലെ ജിപിഎസ് സംവിധാനം കേന്ദ്ര, ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിരിക്കും

വനിതാ പോലീസുകാര്‍ക്കു മാത്രമല്ല, അവരുടെ മോട്ടോര്‍ ബൈക്കിലും നിരവധി ഹൈ-ടെക് സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിപിഎസ്, എല്‍ഇഡി ഫഌഷര്‍, ബാറ്റണ്‍ ഹോള്‍ഡര്‍, സ്റ്റോറേജ് ബോക്‌സുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനത്തോടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് അറുതി വരുത്താനാണ് പോലീസിന്റെ ശ്രമം. മുമ്പ് ‘പരാക്രം ‘ എന്ന പേരില്‍ കമാന്‍ഡോ വാന്‍ ആവിഷ്‌കരിച്ചതിനുശേഷം ഡെല്‍ഹി പോലീസ് നടപ്പിലാക്കുന്ന രണ്ടാമത്തെ പദ്ധതിയാണ് രഫ്താര്‍.

അക്രമണങ്ങള്‍ കുറയുന്നില്ല

ഡെല്‍ഹിയിലെ ഓരോ മുക്കിലും മൂലയിലും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡെല്‍ഹി പോലീസിന്റെ പുതിയ പദ്ധതി. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രധാനമായും പിടിച്ചുപറി, പീഡനം എന്നിവയാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്‌റ്റോബര്‍ 31 വരെ 7371 പിടിച്ചു കേസുകളും 2500 മോഷണക്കേസുകളും 3000ത്തോളം പീഡനക്കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതെല്ലാം കണക്കില്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മാത്രം. ഇതിലും എത്രയോ ഇരട്ടിയാവാം പുറം ലോകം അറിയാതെ പോകുന്ന കേസുകള്‍. രാജ്യം എത്ര പുരോഗമിച്ചുവെന്നു പറഞ്ഞാലും ഇന്നും പോലീസിലും കേസിനുമൊന്നും പോകാതെ ഭയപ്പെട്ടു പിന്‍വാങ്ങുന്ന ഒരുപാട് സ്ത്രീകള്‍ നമുക്കിടയിലുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

രഫ്താറില്‍ 60% വനിതകള്‍

പുതിയ പദ്ധതിയുടെ ഭാഗമായി രഫ്താറിലെ മുഴുവന്‍ അംഗങ്ങളെയും വനിതകളാക്കാനായിരുന്നു ഡെല്‍ഹി പോലീസ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സേനയില്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള വനിതകള്‍ കുറവാണ്. ഇതുകാരണം പുതിയ മോട്ടോര്‍ബൈക്ക് സ്‌ക്വാഡിലെ വനിതകളെ 60 ശതമാനമാക്കി നിജപ്പെടുത്താന്‍ ഇടയാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ സ്‌ക്വാഡിനുള്ള പരിശീനത്തിന്റെ ഭാഗമായി അതിവേഗ മോട്ടോര്‍സൈക്കിള്‍ റൈഡിംഗില്‍ ഏകദേശം ഇരുനൂറില്‍പ്പരം വനിതകള്‍ ഇതിനോടകം പരിശീലനം പൂര്‍ത്തിയാക്കികഴിഞ്ഞു.

ആകെയുള്ള 191 പോലീസ് സ്‌റ്റേഷനുകളില്‍ ഒരോ സ്‌റ്റേഷനിലും കുറഞ്ഞത് മൂന്നു മോട്ടോര്‍ സൈക്കിളെങ്കിലും പുതിയ പെയിന്റില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പദ്ധതിയുടെ ഭാഗമാക്കാനാണ് ഡെല്‍ഹി പോലീസ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. മോട്ടോര്‍ബൈക്കിലെ ജിപിഎസ് സംവിധാനം കേന്ദ്ര, ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിരിക്കും. ബൈക്ക് റൈഡറുടെ യാത്ര നിരീക്ഷിക്കാനും അവര്‍ നിര്‍ദിഷ്ട ദൂരപരിധി പിന്നിട്ട് മറ്റു വഴികളില്‍ യാത്ര ചെയ്താല്‍ അലര്‍ട്ട് നല്‍കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അടുത്തമാസം മോട്ടോര്‍സൈക്കിള്‍ സ്‌ക്വാഡിന്റെ ആദ്യ വിഭാഗം പുറത്തിറങ്ങിയാല്‍, പുതിയ മോട്ടോര്‍സൈക്കിളുകളും അത്യാധുനിക ഗാഡ്ജറ്റുകളും ഏറ്റെടുക്കാന്‍ ഡെല്‍ഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കാനാണ് നീക്കം.

Comments

comments

Categories: FK Special, Slider