തൊഴില്‍ശക്തിയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം: ഇവാന്‍ക ട്രംപ്

തൊഴില്‍ശക്തിയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം: ഇവാന്‍ക ട്രംപ്

അമേരിക്കയെപ്പോലുള്ള വികസിത രാജ്യങ്ങള്‍പോലും ലിംഗ അസമത്വത്തോട് മല്ലിടുന്നു

ഹൈദരാബാദ്: ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലെ തൊഴില്‍ശക്തിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപ്. ലിംഗ സമത്വത്തിന് ഇത് അനിവാര്യമാണെന്നും ഇവാന്‍ക അഭിപ്രായപ്പെട്ടു.

അമേരിക്കയെപ്പോലുള്ള വികസിത രാജ്യങ്ങള്‍പോലും ലിംഗ അസമത്വത്തോട് മല്ലിടുന്നുണ്ട്. യുഎസിലെ മൊത്തം എന്‍ജിനീയര്‍മാരില്‍ 13 ശതമാനവും കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫഷണലുകളില്‍ 24 ശതമാനവും മാത്രമാണ് വനിതകളുള്ളതെന്ന് ഇവാന്‍ക പറഞ്ഞു. ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടി(ജിഇഎസ്)യുടെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘നല്ല പരിശീലനം ലഭിച്ച വരും തലമുറയെ ഉറപ്പുവരുത്തുന്നതിന് അമേരിക്ക നൈപുണ്യ പരിശീലനത്തിലും തൊഴില്‍ശക്തി വികസനത്തിലും നിരവധി കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഇവാന്‍ക വ്യക്തമാക്കി.
ഇന്ത്യയിലെ ഗ്രാമീണ വനിതകള്‍ക്കും അടിസ്ഥാനാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട കുട്ടികള്‍ക്കും നൈപുണ്യ പരിശീലനം നല്‍കുന്നതിന് ഐസിഐസിഐ ബാങ്ക് വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നതായി ഇവാന്‍കയുടെ വാക്കുകളെ അനുകൂലിച്ചുകൊണ്ട് ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ ചന്ദ കൊച്ചാര്‍ പറഞ്ഞു. എല്ലാ വര്‍ഷവും ബാങ്കിന്റെ 24 നഗര, ഉപ നഗര കേന്ദ്രങ്ങളിലൂടെ 100,000 യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. പരിശീലനം നേടിയവരില്‍ 55 ശതമാനം സ്ത്രീകളാണ്. 100 മില്ല്യണ്‍ സ്വയംസഹായ സംഘങ്ങളിലൂടെ തൊഴില്‍ രംഗത്തെ സ്ത്രീശക്തിയുടെ കാര്യത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട ഇടപെടലാണ് ഇന്ത്യ നടത്തുന്നതെന്നും കൊച്ചാര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീ സൗഹൃദ തൊഴില്‍ സാഹചര്യത്തിനും ലിംഗ സമത്വത്തിനും വേണ്ട വിവിധ നടപടികള്‍ തന്റെ കമ്പനി സ്വീകരിക്കുന്നുണ്ടെന്ന് എംഎന്‍സി ഡെല്‍ ഇഎംസിയുടെ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ കരെന്‍ ക്വിന്റോസും പറഞ്ഞു. ബിരുദധാരികളായ സ്ത്രീകളെ തൊഴില്‍ശക്തിയിലേക്ക് കൂടുതലായി ഉള്‍പ്പെടുത്തണമെന്ന് ചര്‍ച്ചയില്‍ സംസാരിക്കവെ ചെറി ബ്ലെയര്‍ ഫൗണ്ടേഷന്‍ ഫോര്‍ വിമെന്‍ സ്ഥാപക ബ്ലയര്‍ നിര്‍ദേശിച്ചു.

Comments

comments

Categories: More