യുഎസ് സ്ഥാപനങ്ങളോട് യുഎഇ വ്യോമയാന രംഗത്തിന് ഏറെ പ്രിയം

യുഎസ് സ്ഥാപനങ്ങളോട് യുഎഇ വ്യോമയാന രംഗത്തിന് ഏറെ പ്രിയം

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ 150 ബില്യണ്‍ ഡോളറിനു മുകളില്‍ മൂല്യമുള്ള ഡീലുകളാണ് യുഎഇ ഉപഭോക്താക്കള്‍ ബോയിംഗുമായി നടത്തിയെന്നും

അബുദാബി: യുഎഇ വ്യോമയാന രംഗത്തിന് പ്രിയപ്പെട്ട വിതരണക്കാരാണ് യുഎസ് സ്ഥാപനങ്ങളെന്ന് യുഎസിലെ യുഎഇ സ്ഥാനപതി യൂസഫ് അല്‍ ഒടൈബ. വാണിജ്യ- സൈനിക വ്യോമയാന ആവശ്യങ്ങള്‍ക്കായി 44 ബില്യണ്‍ ഡോളറിന്റെ പുതിയ ഓര്‍ഡറുകളാണ് അടുത്തിടെ നടന്ന ദുബായ് എയര്‍ഷോയില്‍ നല്‍കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ കമ്പനികളും യുഎഇ ഉപഭോക്താക്കളുമായുള്ള വാണിജ്യ കരാറുകള്‍ അമേരിക്കന്‍ തൊഴിലവസരങ്ങളെയും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

40 ബോയിംഗ് 787 -10 ഡ്രീംലൈനര്‍ വിമാനങ്ങള്‍ക്കായി എമിറേറ്റ്‌സ് നല്‍കിയ 15.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓര്‍ഡറാണ് എയര്‍ഷോയില്‍ ഏറ്റവും ശ്രദ്ധേയമായ ഡീലുകളില്‍ ഒന്ന്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സിന്റെ കണക്കുകള്‍ പ്രകാരം, ഈ ഓര്‍ഡര്‍മാത്രം 78, 000 അമേരിക്കന്‍ തൊഴിലുകളെ പിന്തുണയ്ക്കും. എമിറേറ്റ്‌സില്‍ നിന്നും എ380 വിമാനങ്ങളുടെ അധിക ഓര്‍ഡറുകള്‍ ലഭിക്കുന്നതില്‍ പരാജയപ്പെട്ട ബോയിംഗിന്റെ സുപ്രധാന എതിരാളികളായ എയര്‍ബസിനേറ്റ തിരിച്ചടിയായാണ് ഈ ഡീല്‍ വിലയിരുത്തപ്പെട്ടത്. എന്നാല്‍, വര്‍ഷാവസാനത്തോടെ കരാറിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് എയര്‍ബസ് ഇപ്പോഴും പ്രതീക്ഷിക്കുന്നു.

യുഎഇ വിമാനക്കമ്പനികള്‍ ബോയിംഗില്‍ വിശ്വാസമര്‍പ്പിക്കുന്നതായി അല്‍ ഒടൈബ പറയുന്നു

ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സിനു അമേരിക്കയുടെ ബോയിംഗുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. 777 വിമാനങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പറേറ്റര്‍മാരാണ് എമിറേറ്റ്‌സ്. 200 ബോയിംഗ് 777 എക്‌സ് വിമാനങ്ങള്‍ വാങ്ങുന്നതിനായി 2013ല്‍ എമേറേറ്റ്‌സ് തീരുമാനിച്ചിരുന്നു. യുഎസ് വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ എയര്‍പ്ലെയ്ന്‍ ഓര്‍ഡറാണ് അന്ന് എമിറേറ്റ്‌സ് പ്രഖ്യാപിച്ചത്. നിലവില്‍ ബോയിംഗ് എമിറേറ്റ്‌സിന് 329 വിമാനങ്ങളാണ് വിതരണം ചെയ്തിട്ടുള്ളത്.

എയര്‍ഷോയുടെ ആദ്യദിവസം തന്നെ 15.1 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഏര്‍പ്പെട്ട ബോയിംഗിന് അടുത്ത ദിവസങ്ങളില്‍ 225 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ കൂടി കിട്ടി. 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങാന്‍ ഫ്‌ളൈ ദുബായ് ആണ് 27 ബില്യണ്‍ ഡോളറന്റെ ഇടപാട് നടത്തിയത്. ബോയിംഗ് 737ന്റെ 361 ഓര്‍ഡറുകളാണ് ഫ്‌ളൈദുബായ് നല്‍കിയിട്ടുള്ളത്. ഇതില്‍ 63 എണ്ണം ഡെലിവര്‍ ചെയ്തു.

യുഎഇ വിമാനക്കമ്പനികള്‍ ബോയിംഗില്‍ വിശ്വാസമര്‍പ്പിക്കുന്നതായി അല്‍ ഒടൈബ പറയുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ 150 ബില്യണ്‍ ഡോളറിനു മുകളില്‍ മൂല്യമുള്ള ഡീലുകളാണ് യുഎഇ ഉപഭോക്താക്കള്‍ ബോയിംഗുമായി നടത്തിയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് നിര്‍മാതാക്കളുമായുള്ള പങ്കാളിത്തത്തില്‍ യുഎഇ സന്തുഷ്ടരാണെന്നും അല്‍ ഒടൈബ വ്യക്തമാക്കി.

Comments

comments

Categories: Arabia