സ്റ്റീല്‍ വ്യവസായത്തിന് ഏറ്റവും അനുകൂലാന്തരീക്ഷം ഇന്ത്യയില്‍: മൂഡീസ്

സ്റ്റീല്‍ വ്യവസായത്തിന് ഏറ്റവും അനുകൂലാന്തരീക്ഷം ഇന്ത്യയില്‍: മൂഡീസ്

ചൈനയില്‍ തുടര്‍ന്നും സ്റ്റീല്‍ ഉല്‍പ്പാദന ശേഷി കുറയും

ന്യൂഡെല്‍ഹി: ഏഷ്യയിലെ സ്റ്റീല്‍ ഉല്‍പ്പാദക രാജ്യങ്ങളില്‍ ഇന്ത്യയിലെ പ്രവര്‍ത്തന സാഹചര്യം ഏറ്റവും പ്രോല്‍സാഹനജനകമായി തുടരുന്നുവെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുകയറുന്നുണ്ടെങ്കിലും ആഭ്യന്തര തലത്തില്‍ സ്റ്റീല്‍ ആവശ്യകതയിലുള്ള വര്‍ധനയും സംരക്ഷണ നടപടികളും ഇന്ത്യയില്‍ അനുകൂലാന്തരീക്ഷമൊരുക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍. ഏഷ്യന്‍ സ്റ്റീല്‍ ഔട്ട്‌ലുക്ക്-2018 റിപ്പോര്‍ട്ടിലാണ് മൂഡീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ശേഷി വര്‍ധിപ്പിച്ചതിലൂടെ ടാറ്റ സ്റ്റീലിന്റെ വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നും ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ വരുമാനം സുസ്ഥിരമായി തുടരുമെന്നും മൂഡീസ് നിരീക്ഷിച്ചിട്ടുണ്ട്. മൂഡീസ് റേറ്റിംഗ് നല്‍കിയിട്ടുള്ള ഏഷ്യയിലെ സ്റ്റീല്‍ കമ്പനികളുടെ നേട്ടവും 2018ല്‍ സുസ്ഥിരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് വലയിരുത്തുന്നത്. അതേസമയം, ചൈനയില്‍ തുടര്‍ന്നും സ്റ്റീല്‍ ഉല്‍പ്പാദന ശേഷി കുറയുമെന്ന നിരീക്ഷണമാണ് മൂഡീസ് പങ്കുവെച്ചിട്ടുള്ളത്. സപ്ലൈ വിഭാഗത്തില്‍ ചൈനീസ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള പരിഷ്‌കരണങ്ങളും പരിസ്ഥിതി സംരക്ഷണ നടപടികളുമാണ് ഇതിനുകാരണമായി മൂഡീസ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഏഷ്യയിലെ സ്റ്റീല്‍ കമ്പനികളുടെ കാഴ്ചപ്പാടില്‍ ഏറ്റവും വലിയ സ്റ്റീല്‍ ഉപഭോക്താവും നിര്‍മാതാവുമാണ് ചൈന. എന്നാല്‍ ചൈനയിലെ റിയല്‍റ്റി മേഖലയില്‍ ഉണ്ടായേക്കാവുന്ന മാന്ദ്യം അടുത്ത ഒരു വര്‍ഷത്തേക്ക് മൊത്തം ആവശ്യകതയിലും വ്യവാസായത്തിന്റെ സാമ്പത്തികാവസ്ഥയിലും പരിമിതമായ സ്വാധീനം മാത്രമേ ഉണ്ടാക്കുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories