സാമ്പത്തിക സേവന ബിസിനസില്‍ 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പേടിഎം

സാമ്പത്തിക സേവന ബിസിനസില്‍ 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പേടിഎം

രജിസ്റ്റര്‍ ചെയ്ത 28 കോടി ഉപയോക്താക്കളാണ് പേടിഎമ്മിനുള്ളത്

ന്യൂഡെല്‍ഹി: തങ്ങളുടെ സാമ്പത്തിക സേവന ബിസിനസില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 18,000-20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രമുഖ ഇ-വാലറ്റ് കമ്പനിയായ പേടിഎം. ‘ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ പേമെന്റ്, സാമ്പത്തിക സേവന ബിസിനസുകളില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 5,000 കോടി രൂപ കൂടി നിക്ഷേപം നടത്തും. പേമെന്റ്‌സ്,സാമ്പത്തിക സേവനങ്ങള്‍, ഇ-കൊമേഴ്‌സ് ബിസിനസുകളിലായി മൊത്തത്തില്‍ 18,000-20,000 കോടി രൂപയുടെ നിക്ഷേപം നടത്തും’, പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. പേടിഎം പേമെന്റ്‌സ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 1,700 കോടി രൂപയുടെ നിക്ഷേപം കമ്പനി ഇതിനകം നടത്തിയിട്ടുണ്ട്. 2016 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 1534 കോടി രൂപയുടെ അറ്റ നഷ്ടമാണ് പേടിഎം രേഖപ്പെടുത്തിയിരുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 312 ശതമാനം ഉയര്‍ച്ചയായിരുന്നുവിതെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ കമ്പനി വ്യക്തമാക്കുന്നു. 2015 സാമ്പത്തിക വര്‍ഷത്തില്‍ 372 കോടി രൂപയുടെ അറ്റ നഷ്ടമാണ് പേടിഎമ്മിനുണ്ടായത്. എന്നാല്‍ നോട്ട് അസാധുവാക്കല്‍ നയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് വലിയ മുന്നേറ്റം നല്‍കിയിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്ത 28 കോടി ഉപയോക്താക്കളാണ് തങ്ങള്‍ക്കുള്ളതെന്നാണ് കമ്പനിയുടെ അവകാശവാദം.ഇതില്‍ 18 കോടി പേര്‍ വാലറ്റ് ഉപയോക്താക്കളാണ്. 2018 സാമ്പത്തിക വര്‍ഷത്തില്‍ ഇടപാട് മൂല്യം 1 ലക്ഷം കോടി രൂപയാകുമെന്നും നിലവിലെ വ്യാപാര അടിത്തറ വളര്‍ച്ച 50,000ത്തില്‍ നിന്ന് 60,000 ആകുമെന്നുമാണ് പേടിഎം പ്രതീക്ഷിക്കുന്നത്. സീറോ ഫീ-എക്കൗണ്ട് (കുറഞ്ഞ ബാലന്‍സ് ആവശ്യമില്ലാത്ത എക്കൗണ്ട്), സൗജന്യ ഐഎംപിഎസ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, യുപിഐ ഇടപാടുകള്‍, ഇന്ത്യയിലുടനീളം 1 ലക്ഷത്തിലധികം പേടിഎം എടിഎമ്മുകളിലേക്കുള്ള പ്രവേശനം എന്നിവ പേടിഎം പേമെന്റ്‌സ് ബാങ്കിന്റെ എക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്ക് ലഭ്യമാക്കും. കെവൈസി (നോ-യുവര്‍-കസ്റ്റമര്‍) പ്രവര്‍ത്തനങ്ങള്‍ക്കായി 500 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ശര്‍മ പറഞ്ഞു. പയോക്താക്കള്‍ക്ക് കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാനും പേമെന്റ്‌സ് ബാങ്കിന്റെ എക്കൗണ്ടുകള്‍ക്ക് അര്‍ഹത നേടാനും രാജ്യത്തുടനീളം കെവൈസി സെന്ററുകള്‍ സ്ഥാപിക്കും.

Comments

comments

Categories: Business & Economy

Related Articles