ഓഹരി വ്യാപാര ലാഭത്തില്‍ മുന്നേറ്റമുണ്ടാക്കി എല്‍ഐസി

ഓഹരി വ്യാപാര ലാഭത്തില്‍ മുന്നേറ്റമുണ്ടാക്കി എല്‍ഐസി

2016 ഏപ്രില്‍- സെപ്റ്റംബര്‍ കാലയളവിലെ 10,900 കോടി രൂപയുടെ ഓഹരി വ്യാപാര ലാഭത്തില്‍ നിന്ന് 23.8 ശതമാനം വര്‍ധന എല്‍ഐസി കൈവരിച്ചു

മുംബൈ: ഓഹരി വില്‍പ്പന ലാഭം നേടിയെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). ട്രേഡിംഗ് ഷെയറുകളുടെ വ്യാപാരത്തിലൂടെയാണ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 13,500 കോടിയോളം രൂപയുടെ ലാഭം കമ്പനി സ്വന്തമാക്കിയത്. 2016 ഏപ്രില്‍- സെപ്റ്റംബര്‍ കാലയളവിലെ 10,900 കോടി രൂപയുടെ ഓഹരി വ്യാപാര ലാഭത്തില്‍ നിന്ന് 23.8 ശതമാനം വര്‍ധന എല്‍ഐസി കൈവരിച്ചു.

ധനകാര്യ വര്‍ഷം ആരംഭിച്ച ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്ഇ കൈവരിച്ചത് 13.5 ശതമാനം നേട്ടമാണ്. ജിഎസ്ടി ഘടനയിലേക്കുള്ള മാറ്റത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും കോര്‍പ്പറേറ്റ് വരുമാന വളര്‍ച്ച വൈകിയതുമെല്ലാം അവഗണിച്ച് ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയില്‍ നിക്ഷേപകര്‍ പ്രതീക്ഷയര്‍പ്പിച്ചതാണ് ഇതിന് കാരണം. കുടുംബങ്ങള്‍ തങ്ങളുടെ സമ്പാദ്യം സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, ഡൊമസ്റ്റിക് മ്യൂച്വല്‍ ഫണ്ട്‌സ് തുടങ്ങിയ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നും ഇക്വിറ്റികള്‍, ബോണ്ടുകള്‍, ഡെപ്പോസിറ്റുകള്‍ എന്നിങ്ങനെയുള്ള ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റുകളിലേക്ക് മാറ്റി. അതോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏപ്രില്‍- സെപ്റ്റംബര്‍ കാലയളവില്‍ 61559 കോടി രൂപ ഇന്ത്യന്‍ ഓഹരികളില്‍ ഒഴുക്കുകയും ചെയ്തു.

ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്ഇ  കൈവരിച്ചത് 13.5 ശതമാനം നേട്ടമാണ്‌

മാര്‍ച്ചിലെ 4.82 ട്രില്ല്യണ്‍ രൂപയില്‍ നിന്നും സെപ്റ്റംബര്‍ അവസാനമാകുമ്പോഴേക്കും 5.02 ടില്ല്യണ്‍ രൂപയിലേക്ക് എല്‍ഐസിയുടെ ഓഹരി മൂല്യം ഉയര്‍ന്നെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ആകെ ഇക്വിറ്റി നിക്ഷേപത്തിന്റെ 60 ശതമാനത്തോളം വരുമിത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പ്രീമിയം കളക്ഷനില്‍ ആരോഗ്യകരമായ ഉയര്‍ച്ചയ്ക്ക് എല്‍ഐസി സാക്ഷ്യം വഹിച്ചുവെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അവസാന പാദത്തില്‍ പുതിയ ബിസിനസ് പ്രീമിയം കളക്ഷന്‍ 26 ശതമാനമെങ്കിലും വര്‍ധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. വിപണി ഉയര്‍ച്ചയുടെ പാതയിലാണെന്നും കൂടുതല്‍ ലാഭത്തിലെത്താന്‍ ഇത് എല്‍ഐസിയെ പ്രാപ്തരാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy