മൈതിബ് രാജകുമാരനെ സൗദി സ്വതന്ത്രനാക്കി

മൈതിബ് രാജകുമാരനെ സൗദി സ്വതന്ത്രനാക്കി

അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി 200ഓളം പേരെയാണ് സൗദി അറസ്റ്റ് ചെയ്തത്

റിയാദ്: സൗദി അറേബ്യയില്‍ അഴിമതി വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി അറസ്റ്റിലായവരില്‍ ഏറ്റവും പ്രമുഖനായ മൈതിബ് ബിന്‍ അബ്ദുള്ള രാജകുമാരനെ സ്വതന്ത്രനാക്കിയെന്നു റിപ്പോര്‍ട്ട്. ഒരു ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന ഉറപ്പിലാണ് മോചനമെന്ന് ആന്റി ഗ്രാഫ്റ്റ് കാംപെയ്‌നില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സല്‍മാന്‍ രാജാവിന് മുമ്പ് സൗദി ഭരിച്ചിരുന്ന അബ്ദുള്ള രാജാവിന്റെ മകനായ മൈതിബ് രാജകുമാരന്‍ കഴിഞ്ഞ ദിവസം മോചിതനായി എന്ന് വിഷയം ചര്‍ച്ച ചെയ്യവേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഒരു ബില്യണ്‍ ഡോളര്‍ എന്നാല്‍ ഏതാണ്ട് 6,440 കോടി ഇന്ത്യന്‍ രൂപ മൂല്യം വരും. ഈ തുക നല്‍കുക മാത്രമല്ല, മൈതിബ് കുറ്റസമ്മതവും നടത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാസം ആദ്യം വരെ സൗദി നാഷണല്‍ ഗാര്‍ഡിന്റെ തലവനായിരുന്നു മൈതിബ് രാജകുമാരന്‍. മോചനവുമായി ബന്ധപ്പെട്ട് മൈതിബിന്റെ പ്രതികരണം ഉടനെ ലഭിക്കാന്‍ സാധ്യതയില്ല.

ചുരുങ്ങിയത് മൂന്നു പേരുടെയെങ്കിലും ഒത്തുതീര്‍പ്പു കരാറുകള്‍ക്ക് ഇത്തരത്തില്‍ അന്തിമ രൂപം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. മറ്റുചില വ്യക്തികളെ കൂടി മോചിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ചുരുങ്ങിയത് അഞ്ചു പേരുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന്‍മേലും ഒത്തു തീര്‍പ്പുകള്‍ അംഗീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിലും പൂര്‍ണാധികാരം പബ്ലിക് പ്രോസിക്യൂട്ടര്‍ക്കാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കുറ്റവാളികളെ കോടതിക്കു മുന്നില്‍ ഹാജരാക്കണമോയെന്നു തീരുമാനിക്കുന്നതും അദ്ദേഹമായിരിക്കുമെന്ന് ഇവര്‍ പറയുന്നു.

ഈ മാസം ആദ്യം വരെ സൗദി നാഷണല്‍ ഗാര്‍ഡിന്റെ തലവനായിരുന്നു മൈതിബ് രാജകുമാരന്‍

ലോകത്തെ ആകെ ഞെട്ടിപ്പിച്ച സൗദിയിലെ അഴിമതി വിരുദ്ധ സമിതിയുടെ ഈ വിഷയത്തിലെ നിലപാട് അയയുന്നു എന്നാണ് രാജകുമാരന്റെ മോചനത്തില്‍ നിന്ന് വ്യക്തമാകുന്നത്. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും തങ്ങളുടെ മോചനത്തിനായി നിയമവിരുദ്ധമായി സ്വന്തമാക്കിയ പണം തിരിച്ചു നല്‍കാമെന്നു സമ്മതിച്ചതായി സൗദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ ഒത്തുതീര്‍പ്പുകളില്‍ നിന്നായി 100 ബില്യണ്‍ ഡോളറോളം ഭരണകൂടത്തിന് തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നും രാജകുമാരന്‍ വ്യക്തമാക്കി.

അറസ്റ്റിലായവരെ രാജ്യത്തെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ലോക സമ്പന്നരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാലും രാജാവിന്റെ അനന്തരവനും കോടീശ്വരനുമായ മൊഹമ്മദ് അല്‍ അമൗദിയും ഉള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കുറ്റക്കാരെന്നു സംശയിക്കുന്നവര്‍ക്ക് ഈ മാസം നിയമ സഹായം ലഭ്യമാക്കുമെന്ന് സൗദി അറേബ്യ അറ്റോണി ജനറല്‍ ഷെയ്ഖ് സൗദ് അല്‍ മൊജീബ് വ്യക്തമാക്കിയിട്ടുണ്ട്. കേസുകളുടെ വിശദാംശങ്ങള്‍ പുറത്തു വിടാനോ, കുറ്റാരോപിതര്‍ക്ക് അവരുടെ അഭിഭാഷകരെ കാണാനോ അദ്ദേഹത്തിന്റെ ഓഫീസ് ഇതുവരെ അനുമതി നല്‍കിയിരുന്നില്ല. മൊഹമ്മദ് ബിന്‍ സല്‍മാന്റെ ആപല്‍ക്കരമായ ആഭ്യന്തര തന്ത്രങ്ങള്‍ വിജയിക്കുമെന്നു തങ്ങള്‍ വിശ്വസിക്കുന്നതായി ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആലിഫ് അഡൈ്വസറിയുടെ സ്ഥാപകന്‍ ഹാനി സാബ്രയും വ്യക്തമാക്കിയിട്ടുണ്ട്.

പുതുതായി രൂപീകരിക്കപ്പെട്ട അഴിമതി വിരുദ്ധ കമ്മീഷന്റെ അധ്യക്ഷനായി അടുത്ത കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റതിന് പിറകേയാണ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടായത്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന വിവിധ അഴിമതികളില്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന് തുടര്‍ച്ചയായിരുന്നു രാജകുമാരന്മാരുടെ അറസ്റ്റ്.

Comments

comments

Categories: Arabia