എസ്സെല്‍ ഹൈവേസിനുള്ള  ധനസഹായം ഗോള്‍ഡ്മാന്‍ സാച്ച്‌സ് മരവിപ്പിച്ചു

എസ്സെല്‍ ഹൈവേസിനുള്ള  ധനസഹായം ഗോള്‍ഡ്മാന്‍ സാച്ച്‌സ് മരവിപ്പിച്ചു

220 മില്ല്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതിയുടെ രണ്ടാം ഗഡുവാണ് തല്‍ക്കാലം നല്‍കേണ്ടെന്നുവെച്ചത്

മുംബൈ: എസ്സെല്‍ ഹൈവേസിനു വാഗ്ദാനം ചെയ്ത 220 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം മരവിപ്പിച്ച് ഗോള്‍ഡ്മാന്‍ സാച്ച്‌സ്. പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയില്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് തൃപ്തരല്ല എന്ന്് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

എസ്സെല്‍ ഹൈവേസിനു ആകെ 220 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കാമെന്നാണ് ഒരു വര്‍ഷം മുന്‍പ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് സമ്മതിച്ചിരുന്നത്. അതില്‍ 85 മില്ല്യണ്‍ ഡോളര്‍ 2016 ഓഗസ്റ്റില്‍ കൈമാറിയിരുന്നു. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ചില ലക്ഷ്യങ്ങള്‍ നേടിയാല്‍ മാത്രമേ ശേഷിക്കുന്ന തുക നല്‍കുകയുള്ളുവെന്നായിരുന്നു നിബന്ധന. എന്നാല്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് മുന്നില്‍വച്ച ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല.
ഭാവി പദ്ധതികളുടെ ലേലത്തില്‍ നിന്ന് നാഷണല്‍ ഹൈവേ അതോറിറ്റി വിലക്കിയ ഡെവലപ്പര്‍മാരുടെ പട്ടികയില്‍ എസ്സെല്‍ ഇന്‍ഫ്രാ പ്രൊജക്റ്റ്‌സും ഉള്‍പ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ലിസ്റ്റ് പുറത്തുവന്നതിനു ശേഷം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പുരോഗതി വിലയിരുത്താനും ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. കമ്പനിക്ക് കൈമാറിയ ആദ്യ ഗഡുവില്‍ നിന്ന് പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് അവര്‍ വിലയിരുത്തി.

പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയില്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് തൃപ്തരല്ല

ഇതുമായി ബന്ധപ്പെട്ട് എസ്സെല്‍ വിശദീകരണം നല്‍കുന്നതു വരെ ഗോള്‍ഡ്മാന്‍ സാച്ച്‌സ് രണ്ടാം ഗഡു നല്‍കുന്നത് വൈകിപ്പിച്ചു. വിശദീകരണം നല്‍കി എസ്സെല്‍ രണ്ടു കത്തുകളയച്ചെങ്കിലും ഫലമുണ്ടായില്ല.
കമ്പനി ഒന്നിലധികം നിക്ഷേപ സമാഹരണ അവസരങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും പലിശ നിരക്കും മറ്റു ഘടകങ്ങളും അടിസ്ഥാനമാക്കി ഗോള്‍ഡ്മാന്‍ സാച്ച്‌സില്‍ നിന്നുള്ള രണ്ടാമത്തെ ഗഡു സ്വീകരിക്കണമോയെന്നു തീരുമാനിക്കുമെന്നും എസ്സെല്‍ ഇന്‍ഫ്രാ പ്രൊജക്റ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് തയാറായിട്ടില്ല.

2007ല്‍ സ്ഥാപിതമായ എസ്സെല്‍ ഹൈവേസിന് അവരുടെ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം 10,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ ഉണ്ട്. കമ്പനിയുടെ 14 പദ്ധതികളില്‍ പൂര്‍ത്തിയായ എട്ട് സംസ്ഥാന ഹൈവേകളും രണ്ട് നാഷണല്‍ ഹൈവേകളുമുള്‍പ്പെടും. ആറ് സംസ്ഥാനങ്ങളിലെ 4,400 കിലോമീറ്റര്‍ വരുന്നതാണ് ഈ 10 പ്രൊജക്റ്റുകള്‍. അവശേഷിക്കുന്ന മൂന്ന് നാഷണല്‍ ഹൈവേ പ്രൊജക്റ്റുകളുടെയും ഒരു സ്റ്റേറ്റ് ഹൈവേ പ്രൊജക്റ്റിന്റെയും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല.

Comments

comments

Categories: Business & Economy