തകേഷിയുടെ കോട്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി ടെലിവിഷനിലേക്ക് തിരികെയെത്തുന്നു

തകേഷിയുടെ കോട്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി ടെലിവിഷനിലേക്ക് തിരികെയെത്തുന്നു

ജപ്പാനീസ് ഗെയിംഷോ ആയ തകേഷീസ് കാസില്‍ 1990ല്‍ ആണ് അവസാനമായി സൗദി ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്തത്

റിയാദ്: ജാപ്പനീസ് ഗെയിംഷോ ആയ തകേഷീസ് കാസില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നു. സൗദി സ്‌പോര്‍ട്‌സ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഇതിന്റെ സൗദി പകര്‍പ്പ് ആയിരിക്കും സംപ്രേഷണത്തിനെത്തിക്കുന്നത്. ഷോയുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ക്കുള്ള പദ്ധതികള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. 50ഓളം തടസങ്ങള്‍ ഒരുക്കിവച്ചിട്ടുള്ള അറബ് രീതിയില്‍ നിര്‍മിക്കുന്ന കോട്ട 10 മാസത്തിനകം തയാറാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.

റിയാദില്‍ തയാറാക്കുന്ന ഈ കോട്ടയ്ക്ക് മൂന്ന് ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുണ്ടാകും. വാരാന്ത പരിപാടിയായി അവതരിപ്പിക്കുന്ന ഷോയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് മുന്നില്‍ വിവിധങ്ങളായ വെല്ലുവിളികളായിരിക്കും നിരത്തിയിരിക്കുന്നത്. ഓരോ ആഴ്ചയിലും ഇവയും സമ്മാനങ്ങളും മാറിക്കൊണ്ടിരിക്കുകയും ചെയ്യും. 13 ആഴ്ചയോളം ആയിരിക്കും ഷോ നീണ്ടുനില്‍ക്കുന്നത്.

ടോക്കിയോ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റവും ജിഎസ്എയും സംയോജിതമായി നടപ്പിലാക്കുന്ന കരാറിന് ശേഷമായിരിക്കും ഷോ സൗദി ടെലിവിഷനില്‍ എത്തുന്നത്. പുതിയ സൗദി വകഭേദത്തിലൂടെ തകേഷി തിരിച്ച് വരവിന് ഒരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് ജിഎസ്എ ഡയറക്റ്റര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി അല്‍ ഷെയ്ഖ പറഞ്ഞു.

സൗദി ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നത് പരിപാടിയെ കൂടുതല്‍ പ്രശസ്തമാക്കും. സൗദി നടപ്പാക്കുന്ന പരിഷകരണ പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായാണ് ഷോ സൗദി ടെലിവിഷനില്‍ എത്തുന്നത്.

സൗദിയിലെ എല്ലാവിധ കായിക വിനോദങ്ങളെയും ഉയര്‍ത്തിക്കൊണ്ട് വരുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായികപരമായ ജീവിതശൈലിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ഇത്തരം ഷോയിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഈ വര്‍ഷം മാര്‍ച്ചില്‍ സൗദി രാജാവ് സല്‍മാന്റെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ സൗദി-ജപ്പാന്‍ വിഷന്‍ 2030 പദ്ധതിക്ക് തുടക്കമിട്ടിരുന്നു. വ്യാവസായിക, സാമ്പത്തിക രംഗത്തെ ഉന്നമനമാണ് ഇതുവഴി ഇരുരാജ്യങ്ങളും പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്ന് ടോക്കിയോ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം ചെയര്‍മാന്‍ ടോഷചികാ ഇഷിഹാര പറഞ്ഞു. അതിനൊപ്പം തന്നെ തങ്ങളുടെ പരിപാടിയായ തകേഷി ഷോയെ സൗദിയില്‍ എത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തകേഷി ഷോ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളയിടങ്ങളിലെല്ലാം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സൗദിയുമായി സഹകരിച്ചുള്ള പുതിയ ഷോ തകേഷിയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുമെന്നാണ് ടോക്കിയോ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും സംയോജിതമായി നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികളുടെ ഒരു തുടക്കം മാത്രമാണ് ഇത്. ഇതിന് പുറമെ വോള്‍ ബോക്‌സിംഗ് സൂപ്പര്‍ സീരീസ്, സ്‌പെയിന്‍സ് ലാ ലീഗാ, ദ ഡ്രോണ്‍ റെയ്‌സിംഗ് ലീഗ്, ദ വേള്‍ഡ് ചെസ് ഫെഡറേഷന്‍ എന്നിവയിലെല്ലാമുള്ള പങ്കാളിത്തം കഴിഞ്ഞ മാസം തന്നെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Arabia