മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപൂരം: സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഓണച്ചന്തകളുടെയും മാവേലി സ്‌റ്റോറുകളുടെയും ആശയ കേന്ദ്രം ഇ ചന്ദ്രശേഖരന്‍ നായര്‍ ആണ്. മാവേലി സ്‌റ്റോറുകള്‍ക്ക് തുടക്കം കുറിച്ചതിന്റെ പേരില്‍ കേരളത്തിന്റെ മാവേലി മന്ത്രിയായാണ് അദ്ദേഹം വാഴ്ത്തപ്പെടുന്നത്.

80ലെ മന്ത്രിസഭയില്‍ ആദ്യമായി ഭക്ഷ്യമന്ത്രിയായിരുന്നപ്പോഴാണ് ഓണച്ചന്തകള്‍ എന്ന ആശയം ചന്ദ്രശേഖരന്‍ നായര്‍ മുന്നോട്ടുവെക്കുന്നത്. സ്വന്തം ജില്ലയായ കൊല്ലത്തെ കശുവണ്ടിതൊഴിലാളികളുടെ ഓണവും ഓണക്കാലത്ത് ഇവരെ ചൂഷണം ചെയ്യുന്ന കച്ചവടക്കാരുടെ പകല്‍കൊള്ളയുമാണ് ഓണച്ചന്ത എന്ന ആശയത്തിലേക്കെത്തിച്ചതെന്ന് അദ്ദേഹം പറയുമായിരുന്നു. ഓണച്ചന്തകളുടെ വിജയമാണ് മാവേലി സ്‌റ്റോറുകളുടെ തുടക്കത്തിന് വഴിതെളിച്ചത്.

നായനാര്‍ മന്ത്രിസഭകളില്‍ മന്ത്രിയായിരുന്ന മൂന്ന് തവണയും ഭക്ഷ്യ, പൊതുവിതരണം വകുപ്പിന്റെ ചുമതലയാണ് അദ്ദേഹം വഹിച്ചത്. 96ലെ മൂന്നാം നായനാര്‍ മന്ത്രിസഭയില്‍ ഭക്ഷ്യവും പൊതുവിതരണത്തിനും പുറമേ നിയമവും വിനോദസഞ്ചാരവും കൈകാര്യം ചെയ്തു. വിനോദ സഞ്ചാര വകുപ്പ് കൈകാര്യം ചെയ്തപ്പോഴും ശ്രദ്ധേയമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷന്‍ പ്രസിഡന്റ്, റിസര്‍വ് ബാങ്കിന്റെ ക്രെഡിറ്റ് ബോര്‍ഡ് അംഗം, ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ ഡയറക്റ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഏറ്റവും നല്ല സഹകാരിക്കുള്ള സദാനന്ദന്‍ പുരസ്‌കാരവും ഏറ്റവും നല്ല പാര്‍ലമെന്റേറിയനുള്ള ആര്‍ ശങ്കരനാരായണന്‍ തമ്പി അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. എട്ടു വര്‍ഷം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന ഇദ്ദേഹം രൂപം നല്‍കിയതാണു സഹകരണ നിക്ഷേപണ സമാഹരണ പദ്ധതി.

Comments

comments

Categories: Slider, Top Stories