ഡിഎച്ച്എല്‍ ടെസ്‌ലയുടെ ഇലക്ട്രിക് സെമി ട്രക്ക് വാങ്ങും

ഡിഎച്ച്എല്‍ ടെസ്‌ലയുടെ ഇലക്ട്രിക് സെമി ട്രക്ക് വാങ്ങും

ഈ മാസം 16 നാണ് ടെസ്‌ല ഇലക്ട്രിക് സെമി ട്രക്ക് അനാവരണം ചെയ്തത്

സിയാറ്റില്‍ : കാനഡയിലെ ഏറ്റവും വലിയ ഫഌറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ഡിഎച്ച്എല്‍ ആന്‍ഡ് ഫോര്‍ട്ടിഗോ ഫ്രെയ്റ്റ് സര്‍വീസസ് ടെസ്‌ലയുടെ ഇലക്ട്രിക് സെമി ട്രക്ക് വാങ്ങും. പരിമിതമായ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന് ടെസ്‌ല സെമി ട്രക്കിന് പ്രീ-ഓര്‍ഡര്‍ നല്‍കിയതായി കമ്പനി അറിയിച്ചു. ജര്‍മ്മന്‍ പോസ്റ്റല്‍ സര്‍വീസ്, ഇന്റര്‍നാഷണല്‍ കൊറിയര്‍ സര്‍വീസ് കമ്പനിയായ ഡ്യൂഷേ പോസ്റ്റിന് കീഴിലുള്ളതാണ് ഡിഎച്ച്എല്‍ ആന്‍ഡ് ഫോര്‍ട്ടിഗോ ഫ്രെയ്റ്റ് സര്‍വീസസ്. ഈ മാസം 16 നാണ് ടെസ്‌ലയുടെ ഇലക്ട്രിക് സെമി ട്രക്ക് അനാവരണം ചെയ്തത്.

ലോജിസ്റ്റിക്‌സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉപയോക്താക്കളായ ജെ ബി ഹണ്ട്, റീട്ടെയ്ല്‍ കമ്പനി വാള്‍മാര്‍ട്ട് സ്റ്റോഴ്‌സ് എന്നിവര്‍ ടെസ്‌ല സെമി ട്രക്ക് ഇതിനകം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ട്രക്കിംഗ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയാണ് ജെ ബി ഹണ്ട്. 2019 ല്‍ സെമി ട്രക്ക് പുറത്തിറക്കാനാണ് ടെസ്‌ല തീരുമാനിച്ചിരിക്കുന്നത്.

യുഎസ്സിലെ വിവിധ കമ്പനികള്‍ക്ക് ഗതാഗത, വെയര്‍ഹൗസിംഗ്, വിതരണ സേവനങ്ങള്‍ ചെയ്തുവരുന്ന ഡിഎച്ച്എല്‍ സപ്ലൈ ചെയിന്‍ പത്ത് ട്രക്കുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാന യുഎസ് നഗരങ്ങള്‍ക്കിടയില്‍ ഷട്ടില്‍ സര്‍വീസുകള്‍ക്കും സെയിം-ഡേ ഡെലിവറികള്‍ക്കും (അതാത് ദിവസം ഡെലിവറി ചെയ്യുന്ന) ടെസ്‌ലയുടെ സെമി ട്രക്കുകള്‍ ഉപയോഗിക്കും. ട്രക്കുകളുടെ റേഞ്ചും പരിശോധിക്കപ്പെടും.

2019 ല്‍ ടെസ്‌ല ഇലക്ട്രിക് സെമി ട്രക്ക് പുറത്തിറക്കും

ഒന്റാറിയോ ആസ്ഥാനമായ ഫോര്‍ട്ടിഗോ 26,000 കനേഡിയന്‍ ഡോളര്‍ ഡൗണ്‍ പെയ്‌മെന്റ് നല്‍കിയാണ് ഒരു ടെസ്‌ല സെമി ട്രക്ക് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ബാക്കി തുക ട്രക്ക് ഡെലിവറി ചെയ്യുന്ന സമയത്ത് നല്‍കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഏലിയാസ് ഡിമാങ്കോസ് പറഞ്ഞു.

നിലവില്‍ ഇലക്ട്രിക് സെമി ട്രക്കിനായി പരിമിതമായ ഓര്‍ഡറുകള്‍ മാത്രമാണ് ടെസ്‌ലയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇലക്ട്രിക് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതായാണ് വ്യക്തമാകുന്നത്. ഇലക്ട്രിക് സെമി ട്രക്കിന് 500 മൈല്‍ (800 കിലോമീറ്റര്‍) റേഞ്ച് ലഭിക്കുമെന്ന് ടെസ്‌ല അവകാശപ്പെടുമ്പോള്‍ ഇത് ഡീസല്‍ ക്ലാസ് 8 ട്രക്കിന്റെ പകുതി മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, ടെസ്‌ല കൂടാതെ ട്രക്ക് നിര്‍മ്മാതാക്കളായ ഡയ്മ്‌ലര്‍, നവിസ്റ്റാര്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പ്, ഫോക്‌സ്‌വാഗണ്‍ കമ്പനികള്‍ ഇലക്ട്രിക് മോഡലുകള്‍ നിര്‍മ്മിക്കുന്നതിന് വന്‍ നിക്ഷേപമാണ് നടത്തുന്നത്.

Comments

comments

Categories: Auto