ബിറ്റ്‌കോയിന്‍ വിനിമയ മൂല്യം 10,000 ഡോളര്‍ കടന്നു

ബിറ്റ്‌കോയിന്‍ വിനിമയ മൂല്യം 10,000 ഡോളര്‍ കടന്നു

സാമ്പത്തിക മുഖ്യധാരയില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്

ന്യൂയോര്‍ക്ക്: വിര്‍ച്വല്‍ കറന്‍സിയായ ബിറ്റ്‌കോയിന്റെ വിനിമയ മൂല്യം 10,000 ഡോളര്‍ കടന്നു. ചില ചെറുകിട എക്‌സ്‌ചേഞ്ചുകളിലും ഡിജിറ്റല്‍ കറന്‍സി ഇന്‍ഡെക്‌സുകളിലുമാണ് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നത്. എന്നാല്‍ ലക്‌സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിറ്റ്സ്റ്റാംപ് പോലുള്ള ബിറ്റ്‌കോയിന്‍ അധിഷ്ഠിത എക്‌സ്‌ചേഞ്ചുകളില്‍ വിനിമയ മൂല്യം ഈ നാഴികക്കല്ലിനേക്കാള്‍ അല്‍പ്പം താഴെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2009ലാണ് ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ സൃഷ്ടിക്കപ്പെട്ടത്. ബ്ലോക്ക് ചെയിന്‍ ഡാറ്റാബേസും എന്‍ക്രിപ്ഷനുമാണ് ഇതിലുപയോഗിക്കുന്നത്. പരമ്പരാഗതവും കേന്ദ്രീകൃതവുമായ പേമെന്റ് സംവിധാനത്തിനു പുറത്തുള്ള ഫണ്ടുകളുടെ വേഗത്തിലും രഹസ്യാത്മകവുമായ കൈമാറ്റം ബിറ്റ്‌കോയിന്‍ പ്രാപ്തമാക്കുന്നു. ഈ വര്‍ഷം ഇതുവരെ 900 ശതമാനത്തിലേറെ ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ന്നിരുന്നു. സാമ്പത്തിക മുഖ്യധാരയില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

സിഇഎക്‌സ്‌ഡോട്ട്‌ഐഒ എക്‌സ്‌ചേഞ്ചില്‍ ബിറ്റ്‌കോയിന്റെ വിപണിമൂല്യം 10,234 ഡോളറിലെത്തി. ക്രിപ്‌റ്റോ-കറന്‍സി ഇന്‍ഡക്‌സായ കോയിന്‍മാര്‍ക്കറ്റ്‌ഡോട്ട്‌കോമില്‍ 10,050 ഡോളറിലാണ് ബിറ്റ് കോയിന്‍ മൂല്യമെത്തിയത്. ബിറ്റ്‌സ്റ്റാമ്പില്‍ 9,968 ഡോളറിലെത്തി നില്‍ക്കുകയാണ് ബിറ്റ് കോയിന്‍. യുഎസ് ആസ്ഥാനമായ ജെമിനി എക്‌സ്‌ചേഞ്ചില്‍ ബിറ്റ്‌കോയിന്‍ 10,000 ഡോളര്‍ കടന്നിട്ടില്ല.

ബിറ്റ്‌കോയിന്‍ മൂല്യം 10,000 ഡോളര്‍ കടന്നത് വര്‍ഷങ്ങളോളം പരിഹാസ്യമായിരുന്ന തങ്ങളുടെ കറന്‍സിയെ ഗൗരവമായി കാണാനിടയാക്കുമെന്നാണ് ബിറ്റ്‌കോയിനര്‍മാരുടെ വിലയിരുത്തലെന്ന് യുഎസ് ടെക്‌നോളജി കമ്പനിയായ ലൂമിയയുടെ ബ്ലോക്ക്‌ചെയ്ന്‍ ഡയറക്റ്റര്‍ സോള്‍ ലെഡെറെര്‍ പറയുന്നു. ബിറ്റ്‌കോയിന്റെ ഭാവിയില്‍ ഇപ്പോഴും വ്യക്തതയില്ല. വര്‍ഷങ്ങളായി ഗുരുതരമായ സാങ്കേതിക വെല്ലുവിളികളും പുതിയ ക്രിപ്റ്റ് കറന്‍സികളില്‍ നിന്നുള്ള കടുത്ത മല്‍സരവും ബിറ്റ്‌കോയിന്‍ നേരിടുന്നുണ്ടെന്നും എന്നിരുന്നാലും ബിറ്റ്‌കോയിന്‍ നിലനില്‍ക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

വളര്‍ന്നുവരുന്ന ചില വിപണികളില്‍ ബിറ്റ്‌കോയിന്റെ വിനിമയ മൂല്യം 10,000 ഡോളറും കടന്ന് മുന്നേറിയിട്ടുണ്ട്. സിംബാവെയില്‍ 17,875 ഡോളറിനായിരുന്നു തിങ്കളാഴ്ച ബിറ്റ്‌കോയിന്‍ വ്യാപാരം. ദക്ഷിണ കൊറിയന്‍ എക്‌സ്‌ചേഞ്ചുകളില്‍ ബിറ്റ്‌കോയിന്‍ ഇതിനകം 11,000 ഡോളര്‍ കടന്നിട്ടുണ്ട്. സിഎംഇ ഗ്രൂപ്പ് ഇന്‍ക്, ചിക്കാഗോ ബോര്‍ഡ് ഓപ്ഷന്‍സ് എക്‌സ്‌ചേഞ്ച് എന്നിവ ബിറ്റ്‌കോയിനുവേണ്ടി ഫ്യൂച്ചേഴ്‌സ് കരാറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories