ആര്‍ആര്‍പിയുടെ പ്രഥമ സിഇഒയായി ബി അശോക് ചുമതലയേറ്റു

ആര്‍ആര്‍പിയുടെ പ്രഥമ സിഇഒയായി ബി അശോക് ചുമതലയേറ്റു

പടിഞ്ഞാറന്‍ തീരത്ത് സജ്ജമാകുന്ന ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി ആര്‍ആര്‍പിഎലിന് കീഴിലായിരിക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) മുന്‍ ചെയര്‍മാന്‍ ബി അശോക് രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡി (ആര്‍ആര്‍പിഎല്‍)ന്റെ ആദ്യ സിഇഒയായി ചുമതലയേറ്റു. പടിഞ്ഞാറന്‍ തീരത്ത് സജ്ജമാകുന്ന ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി ആര്‍ആര്‍പിഎലിന് കീഴിലായിരിക്കും.

മൂന്ന് വര്‍ഷം ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായി സേവനമനുഷ്ഠിച്ച ശേഷം ആറ് മാസം മുന്‍പാണ് അശോക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നും വിരമിച്ചത്. അദ്ദേഹത്തിന്റെ കാലത്താണ് മഹാരാഷ്ട്രയുടെ തീരത്ത് 60 മില്ല്യണ്‍ ടണ്‍ റിഫൈനറി സ്ഥാപിക്കാനുള്ള ആശയം ഉടലെടുക്കുന്നത്.
പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍) എന്നിവയുടെ സംയുക്ത സംരംഭമാണ് മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ആര്‍ആര്‍പിഎല്‍.

സര്‍ക്കാര്‍ പിന്തുണയോടെ മൂന്ന് കമ്പനികളും ചേര്‍ന്ന് രത്‌നഗിരിയില്‍ മൂന്ന് ലക്ഷം കോടി രൂപ ചെലവില്‍ പ്രതിവര്‍ഷം 60 മില്ല്യണ്‍ ടണ്‍ ഉല്‍പ്പാദിപ്പിക്കുന്ന റിഫൈനറി, പെട്രോകെമിക്കല്‍സ് കോംപ്ലക്‌സ് സ്ഥാപിക്കും ഐഒസിക്ക് 50 ശതമാനവും ബിപിസിഎലിനും എച്ച്പിസിഎലിനും 25 ശതമാനവും വീതം ആര്‍ആര്‍പിയില്‍ ഓഹരി പങ്കാളിത്തമുണ്ട്. മെഗാ റിഫൈനറിയില്‍ നിക്ഷേപിക്കാന്‍ പ്രമുഖ ഓയില്‍ കമ്പനിയായ സൗദി ആരാംകോ താല്‍പര്യം പ്രകടിപ്പിരുന്നു. ഇക്കാര്യത്തില്‍ പൊതുമേഖല കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ഇതൊരു മികച്ച റിഫൈനിംഗ് പദ്ധതിയായിരിക്കുമെന്ന് അശോക് പറഞ്ഞു. സാങ്കേതിക സംവിധാനങ്ങളെല്ലാം അന്തിമ ഘട്ടത്തിലാണ്. കൂടാതെ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്- അദ്ദേഹം അറിയിച്ചു.
രത്‌നഗിരി ജില്ലയിലെ ബാബുല്‍വാഡിയില്‍ പദ്ധതിക്കായി സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ 14000 ഏക്കര്‍ ഭാഗം റിഫൈനറിക്ക് വേണ്ടി തന്നെയുള്ളതായിരിക്കും. 1000 ഏക്കര്‍ സ്റ്റോറേജിനും തുറമുഖ സൗകര്യങ്ങള്‍ക്കുമായിരിക്കും വിനിയോഗിക്കുക.

പദ്ധതി നടപ്പാക്കുന്ന സംഘത്തെ രൂപപ്പെടുത്തുക, രൂപരേഖ തീരുമാനിക്കുക, സുഗമമായ ഭൂമി ഏറ്റെടുക്കല്‍ ഉറപ്പാക്കുക എന്നീ അടിയന്തര ദൗത്യങ്ങളാണ് അശോകിനുള്ളത്. ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കമ്പനികള്‍ക്ക് പുറമെ പുറത്തു നിന്നും നിക്ഷേപം ഈ സംയുക്ത സംരംഭത്തെ തേടിയെത്തുമെന്ന് അശോക് പറഞ്ഞു.

സാങ്കേതിക രൂപരേഖയ്ക്ക് അന്തിമ തീരുമാനമായാല്‍ ഉപകരണ സേവന വിതരണക്കാരുമായി ചര്‍ച്ചകള്‍ ആരംഭിക്കും. 2022 ല്‍ ആര്‍ആര്‍പിഎല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ യുറോ-VI ഗ്രേഡ് ഗതാഗത ഇന്ധനങ്ങള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കും. രാജ്യത്തിന്റെ ഇന്ധന ആവശ്യകത നിറവേറ്റാന്‍ റിഫൈനറി വഴി സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: More