35,000 കോടി രൂപയുടെ അധിക തുക സമാഹരിക്കാനൊരുങ്ങി ഇന്ത്യന്‍ റെയ്ല്‍വേ

35,000 കോടി രൂപയുടെ അധിക തുക സമാഹരിക്കാനൊരുങ്ങി ഇന്ത്യന്‍ റെയ്ല്‍വേ

ബിഎസ്ഇ ഇന്റര്‍നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനുള്ള നീക്കവും ഐആര്‍എഫ്‌സി നടത്തുന്നുണ്ട്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതത്തിനു പുറത്ത് 35,000 കോടി രൂപയിലധികം സമാഹരിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ പദ്ധതിയിടുന്നു. സുരക്ഷിതമായ പാസഞ്ചര്‍ കോച്ചുകളും വൈദ്യുതി എന്‍ജിനുകളും സജ്ജമാക്കുന്നതിനും റെയ്ല്‍വേ ശൃംഖലയുടെ വിപുലീകരണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടായിരിക്കും ഈ തുക പ്രധാനമായും വിനിയോഗിക്കുക.

ഇന്ത്യന്‍ റെയ്ല്‍വേയുടെ ഫിനാന്‍ഷ്യല്‍ യൂണിറ്റായ ഇന്ത്യന്‍ റെയ്ല്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐആര്‍എഫ്‌സി) വഴിയായിരിക്കും ഈ തുക വായ്പയെടുക്കുകയെന്ന് റെയ്ല്‍വേ വൃത്തങ്ങള്‍ അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) വഴി 18,000 കോടി രൂപ കണ്ടെത്താനുള്ള പദ്ധതിയും ഇതിലുള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. വിവിധ പദ്ധതികളുടെ നിര്‍മാണവും നടത്തിപ്പും ഇന്ത്യന്‍ റെയ്ല്‍വേയുടെ മേല്‍നോട്ടത്തിലായിരിക്കും. എന്നാല്‍ ഇവയുടെ ഉടമസ്ഥാവകാശം ഐആര്‍എഫ്‌സിക്ക് ആയിരിക്കും. ഒരു നിശ്ചിത നിരക്ക് ഈടാക്കികൊണ്ട് ഐആര്‍എഫിസി ഇവ റെയ്ല്‍വേക്ക് പാട്ടത്തിനു നല്‍കുമെന്നും റെയ്ല്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

ഐആര്‍എഫ്‌സി ബോണ്ടുകള്‍ ഉപയോഗിച്ചായിരിക്കും എല്‍ഐസിയില്‍ നിന്ന് റെയ്ല്‍വേ ധനസമാഹരണം നടത്തുക. ഈ തുക പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്കായി വിനിയോഗിക്കും. 2020 വരെ പ്രതിവര്‍ഷം 7.5 ശതമാനം പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും 1.5 ലക്ഷം കോടി രൂപയുടെ മൊത്തം വായ്പയാണ് ഇന്ത്യന്‍ റെയ്ല്‍വേക്ക് അനുവദിച്ചിരിക്കുന്നത്. 30 വര്‍ഷമാണ് ഈ വായ്പ തിരിച്ചടവിനുള്ള കാലാവധി. പത്ത് വര്‍ഷത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്ഇ ഇന്റര്‍നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനുള്ള നീക്കവും ഐആര്‍എഫ്‌സി നടത്തുന്നുണ്ട്. ഇതുവഴി ഡോളര്‍ ബോണ്ടുകളില്‍ നിന്നും 4,000 കോടി രൂപയ്ക്കടുത്ത് സ്വരൂപിക്കാനാകുമെന്നാണ് ഐആര്‍എഫ്‌സി പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: More