ജൈവകൃഷിയില്‍ അബ്ദുള്‍ അസീസിന്റെ ഒറ്റയാള്‍ പോരാട്ടം

ജൈവകൃഷിയില്‍ അബ്ദുള്‍ അസീസിന്റെ ഒറ്റയാള്‍ പോരാട്ടം

മായം ചേര്‍ക്കാത്ത ഭക്ഷണം തേടിയുള്ള യാത്ര എന്‍ജിനീയറായ പി എം അബ്ദുള്‍ അസീസിനെ ഒരു കര്‍ഷകനാക്കി. ജൈവകൃഷിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ഇദ്ദേഹം തൃശ്ശൂര്‍ ജില്ലയില്‍ 36 ഏക്കര്‍ സ്ഥലത്ത് കൃഷിയിയിറക്കി, ഒപ്പം അസീസിയ ഓര്‍ഗാനിക് ഫുഡ്‌സ് എന്ന പേരില്‍ ഒരു സമ്പൂര്‍ണ ഓര്‍ഗാനിക് റെസ്റ്റോറന്റ് തുറന്നുകൊണ്ട് ആരോഗ്യകരമായ ഭക്ഷ്യസംസ്‌കാരം പ്ര ചരിപ്പിക്കാന്‍ തുടക്കമിടുകയും ചെയ്തു

ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് (necessity is the mother of invention) എന്ന പ്രയോഗം തൃശ്ശൂര്‍ സ്വദേശിയായ പി എം അബ്ദുള്‍ അസീസിനെ സംബന്ധിച്ചിടത്തോളം വാസ്തവമാണ്. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളെജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഒരു എന്‍ജിനീയര്‍ ആയി തന്റെ കരിയര്‍ ആരംഭിച്ച അസീസ്, ഇന്ന് കേരളം അംഗീകരിച്ച ജൈവകര്‍ഷകനാണ്. റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് കടക്കുന്ന പ്രായത്തില്‍ എങ്ങനെ ജീവിതത്തില്‍ ഇത്തരമൊരു മാറ്റം അദ്ദേഹം കൊണ്ട് വന്നു എന്ന് ചോദിച്ചാല്‍, നല്ല ഭക്ഷണം തേടിയുള്ള ഒരു യാത്രയുടെ ശുഭപര്യവസായിയായ അന്ത്യം എന്ന് പറയേണ്ടി വരും.

കഥയിങ്ങനെ

എന്‍ജിനീയറിംഗ് പഠനശേഷം അഞ്ചു വര്‍ഷക്കാലം ഇതേ മേഖലയില്‍ ജോലി ചെയ്തശേഷം അസീസ് വിദേശത്തേക്ക് പറന്നു. ഖത്തറില്‍ സ്വന്തമായി ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ സ്ഥാപനം ആരംഭിച്ച അദ്ദേഹത്തിന് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ ബിസിനസ് ഉന്നതങ്ങളില്‍ എത്തിക്കാനായി. അതിനുശേഷം നാല് പതിറ്റാണ്ടുകള്‍ ഖത്തറിലെ തന്റെ സംരംഭത്തോടൊപ്പം അബ്ദുള്‍ അസീസ് ചെലവഴിച്ചു.

2012-ല്‍ വിശ്രമ ജീവിതം മുന്നില്‍ കണ്ട് തിരികെ കേരളത്തിലേക്ക് എത്തിയ അസീസിനെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് ഇവിടുത്തെ വിഷമയമായ ഭക്ഷ്യ സംസ്‌കാരമായിരുന്നു. മികച്ച വിളവെടുപ്പിനായി കൃഷിയിടങ്ങളിലും നെല്‍പാടങ്ങളിലും കീടനാശിനികള്‍ തളിക്കുന്നു. വിഷമയമായ പച്ചക്കറികളും മറ്റു ധാന്യങ്ങളും അറിഞ്ഞുകൊണ്ട് തന്നെ മലയാളികള്‍ വാങ്ങി ഭക്ഷിക്കുന്നു. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഈ ഭക്ഷ്യ ശൃംഖലയുടെ ഭാഗമാകാന്‍ താല്‍പര്യം ഇല്ലാതിരുന്ന അബ്ദുള്‍ അസീസ്, ഉന്നത നിലവാരമുള്ള പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കളും കേരളത്തില്‍ എവിടെനിന്നു കിട്ടും എന്ന അന്വേഷണത്തിലായി.

ആ അന്വേഷണം ജൈവ കൃഷി രീതികളെക്കുറിച്ചും ജൈവഉല്‍പ്പന്നങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ചും അറിയുന്നതിന് ഇടയാക്കി. എങ്കില്‍ പിന്നെ, സ്വന്തം ആവശ്യത്തിനായുള്ള വിഷരഹിത പച്ചക്കറികള്‍ സ്വയം കൃഷി ചെയ്യുന്നതല്ലേ നല്ലത് എന്ന ചിന്തയായി അദ്ദേഹത്തിന്. ജൈവകൃഷി എങ്ങനെ ചെയ്യാം എന്നതിനെപ്പറ്റി കൂടുതല്‍ പഠിച്ച അസീസ്, കൃഷിയില്‍ പ്രാഗല്‍ഭ്യമുള്ള നാട്ടിന്‍പുറത്തെ തൊഴിലാളികളെ കൂടെ കൂട്ടി, 2013ല്‍ തൃശ്ശൂര്‍ ജില്ലയിലെ പഴുവില്‍ അസീസിയ ഓര്‍ഗാനിക് ഫാമിന് തുടക്കം കുറിച്ചു.

കര്‍ഷകനാകണം എന്ന് കരുതിില്ല, ഞാന്‍ ഈ രംഗത്തേക്ക് വന്നത്. ഭക്ഷ്യ സ്വയംപര്യാപ്തത എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. അറിഞ്ഞുകൊണ്ട് വിഷം കഴിക്കുന്ന മലയാളിയുടെ ശീലത്തിന് മാറ്റം വരണം. ഇതിനായി ജൈവകൃഷി രീതിയെ പ്രോത്സാഹിപ്പിക്കണം. ഇത് മാത്രമായിരുന്നു ലക്ഷ്യം. ആദ്യം കൃഷി ആരംഭിച്ചത് ഒരേക്കര്‍ സ്ഥലത്താണ്.വെണ്ടയ്ക്കയാണ് കൃഷിചെയ്തത്. മികച്ച രീതിയില്‍ വിളവെടുപ്പ് നടത്താനായി എങ്കിലും വേണ്ടത്ര വിപണി ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിച്ചില്ല- അബ്ദുള്‍ അസീസ് പറയുന്നു

അറിഞ്ഞുകൊണ്ട് വിഷം ഭക്ഷിക്കുന്ന യുവജനതയ്ക്ക് ജൈവകൃഷിയിലേക്ക് തിരിയാനുള്ള ഒരു നിമിത്തമാകുക എന്നത് മാത്രമാണ് എന്റെ ഉദ്ദേശ്യം. മികച്ച ഭക്ഷ്യ സംസ്‌കാരം, ഭക്ഷ്യ സ്വയം പര്യാപ്തത. ഇത് രണ്ടും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണ് എന്റെ ലക്ഷ്യം
അബ്ദുള്‍ അസീസ്

വിപണി സ്വയം കണ്ടെത്തണം

വിപണിയില്‍ ലഭ്യമാകുന്ന വിഷമയമായ പച്ചക്കറികളെക്കാള്‍ വിലയല്‍പം കൂടുതലാണ് ജൈവ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്, അതുകൊണ്ട് തന്നെ വിപണിയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വിചാരിച്ചത്ര സ്വീകാര്യത ലഭിച്ചില്ല. എന്നാല്‍, താന്‍ തെരെഞ്ഞെടുത്ത വഴിയില്‍ നിന്നും പിന്തിരിഞ്ഞു നടക്കാന്‍ അദ്ദേഹം തയാറല്ലായിരുന്നു. ജൈവകൃഷിയുമായിത്തന്നെ അദ്ദേഹം മുന്നോട്ടു പോയി. ഒരേക്കര്‍ സ്ഥലത്തു നിന്നും കൃഷി, കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു. ഇതെല്ലം ചെയ്യുമ്പോള്‍, വ്യക്തമായ ഒരു വിപണന തന്ത്രം മെനയുകയായിരുന്നു അബ്ദുള്‍ അസീസ്.

201- ല്‍ എറണാകുളത്ത് പാടിവട്ടത്തായി ഉണ്ടായിരുന്ന ഒരേക്കര്‍ സ്ഥലത്ത് അസീസിയ എന്ന പേരില്‍ ജൈവ ഉല്‍പ്പന്നങ്ങളുടെ ഒരു വില്‍പ്പനശാല ആദ്ദേഹം ആരംഭിച്ചു. വിചാരിച്ചപോലെ സ്ഥാപനം വിജയം കണ്ടു. ജൈവ പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ എത്തി. അസീസിയ ഫാമില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പച്ചക്കറികള്‍ തൃശ്ശൂര്‍ ജില്ലയിലും എറണാകുളത്ത് പാടിവട്ടത്തും ആയിട്ടുള്ള രണ്ടു വില്‍പ്പനശാലകളിലൂടെ വിറ്റു പോകുന്നുണ്ട്.

ഒരേക്കറില്‍ നിന്നും 36 ഏക്കറിലേക്ക്

ഒരേക്കര്‍ സ്ഥലത്ത് നിന്നും തുടങ്ങിയ ജൈവ കൃഷി ഇപ്പോള്‍ 36 ഏക്കറിലേക്ക് വ്യാപിച്ചു കഴിഞ്ഞു. വെണ്ട, പടവലം, പാവല്‍, ചീര, വഴുതന , തക്കാളി, കുമ്പളം, ചേന, മത്തന്‍, വെള്ളരി, തുടങ്ങി ഇവിടെ കൃഷി ചെയ്യാത്ത ഉല്‍പ്പന്നങ്ങള്‍ വിരളം. കാരറ്റ്, കാബേജ് , കോളിഫഌവര്‍ എന്നിവ തൃശ്ശൂരിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്തതിനാല്‍ വയനാട്ടിലെ ജൈവകൃഷിയിടങ്ങളില്‍ നിന്നും എത്തിക്കും. കൃഷിക്ക് പുറമെ, ജൈവ കോഴിമുട്ടകള്‍ക്കും മാസത്തിനുമായി കോഴിഫാം , പാല്‍ , മാസം എന്നിവയ്ക്കായി കന്നുകാലി ഫാം എന്നിവയും അബ്ദുല്‍ അസീസ് നടത്തുന്നു.

അസീസിയ സൂപ്പര്‍ മാര്‍ക്കറ്റ് ആന്‍ഡ് റെസ്റ്റോറന്റ്

കൊച്ചിയിലെ പാടിവട്ടം അസീസിനെ സംബന്ധിച്ചിടത്തോളം ഭാഗ്യഭൂമിയാണ്. അവിടെ ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായുള്ള ഒരു സമ്പൂര്‍ണ്ണ ഓര്‍ഗാനിക് സൂപ്പര്‍മാര്‍ക്കറ്റ് , ഓര്‍ഗാനിക്ക് റെസ്റ്റോറന്റ് എന്നിവ കൂടി അബ്ദുള്‍ അസീസ് ആരംഭിച്ചു കഴിഞ്ഞു. തന്റെ ജൈവ ഫാമില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ റെസ്റ്റോറന്റില്‍ വില്‍ക്കുകയുള്ളൂ. അതും പലകുറി ഗുണമേന്മപരിശോധന നടത്തിയ ശേഷം.

ലാഭം ഉദ്ദേശിച്ചു മാത്രമല്ല, ഞാന്‍ ജൈവകൃഷിയും ഓര്‍ഗാനിക് റെസ്റ്റോറന്റും എല്ലാം നടത്തുന്നത്. ജൈവം ആയതിനാല്‍ തന്നെ ഉല്‍പാദന ചെലവ് കൂടുതലാണ്. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ലാഭം കിട്ടാന്‍ ഇനിയും ഏറെ കാത്തിരിക്കണം. അറിഞ്ഞുകൊണ്ട് വിഷം ഭക്ഷിക്കുന്ന യുവജനതയ്ക്ക് ജൈവകൃഷിയിലേക്ക് തിരിയാനുള്ള ഒരു നിമിത്തമാകുക എന്നത് മാത്രമാണ് എന്റെ ഉദ്ദേശ്യം. മികച്ച ഭക്ഷ്യ സംസ്‌കാരം, ഭക്ഷ്യ സ്വയം പര്യാപ്തത, ഇത് രണ്ടും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണ് എന്റെ ലക്ഷ്യം-അബ്ദുല്‍ അസീസിന്റെ വാക്കുകള്‍.

Comments

comments