മോദി ബ്രാന്‍ഡ് മങ്ങുമോ തിളങ്ങുമോ?

മോദി ബ്രാന്‍ഡ് മങ്ങുമോ തിളങ്ങുമോ?

രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി രണ്ടാഴ്ച മാത്രം സമയം ശേഷിക്കുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ അധികാരത്തുടര്‍ച്ച ലക്ഷ്യമിടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഭാവിയിലെ പ്രധാനമന്ത്രി പദവി മോഹിക്കുന്ന ‘നിയുക്ത’ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഒരുപോലെ നിര്‍ണായകമാണ്. ഗുജറാത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ബിജെപി പ്രതിസന്ധികളെ നേരിടുന്നെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ അവതാരം സാമുദായിക ശക്തികളുടെ ‘പഖാം’ സഖ്യത്തിനൊപ്പം കനത്ത വെല്ലുവിളി ഉയര്‍ത്തുന്നെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ 9നും 14നും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ പ്രചാരണത്തിന്റെ ചൂട് മാപിനികളുടെ പരിധി ലംഘിച്ച് മുകളിലേക്കുയരുന്നെന്നാണ് സംസ്ഥാനത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 22 വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിലുള്ള ബിജെപിയുടെ ഗുജറാത്ത് മോഡല്‍ വികസനം മുന്‍പെങ്ങുമില്ലാത്ത വിധം ചോദ്യം ചെയ്യപ്പെടുന്നെന്നും സാമുദായിക ശക്തികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നെന്നുമാണ് ദേശീയ തലത്തിലുള്ള മാധ്യമങ്ങളും മലയാള മാധ്യമങ്ങളും ഒരേ പോലെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് ആഞ്ഞടിക്കുമെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ ഉറപ്പിച്ച് പറയുന്നത്. ബിജെപിക്ക് എതിരായിരിക്കുന്ന പട്ടേല്‍, ദലിത്, പിന്നോക്ക, മുസ്ലിം വിഭാഗങ്ങളെയൊക്കെ ഒപ്പം കൂട്ടാന്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പൊതുയോഗങ്ങളിലും റോഡ് ഷോകളിലും കാണുന്ന വര്‍ധിച്ച ജനസാന്നിദ്ധ്യം മാറുന്ന ഗുജറാത്തി മനോനിലയുടെ തെളിവാണെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു. അതേസമയം 150ന് മുകളില്‍ സീറ്റ് നേടി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കുമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനം.

അവകാശ വാദങ്ങള്‍ക്കും കൂട്ടിക്കിഴിക്കലുകള്‍ക്കും അപ്പുറം ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്- ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി വിലയിരുത്തപ്പെടുന്ന ഗുജറാത്തില്‍ ബിജെപിയുടെ ഉച്ചസൂര്യന് ഗ്രഹണം ബാധിക്കുമോ? കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഡിസംബര്‍ അവസാനം രാഹുല്‍ ഗാന്ധി അവരോധിക്കപ്പെടുമ്പോള്‍ ഗുജറാത്തിലെ വിജയത്തിന്റെ പൊന്‍കിരീടവും തലയിലുണ്ടാവുമോ? അതോ, അടുത്തിടെ കണ്ടുവരുന്ന പതിവ് തെറ്റിക്കാതെ ഒരിക്കല്‍ കൂടി എല്ലാ പ്രവചനങ്ങളെയും അപ്രസക്തമാക്കി നരേന്ദ്ര മോദി എന്ന രാഷ്ട്രീയ ബ്രാന്‍ഡ് ഗുജറാത്തിന്റെ മനസ് കീഴടക്കുമോ? എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം ഗുജറാത്തില്‍ വോട്ടെണ്ണുന്ന ഡിസംബര്‍ 18ന് ലഭിക്കും. എന്നാല്‍ അതിന് തലേദിവസം വരെ കവടി നിരത്താനും, സെഫോളജിയുടെ തടിച്ച കണ്ണട മൂക്കിനു മുകളിലേക്ക് അല്‍പം കൂടി ഉയര്‍ത്തി വെച്ച് കണക്കുപുസ്തകത്തില്‍ പരതാനും, അവകാശ വാദങ്ങള്‍ ഘോരഘോരം പ്രഖ്യാപിക്കാനും എല്ലാവര്‍ക്കും അവസരമുണ്ട്. എന്തായാലും തര്‍ക്കിക്കുന്നവരെല്ലാം ഐക്യപ്പെടുന്ന തലം, നിര്‍ണായക രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ നാല്‍ക്കവലയില്‍ നില്‍ക്കുന്ന ഗുജറാത്ത് നടത്തുന്ന വിധിയെഴുത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വരും ദശാബ്ദത്തിന്റെ ചൂണ്ടുപലകയാവും എന്നതാണ്.

രാഹുലിന്റെ പരിവര്‍ത്തനം

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് 5 വട്ടം തെരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നവസര്‍ജന്‍ യാത്രയെന്ന പരിക്രമണത്തില്‍ ഒരിഞ്ചു പോലും ഉപേക്ഷ ഇത്തവണ രാഹുല്‍ ഗാന്ധി കാണിക്കുന്നില്ല. പാര്‍ട്ടിയിലെയും ഇടതു പക്ഷത്തെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലെയും രാഹുല്‍ വിമര്‍ശകര്‍ പോലും ഇത്തവണ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തില്‍ സന്തുഷ്ടരാണ്. പ്രസംഗത്തിലും പെരുമാറ്റത്തിലും ചടുലതയും ജനകീയതയും രാഹുല്‍ കൈവരിച്ചെന്നും നരേന്ദ്രമോദിക്ക് തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ പക്വതയും കരുത്തും കൈവരിച്ചെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പക്വതയെത്തിയിട്ടില്ലാത്ത പയ്യനെന്ന അര്‍ഥത്തില്‍ ‘പപ്പു’ എന്ന ചെല്ലപ്പേര് ഇനിയാരും രാഹുലിനെ വിളിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് കോണ്‍ഗ്രസ് ഉറപ്പു വരുത്തിയിട്ടുണ്ട്. ഗുജറാത്തില്‍ ക്ഷേത്രങ്ങള്‍ തോറും പരിക്രമണം നടത്തി പഴയ മൃദു ഹിന്ദുത്വ രാഷ്ട്രീയം പൊടി തട്ടിയെടുക്കാനും രാജീവ് ഗാന്ധിയുടെ മകന്‍ മറന്നിട്ടില്ല.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി വിലയിരുത്തപ്പെടുന്ന ഗുജറാത്തില്‍ ബിജെപിയുടെ ഉച്ചസൂര്യന് ഗ്രഹണം ബാധിക്കുമോ? കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഡിസംബര്‍ അവസാനം രാഹുല്‍ ഗാന്ധി അവരോധിക്കപ്പെടുമ്പോള്‍ ഗുജറാത്തിലെ വിജയത്തിന്റെ പൊന്‍കിരീടവും തലയിലുണ്ടാവുമോ? അതോ, അടുത്തിടെ കണ്ടുവരുന്ന പതിവ് തെറ്റിക്കാതെ ഒരിക്കല്‍ കൂടി എല്ലാ പ്രവചനങ്ങളെയും അപ്രസക്തമാക്കി നരേന്ദ്ര മോദി എന്ന രാഷ്ട്രീയ ബ്രാന്‍ഡ് ഗുജറാത്തിന്റെ മനസ് കീഴടക്കുമോ?

ഭരണം ലഭിക്കില്ലെന്നോ നഷ്ടപ്പെടുമെന്നോ ഉറപ്പുള്ള സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് രാഹുല്‍ ഗാന്ധി മതിയായ താത്പര്യം കാണിക്കാറില്ലന്ന ആക്ഷേപം മുന്‍പ് ചില സംസ്ഥാന നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ ആക്ഷേപത്തിന് ഇത്തവണ തെല്ലും ഇടം കൊടുക്കാതെയാണ് സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്ത് മോഡലിനെയും കടന്നാക്രമിച്ച് അദ്ദേഹം പര്യടനം നടത്തുന്നത്. രാഹുലിന് ഇത്തവണ അല്‍പം പോലും പിന്നോട്ടു മാറാനാവില്ലെന്നതാണ് യാഥാര്‍ഥ്യം. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ വഴിത്തിരിവിലാണ് 47കാരനായ ഈ നേതാവ് നില്‍ക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തോല്‍വികളുടെ ഭാരവും പേറിയെത്തുന്നത് അദ്ദേഹത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒട്ടും ഗുണകരമാവില്ല. രാജ്യമൊട്ടുക്ക് അധികാരം നഷ്ടപ്പെട്ടുകാണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മ വിശ്വാസം നശിപ്പിക്കുന്ന നടപടിയാകുമത്. രാഷ്ട്രീയ അധികാരം കുടുംബ പാരമ്പര്യത്തിന്റെ ഭാഗമായി ലഭിച്ച പൂര്‍വിക സ്വത്തല്ലെന്ന് തെളിയിക്കാന്‍ പിന്നീടദ്ദേഹം ഏറെ അധ്വാനിക്കേണ്ടി വരും. അതിനേക്കാളുപരി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വാക്ക് ഓവര്‍ നല്‍കുന്ന നടപടി കൂടിയാവും ഇത്. അതുകൊണ്ടുതന്നെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിക്ക് സുപ്രധാനമാണ്.

പഖാമും കോണ്‍ഗ്രസും

ജിഎസ്ടി, നോട്ട് അസാധുവാക്കല്‍, തൊഴിലില്ലായ്മ, വികസന രാഹിത്യം എന്നിവയൊക്കെ ഒരു വശത്ത് പ്രയോഗിക്കുമ്പോള്‍ തന്നെ മറു വശത്ത് സംസ്ഥാനത്തിന്റെ സവിശേഷ സ്വഭാവം കൂടി കണക്കിലെടുത്ത് മൃദു ഹിന്ദുത്വയും ജാതി കാര്‍ഡും കൂടി ഉപയോഗിച്ചാണ് ഗുജറാത്തില്‍ രാഹുലിന്റെ കളികള്‍. ബിജെപി കാലാകാലങ്ങളായി വിജയ ഫോര്‍മുലയായി ഉപയോഗിച്ചു വരുന്ന ഹിന്ദുത്വ വോട്ട് ബാങ്ക് വിഘടിപ്പിച്ച് ദുര്‍ബലമാക്കാനാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന വിദഗ്‌ദ്ധോപദേശം. ഇതിന് വിവിധ ജാതി വിഭാഗങ്ങളെ ഭരണകക്ഷിയില്‍ നിന്ന് അകറ്റി ബിഹാര്‍ മോഡലില്‍ മഹാസഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. സംവരണ വിരുദ്ധരായ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍, ‘ഉന’ സംഭവത്തിന് ശേഷം ദലിത് സമുദായത്തിന്റെ നേതാവായി ഉയര്‍ന്നു വന്ന ജിഗ്നേഷ് മേവാനി, നിതീഷ് കുമാറിനോട് കലഹിച്ച് ജനതാ ദള്‍ (യു) വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കിയ ആദിവാസി നേതാവായ ഛോട്ടുഭായ് വാസവ, പിന്നോക്ക വിഭാഗമായ ക്ഷത്രിയരുടെ നേതാവായ അല്‍പേഷ് ഠാക്കൂര്‍ തുടങ്ങിയവരെ തടുത്തു കൂട്ടിയാണ് കോണ്‍ഗ്രസ് ‘പഖാം’ സഖ്യം  (പട്ടേല്‍,ക്ഷത്രിയ,ഹരിജന്‍,ആദിവാസി,മുസ്ലിം) ഉണ്ടാക്കിയിരിക്കുന്നത്. 1970 കളില്‍ കോണ്‍ഗ്രസ് നേതാവ് മാധവ് സിംഗ് സോളങ്കി രൂപപ്പെടുത്തിയെടുത്ത ഖാം സഖ്യത്തിലേക്ക് കടുത്ത ബിജെപി അനുകൂലികളായ പട്ടേല്‍ വിഭാഗത്തെ കൂടി എത്തിച്ചാണ് ഇത്തവണ പഖാം സഖ്യം രൂപീകരിച്ചിരിക്കുന്നത്. 15 ശതമാനം വരുന്ന പട്ടേലുകളും 40 ശതമാനം വരുന്ന ക്ഷത്രിയരടങ്ങിയ ഒബിസി വിഭാഗവും 6.7 ശതമാനം വരുന്ന ഹരിജന്‍-ദലിതുകളും 15 ശതമാനം ആദിവാസികളും 9 ശതമാനം മുസ്ലിങ്ങളും ഒറ്റക്കെട്ടായി തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും ബിജെപിക്ക് തിരിച്ചടി നല്‍കുമെന്നുമാണ് കോണ്‍ഗ്രസ് പ്രചാരണം. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് ഹാര്‍ദിക്കും ജിഗ്നേഷുമടക്കം ജാതി സംഘടനകളുടെ നേതാക്കളും ആവര്‍ത്തിക്കുന്നു. ഈ അവകാശ വാദം അംഗീകരിച്ചാല്‍ ബിജെപി ഗുജറാത്തില്‍ 50ല്‍ താഴെ സീറ്റുകളില്‍ ഒതുങ്ങും. ഈ സാഹചര്യത്തെ അളവുകോലായി കണ്ടാണ് പല റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്. എന്നാല്‍ വാസ്തവത്തില്‍ അഹമ്മദാബാദിലും സൂറത്തിലും കച്ചിലും സൗരാഷ്ട്രയിലുമൊക്കെ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യവും ഇതു തന്നെയാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

ജിഎസ്ടിയും നോട്ട് അസാധുവാക്കലും

പരമ്പരാഗതമായി വ്യാപാരികളായ ഗുജറാത്തികളെ നോട്ട് അസാധുവാക്കലും ജിഎസ്ടിയും തകര്‍ത്തു കളഞ്ഞെന്നാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. സൂറത്തിലെ എണ്‍പതിനായിരം കോടി രൂപയുടെ വജ്രവ്യാപാര മേഖലയും, വസ്ത്ര നിര്‍മാണ വ്യവസായവും സൗരാഷ്ട്രയിലെ കാര്‍ഷിക-ചെറുകിട സംരംഭ മേഖലകളുമൊക്കെ തകര്‍ന്നെന്നും തൊഴിലില്ലായ്മ രൂക്ഷമായെന്നും പ്രചാരണം ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ആക്രമിക്കാനാണ് ഈ വിഷയങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നത്. ബിസിനസ് സമൂഹത്തെയും മധ്യ വര്‍ഗത്തെയും ചെറുപ്പക്കാരെയും സ്വാധീനിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. കച്ചവടത്തില്‍ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെന്ന് വ്യാപാരികളും സമ്മതിക്കുന്നു.

വിയര്‍ക്കുന്ന ബിജെപി

2002ന് ശേഷം നരേന്ദ്ര മോദി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറി നില്‍ക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണ ഗുജറാത്തിലേത്. മോദി ഡല്‍ഹിയിലേക്ക് പോയ ശേഷം ഉറച്ച കോട്ടയായ ഗുജറാത്തില്‍ ബിജെപിയുടെ സഞ്ചാരപാതയില്‍ മുള്ളുകള്‍ നിറഞ്ഞു. പട്ടേല്‍ സംവരണ പ്രക്ഷോഭത്തെ അതിജീവിക്കാനാവാതെ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന് രണ്ടു വര്‍ഷത്തിനകം രാജിവെച്ചൊഴിയേണ്ടി വന്നു. പകരമെത്തിയ വിജയ് രൂപാണിക്കും മതിയായ പ്രാഗത്ഭ്യം തെളിയിക്കാനായില്ല. ദലിത് പീഢന ആരോപണങ്ങളും മറ്റും രൂപാണിയുടെ ഭരണ കാലത്തെയും പ്രതിസന്ധിയിലാക്കി. അംഗന്‍വാടി അധ്യാപികമാരുടേതും തൊഴിലാളികളുടേതുമടക്കം പത്തോളം വലിയ സമരങ്ങള്‍ നടക്കുന്ന സാഹചര്യമാണ് ഗുജറാത്തിലേത്. ജൂലൈ-ആഗസ്റ്റ് മാസം എത്തിയ പെരുമഴയും പ്രളയവും സര്‍ക്കാരിനെതിരായ വിരോധം വര്‍ധിക്കാനുള്ള കാരണമായി. ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ എന്നിവയെ തുടര്‍ന്നുരുത്തിരിഞ്ഞ സാഹചര്യം നിയന്ത്രണ വിധേയമാക്കാനും രാജ്യത്തെ ഏറ്റവും മികച്ച ഉത്പാദക സംസ്ഥാനത്തെ വളര്‍ച്ചാ നിരക്ക് താഴേക്ക് പോവാതിരിക്കാനും ഭഗീരഥ പ്രയത്‌നം സര്‍ക്കാര്‍ നടത്തിയെങ്കിലും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് അറുതിയുണ്ടായില്ല. ഇതിന് മുകളിലേക്കാണ് വിവിധ ജാതി വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്ന പ്രക്ഷോഭകരെ തടുത്തു കൂട്ടി കോണ്‍ഗ്രസ് ഉണ്ടാക്കിയ അക്ഷൗഹിണിപ്പട. ഏതൊരു ഭരണകക്ഷിയും വിരളുന്ന സാഹചര്യമാണ് മോദിക്ക് ശേഷം ഗുജറാത്തില്‍ ബിജെപിക്കായി ഉരുത്തിരിഞ്ഞിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചും ഇത് നിര്‍ണായക സമയം തന്നെയാണ്. പ്രത്യേകിച്ച് 2019ല്‍ ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തുടര്‍ഭരണമെന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരിക്കെ. നോട്ട് അസാധുവാക്കലും ജിഎസ്ടിയുമെല്ലാം നടപ്പിലാക്കിയതിന്റെ പൊടിപടലങ്ങള്‍ കെട്ടടങ്ങിയ ശേഷം വരുന്ന സാമ്പത്തിക വളര്‍ച്ചയുടെ നല്ല കാലത്ത് ഭരണം കൈമോശം വന്നുപോയാല്‍ അത് രാജ്യത്തെ സംബന്ധിച്ച് അദ്ദേഹം കണ്ടിരിക്കുന്ന സ്വപ്‌നങ്ങളുടെയെല്ലാം അവസാനമാകും. സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ അധികാരം നഷ്ടപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളേയും ആത്മവിശ്വാസത്തേയും അത് ഏറെ ദോഷകരമായി ബാധിക്കും. സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ വാക്കുകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മൂര്‍ച്ച കൂടും. അതു കൊണ്ടുതന്നെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഗാന്ധിയേപ്പോലെ തന്നെ നിര്‍ണായകമായി കണക്കാക്കുന്ന രണ്ടാമത്തെ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാവും.

ബ്രാന്‍ഡ് മോദി

എല്ലാ വെല്ലുവിളികള്‍ക്കും മുകളില്‍ 150 സീറ്റ് ലഭിക്കുമെന്ന പ്രഖ്യാപനം നടത്താന്‍ ഗുജറാത്തുകാരന്‍ തന്നെയായ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് ധൈര്യം നല്‍കിയ ഘടകം ഒന്നുമാത്രമാണ്. എതിരാളികളുടെ തന്ത്രപരമായ നീക്കത്തിലും പ്രചാരണത്തിലും പകച്ച ബിജെപിയെ ഇത്തവണ ഗുജറാത്തില്‍ കൈപിടിച്ചുയര്‍ത്താന്‍ കെല്‍പുള്ള ശക്തിയും അതു മാത്രമാണ്. ഗുജറാത്തിന്റെ പുത്രന്‍- നരേന്ദ്ര മോദി! ഗുജറാത്തിന്റെ വിശ്വാസം കൈയിലെടുത്ത ഏറ്റവും മികച്ച പൊളിറ്റിക്കല്‍ ബ്രാന്‍ഡാണ് മോദി. അതിന് പകരം വെക്കാനോ മറികടക്കാനോ തല്‍ക്കാലം ഗുജറാത്തില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിലും മറ്റൊരു ബ്രാന്‍ഡില്ല. പ്രതിച്ഛായാ പരിവര്‍ത്തനം നടത്തിയെത്തുന്ന രാഹുല്‍ ഗാന്ധിയും സര്‍ദാര്‍ പട്ടേലിന്റെ പാരമ്പര്യം അവകാശപ്പെട്ടെത്തുന്ന ഹാര്‍ദിക് പട്ടേലും അംബേദ്കറിസ്റ്റെന്നവകാശപ്പെട്ടെത്തെത്തുന്ന ജിഗ്നേഷ് മേവാനിയുമൊന്നും തത്കാലം മോദിക്ക് ബലാബലമല്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമിടയില്‍ നരേന്ദ്ര ഭായ് ഉണ്ടാക്കിയെടുത്ത പ്രതിച്ഛായക്ക് തെല്ലുമിളക്കമില്ല.

പ്രധാനമന്ത്രിയായി നരേന്ദ്ര ഭായ് ഡല്‍ഹിയിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമുണ്ടാക്കുന്നതൊന്നും ചെയ്യരുതെന്ന നിര്‍ബന്ധം ഗുജറാത്തികള്‍ക്കുണ്ട്. താഴെ തട്ടില്‍ നടത്തപ്പെട്ട വിവര ശേഖരണങ്ങള്‍ നല്‍കുന്ന സൂചന അതാണ്. നോട്ട് അസാധുവാക്കലടക്കം മോദി നടത്തുന്ന അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് ഗുജറാത്ത് ജനത നല്‍കുന്നത്. 2002 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നേടിയെടുത്ത വിശ്വാസ്യത പ്രധാനമന്ത്രിയെന്ന നിലയില്‍ വര്‍ധിച്ചിരിക്കുന്നു. വികസന നായകനെന്നും അഴിമതി വിരുദ്ധനുമെന്ന പ്രതിച്ഛായ കേന്ദ്രത്തില്‍ അധികാരത്തിലെത്തി നാലു വര്‍ഷം തികക്കാനൊരുങ്ങുമ്പോഴും നില നിര്‍ത്താനായത് മോദിക്ക് നേട്ടമായിട്ടുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഗുജറാത്തിലെ വിജയം മോദിക്ക് നിര്‍ണായകമാണെന്ന് ഗുജറാത്തി ജനത ബോധവാന്‍മാരാണ്. ഈ വികാരമാണ് ബിജെപിയെ ഗുജറാത്തില്‍ മുന്നോട്ട് നയിക്കുന്നത്.

ഇതെഴുതുമ്പോള്‍ തന്റെ ജന്മ നാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന് നയവും ലക്ഷ്യവും നേതാവുമില്ലെന്ന കടന്നാക്രമണത്തോടെയാണ് ഒരു കാലത്ത് ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഭുജ് ജില്ലയിലെ കച്ചില്‍ നിന്ന് മോദി പ്രചാരണമാരംഭിച്ചത്. വന്‍ ജനസാന്നിദ്ധ്യത്തില്‍ ഇന്നലെ തന്നെ നാല് റാലികള്‍ നടന്നു. വരുന്ന രണ്ടാഴ്ചക്കിടെ ഇത്തരം മുപ്പത്തഞ്ചോളം പൊതുയോഗങ്ങളെ മോദി അഭിസംബോധന ചെയ്യും. ബിജെപിയുടെ മന്ത്രിപ്പട താഴെ തട്ടില്‍ പൊതു യോഗങ്ങളിലും ഗൃഹ സമ്പര്‍ക്ക പരിപാടികളിലും പങ്കെടുക്കുന്നു. ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും മോദിയുടെ വരവോടെ ബിജെപി ക്യാംപിലും ആവേശം ദൃശ്യമായിട്ടുണ്ട്.

പ്രധാനമന്ത്രിയായി ഡല്‍ഹിയിലേക്ക് പോയപ്പോഴും ഗുജറാത്തിനെ കൈവിടാതിരിക്കാന്‍ മോദി ബദ്ധശ്രദ്ധനായിരുന്നു. ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങ്ങിനെയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയെയും ഡല്‍ഹിക്ക് പകരം അഹമ്മദാബാദിലെത്തിച്ച മോദിക്ക് പ്രതിപക്ഷത്തിന്റെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നെങ്കിലും ഗുജറാത്തികളെ കൈയിലെടുക്കാനായി. മേധാ പട്കറിന്റെയും മറ്റും നേതൃത്വത്തില്‍ നടന്നിരുന്ന എതിര്‍പ്പുകളെ ഫലപ്രദമായി നേരിട്ട് സര്‍ദാര്‍ സരോവര്‍ ഡാമിലെ ജല നിരപ്പ് ഉയര്‍ത്താനും ഗുജറാത്തും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങളിലെ കൂടുതല്‍ ഭൂമിയും ജനവിഭാഗങ്ങളെയും ഫലഭൂയിഷ്ഠമാക്കാനും അദ്ദേഹത്തിന് സാധിച്ചു. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പ്രഖ്യാപനവും സംസ്ഥാനത്തിനുള്ള സമ്മാനമായിരുന്നു.

രാഹുലിന് ഇത്തവണ അല്‍പം പോലും പിന്നോട്ടു മാറാനാവില്ലെന്നതാണ് യാഥാര്‍ഥ്യം. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ വഴിത്തിരിവിലാണ് 47കാരനായ ഈ നേതാവ് നില്‍ക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തോല്‍വികളുടെ ഭാരവും പേറിയെത്തുന്നത് അദ്ദേഹത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒട്ടും ഗുണകരമാവില്ല.

ഗുജറാത്തിന്റെ പുത്രനാണെന്ന് ഓരോയിടത്ത് ചെല്ലുമ്പോഴും പ്രത്യേകം സൂചിപ്പിക്കാന്‍ മോദി മറന്നില്ല. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയുണ്ടായ ‘ഗുജറാത്തിലെ കഴുത’ പരാമര്‍ശം തന്നെ ഉദാഹരണം. രാഹുല്‍ ഗാന്ധി-അഖിലേഷ് യാദവ് ക്യാംപ് മോദിയെ അപഹസിക്കാന്‍ നടത്തിയ പരാമര്‍ശം ഉത്തര്‍പ്രദേശില്‍ തന്നെ അദ്ദേഹം തനിക്ക് അനുകൂലമായി ഉപയോഗിച്ചു. ഇനി ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും ഉപയോഗിക്കാനുള്ള പുനരുപയോഗിക്കാവുന്ന ആയുധമായി അത് ഇപ്പോഴും അദ്ദേഹത്തിന്റെ കൈവശമുണ്ട്.

ഓരോ രാഷ്ട്രീയ നേതാവിനും ഒരു നല്ല സമയമുണ്ട്. മോദിയെ സംബന്ധിച്ച് 2002ല്‍ ആരംഭിച്ച ആ സമയം ഇപ്പോഴും ഉച്ചസ്ഥായിയിലാണ്. എതിരാളികള്‍ എറിയുന്ന നാഗങ്ങള്‍ പോലും പൂമാലകളായി കഴുത്തില്‍ വീഴുന്ന അനുകൂല കാലമാണിത്. നേരിട്ടെതിര്‍ക്കുന്ന ശത്രുവിന്റെ പാതി കരുത്തു കൂടി വന്നു ചേരുന്ന രാമായണത്തിലെ ബാലിയെയാണ് മോദിയെന്ന രാഷ്ട്രീയ നേതാവ് പലപ്പോഴും ഓര്‍മിപ്പിക്കാറ്. നോട്ട് അസാധുവാക്കലിന്റെ ബുദ്ധിമുട്ടുകള്‍ക്കെല്ലാം ശേഷം വന്നെത്തിയ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്യൂ നിന്നു വലഞ്ഞ ജനം മോദിയുടെ മേല്‍ വിശ്വാസം പ്രഖ്യാപിച്ചത് നാലില്‍ മൂന്ന് ഭൂരിപക്ഷം നല്‍കിയായിരുന്നു. 2024 വരെ ഇതേ സാഹചര്യം തുടരുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രതീക്ഷ. എന്നാല്‍ 2017 ഡിസംബര്‍ 18ലെ ഗുജറാത്ത് ജനവിധി ഈ സാഹചര്യങ്ങളെ കൂടുതല്‍ അനുകൂലമാക്കാനോ പ്രതികൂലമാക്കാനോ കെല്‍പുള്ളതു കൂടിയാണ് എന്നത് മറന്നു പോകരുത്.

 

Comments

comments

Categories: FK Special, Slider