ഇന്റര്‍നെറ്റ് തുറന്ന പ്ലാറ്റ്‌ഫോമെന്ന് ട്രായ്

ഇന്റര്‍നെറ്റ് തുറന്ന പ്ലാറ്റ്‌ഫോമെന്ന് ട്രായ്

ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതില്‍ വിവേചനം കാണിക്കുന്നവര്‍ക്ക് കടുത്ത തിരിച്ചടി

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റ് സമത്വം ഉറപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്ന നിര്‍ണായക ശുപാര്‍ശകളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ചില പ്രത്യേക സേവനങ്ങളില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടാണ് ട്രായ് ശുപാര്‍ശകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ഒരു തുറന്ന പ്ലാറ്റ്‌ഫോമാണെന്ന് വ്യക്തമാക്കിയ ട്രായ് അതിന്റെ സേവനങ്ങളില്‍ വിവേചനം പാടില്ലെന്നാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് നിര്‍ദേശങ്ങള്‍ തയാറാക്കിയത്. ഇന്റര്‍നെറ്റിന്റെ ഉള്ളടക്കത്തില്‍ ടെലികോം സേവനദാതാക്കള്‍ വിവേചനമോ നിയന്ത്രണമോ കാണിക്കാന്‍ പാടില്ലെന്ന് ട്രായ് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.

ചില വെബ്‌സൈറ്റുകള്‍ ലഭ്യമാക്കുന്നതു തടയുന്നതും തരംതാഴ്ത്തുന്നതും, നെറ്റ് സ്പീഡ് കുട്ടുന്നതും കുറയ്ക്കുന്നതും ട്രായ് തടഞ്ഞിട്ടുണ്ട്. വിവേചനപരമായ പെരുമാറ്റത്തിലേക്ക് നയിക്കുന്ന യാതൊരുവിധ ക്രമീകരണങ്ങളും സേവനദാതാക്കള്‍ നടത്താന്‍ പാടില്ല.

പ്രത്യേക സേവനങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ക്ക് ട്രായ് ഇളവ് നല്‍കിയിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ ആവശ്യമായി വരുന്ന അത്തരം സേവനങ്ങള്‍ക്ക് സമത്വം നല്‍കേണ്ട ആവശ്യമില്ല. പ്രകൃതിക്ഷോഭം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ നിരക്കില്‍ ഇളവ് നല്‍കാന്‍ സേവനദാതാക്കള്‍ക്ക് അനുമതിയുണ്ട്. അങ്ങിനെ ഇളവ് നല്‍കുമ്പോള്‍ 7 ദിവസത്തിനകം ട്രായിയെ അറിയിച്ച് അംഗീകാരം നേടേണ്ടതുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റിന്റെ മൊത്തത്തിലുള്ള ഗുണമേന്മയും ശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ക്ക് ഈ ശുപാര്‍ശകള്‍ തടസമാകില്ലെന്നും ട്രായ് വ്യക്തമാക്കുന്നു.

ടെലികോം കമ്പനികളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് ട്രായ് നിര്‍ദേശങ്ങള്‍ വിലങ്ങുതടിയാകും

ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ ഉള്ളടക്കവും, യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും ലഭ്യമാകുന്നസാഹചര്യത്തെയാണ് നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റര്‍നെറ്റ് സമത്വമെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വാട്ട്‌സാപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഡാറ്റ പ്ലാനിനു പുറമേ അധിക പണം ഈടാക്കുമെന്ന ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. നിരക്കിളവിന്റെ മറവില്‍ രാജ്യത്തെ സൈബല്‍ ലോകത്ത് ആധിപത്യമുറപ്പിക്കാനുള്ള കുത്തകകളുടെ ശ്രമങ്ങള്‍ക്കാണ് ശുപാര്‍ശകള്‍ ട്രായ് തടയിട്ടിരിക്കുന്നത്.

ഇന്റര്‍നെറ്റ് സേവനം നല്‍കുന്നവര്‍ അതിലെ ഉള്ളടക്കത്തിന് ആനുപാതികമായി വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതു തടഞ്ഞുകൊണ്ടുള്ള വിജ്ഞാപനം 2016 ഫെബ്രുവരിയില്‍ ട്രായ് പുറത്തിറക്കിയിരുന്നു. വിജ്ഞാപനം വന്നതോടെ ഫേസ്ബുക്കും റിലയന്‍സ് കമ്യൂണിക്കേഷനും ചേര്‍ന്നു തുടങ്ങാനിരുന്ന ഫ്രീബേസിക്‌സ്, എയര്‍ടെല്‍ സീറോ തുടങ്ങിയവയ്ക്ക് വിലക്ക് വരികയും ചെയ്തിരുന്നു. വിഷയത്തില്‍ പൊതുജനാഭിപ്രായവും ട്രായ് തേടിയിരുന്നു. നെറ്റ് സമത്വത്തെ അനുകൂലിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്.

Comments

comments

Categories: Slider, Top Stories

Related Articles