ടൈം പബ്ലിഷിംഗ് ഗ്രൂപ്പിനെ മെറിഡിത്ത് കോര്‍പ് ഏറ്റെടുത്തു

ടൈം പബ്ലിഷിംഗ് ഗ്രൂപ്പിനെ മെറിഡിത്ത് കോര്‍പ് ഏറ്റെടുത്തു

ന്യൂയോര്‍ക്ക്: മാഗസിന്‍ പബ്ലിഷറും ബ്രോഡ്കാസ്റ്റ് കമ്പനിയുമായ മെറിഡിത്ത് കോര്‍പ്, പ്രമുഖ പബ്ലിഷിംഗ് ഗ്രൂപ്പായ ടൈം ഇന്‍കിനെ (Time Inc.) ഏറ്റെടുക്കുമെന്നു ഞായറാഴ്ച അറിയിച്ചു. 2.8 ബില്യന്‍ ഡോളറിന്റേതായിരിക്കും കരാറെന്നും അറിയിച്ചു. പ്രിന്റ് മാഗസിന്‍ വ്യവസായം അതിജീവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിട്ടാണ് ഈ ഇടപാടിനെ നിരീക്ഷകര്‍ നോക്കി കാണുന്നത്.ടൈം മാഗസിന്‍, സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ്, പീപ്പിള്‍, ഫോര്‍ച്യൂണ്‍, എന്റര്‍ടെയ്ന്‍മെന്റ് വീക്ക്‌ലി തുടങ്ങിയവയുടെ പ്രസാദകരാണ് ടൈം ഇന്‍ക്.

കരാര്‍പ്രകാരം 1.85 ബില്യന്‍ ഡോളര്‍ മെറിഡിത്ത് പണമായി നല്‍കും. അതൊടൊപ്പം ടൈം ഇന്‍ക് എന്ന സ്ഥാപനത്തിന്റെ കടബാദ്ധ്യതയും മെറിഡിത്ത് ഏറ്റെടുക്കും. ഇക്കാര്യം ഇരു സ്ഥാപനത്തിലെയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ സമ്മതിച്ചിട്ടുണ്ട്. ഇടപാടില്‍ മെറിഡിത്ത് കോര്‍പ്പിനെ സാമ്പത്തികമായി കോച്ച് ബ്രദേഴ്‌സ് എന്നു വിശേഷണമുള്ള അമേരിക്കന്‍ ബിസിനസ് രംഗത്തെ സമ്പന്നരായ കോച്ച് സഹോദരന്മാര്‍ സഹായിക്കും. കോച്ച് ഇന്‍ഡസ്ട്രീസിന്റെ നിക്ഷേപക വിഭാഗമായ കോച്ച് ഇക്വറ്റി ഡവലപ്‌മെന്റില്‍നിന്നും 650 ദശലക്ഷം ഡോളറാണു മെറിഡിത്ത് സ്വരൂപിച്ചത്. സാമ്പത്തികമായി മെറിഡിത്തിനെ കോച്ച് സഹോദരന്മാര്‍ സഹായിച്ചെങ്കിലും മെറിഡിത്തിന്റെ എഡിറ്റോറിയല്‍, മാനേജീരിയല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കോച്ച് സഹോദരന്മാര്‍ക്കു യാതൊരു വിധ അവകാശവുമുണ്ടായിരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

2013 മുതല്‍ ലയന ചര്‍ച്ചകള്‍ ഇരുവിഭാഗങ്ങളും ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് അന്തിമ തീരുമാനത്തിലെത്തിച്ചേരാനായത്. ഫാമിലി സര്‍ക്കിള്‍, ബെറ്റര്‍ ഹോംസ് & ഗാര്‍ഡന്‍സ് തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ പബ്ലിഷറാണു മെറിഡിത്ത് കോര്‍പ്. അമേരിക്കന്‍ സംസ്ഥാനമായ അയോവയിലുള്ള ദെസ് മോയ്‌നിസിലാണ് ആസ്ഥാനം. എഡ്‌വിന്‍ തോമസ് മെറിഡിത്താണ് സ്ഥാപകന്‍. 1902-ല്‍ സക്‌സസ്ഫുള്‍ ഫാമിംഗ് എന്ന മാസിക ആരംഭിച്ചു കൊണ്ടാണ് എഡ്‌വിന്‍ മീഡിയ വ്യവസായത്തിലേക്ക് പ്രവേശിച്ചത്. പിന്നീടാണ് ബെറ്റര്‍ ഹോംസ് ആന്‍ഡ് ഗാര്‍ഡന്‍സ് ആരംഭിച്ചത്. ഇന്ന് ഈ മാസികയ്ക്ക് ഏഴ് മില്യന്‍ വായനക്കാരുണ്ട്. പ്രിന്റില്‍ പേരെടുത്ത പ്രസാദകരാണു മെറിഡിത്ത്. ഇവര്‍ പ്രിന്റില്‍ പ്രശസ്തിയാര്‍ജ്ജിച്ചപ്പോള്‍ പ്രാദേശിക ടെലിവിഷന്‍ സ്റ്റേഷനുകളും ആരംഭിച്ചു. അതു കൊണ്ടു തന്നെ അച്ചടി വ്യവസായം പ്രതിസന്ധികളെ നേരിട്ടപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. മറുവശത്ത് ടൈമിന്റെ പ്രസാദകര്‍ക്ക് ദീര്‍ഘവീക്ഷണമില്ലായ്മ കാരണം വലിയ പ്രതിസന്ധികളെ നേരിടേണ്ടി വരുകയും ചെയ്തു.

1922 നവംബര്‍ 28ന് ഹെന്റി ആര്‍. ലൂസും, ബ്രിട്ടന്‍ ഹാഡനും ചേര്‍ന്നാണ് ടൈം ഇന്‍ക് എന്ന മാധ്യമ സ്ഥാപനത്തിനു തുടക്കമിട്ടത്. ന്യൂയോര്‍ക്കിലാണ് ആസ്ഥാനം. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്നതും നഗരവത്കൃതവുമായൊരു ലോകത്തിന്റെ കാഴ്ചകളെ ഒപ്പിയെടുക്കുന്ന ഒരു മാസിക പ്രസിദ്ധീകരിക്കണമെന്ന ആശയത്തിന്റെ പുറത്താണ് ഇരുവരും ടൈം മാസിക ആരംഭിച്ചത്. ഈ മാസികയുടെ തലക്കെട്ടുകള്‍ പില്‍ക്കാലത്ത് ലോക നേതാക്കളുടെ വരെ ശ്രദ്ധ ആകര്‍ഷിക്കുന്ന തലത്തിലേക്കു മാറി. ചിലയവസരങ്ങളില്‍ ഇതില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളും തലക്കെട്ടുകള്‍ പോലെ ശ്രദ്ധിക്കപ്പെട്ടു.

Comments

comments

Categories: FK Special