സോണി ഇന്ത്യയുടെ വരുമാനത്തില്‍ ഇടിവ് തന്നെ…

സോണി ഇന്ത്യയുടെ വരുമാനത്തില്‍ ഇടിവ് തന്നെ…

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തില്‍ സോണിക്ക് തിരിച്ചടി

കൊല്‍ക്കത്ത: ജാപ്പനീസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ സോണിയുടെ ഇന്ത്യന്‍ വരുമാനം 2017 സാമ്പത്തിക വര്‍ഷത്തിലും ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തില്‍ സോണിക്ക് തിരിച്ചടിയുണ്ടായിരിക്കുന്നത്. ടെലിവിഷന്‍, സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനകളിലുണ്ടായ മാന്ദ്യമാണ് സോണിക്ക് വരുമാനം കുറയാന്‍ കാരണമെന്നാണ് വ്യവസായ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

2016-17ല്‍ സോണി ഇന്ത്യയുടെ വരുമാനം 11 ശതമാനം ഇടിഞ്ഞ് 7,181.84 കോടി രൂപയായെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. മുന്‍വര്‍ഷം 8,073.33 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

2014-15 വര്‍ഷത്തില്‍ 11,010.3 കോടി രൂപയുടെ വരുമാനം കമ്പനി രേഖപ്പെടുത്തിയിരുന്നു. മൊബീല്‍ ഫോണ്‍ ബിസിനസിന്റെ പുന:ക്രമീകരണം മൂലമാണ് വരുമാനത്തില്‍ ഇടിവുണ്ടായതെന്നാണ് സോണി ഇന്ത്യ സെയ്ല്‍സ് മേധാവി സതിഷ് പത്മനാഭന്‍ പറഞ്ഞു. മറ്റെല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളിലും തങ്ങള്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

2016-17ല്‍ സോണി ഇന്ത്യയുടെ വരുമാനം 11 ശതമാനം ഇടിഞ്ഞ് 7,181.84 കോടി രൂപയായി. മുന്‍വര്‍ഷം 8,073.33 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം

തെറ്റില്ലാത്ത വളര്‍ച്ചയാണ് 2016-17ല്‍ സോണി ഇന്ത്യ പ്രതീക്ഷിച്ചിരുന്നതെന്ന് മാനേജിംഗ് ഡറക്റ്റര്‍ കെനിചിറോ ഹിബി നേരത്തെ പറഞ്ഞിരുന്നു. ലാപ്‌ടോപ് ബിസിനസിലെ സമ്മര്‍ദ്ദവും കഴിഞ്ഞ വര്‍ഷം മിഡ് ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള പുറത്തുകടക്കലും വരുമാന വളര്‍ച്ചയെ സ്വാധീനിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ടെലിവിഷന്‍ ബിസിനസ് മാത്രം പരിഗണിക്കുകയാണെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 20 ശതമാനം വളര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷം കമ്പനിതലത്തില്‍ 20 ശതമാനം വരുമാന വളര്‍ച്ചാണ് ലക്ഷ്യമിടുന്നതെന്നും ബിഹി അറിയിച്ചിരുന്നു.

മൊത്തത്തിലുള്ള എല്‍ഇഡി ടെലിവിഷന്‍ ബിസിനസില്‍ രണ്ടാം സ്ഥാനത്ത് നിന്നും കഴിഞ്ഞ വര്‍ഷം സോണി പിന്തള്ളപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ വഴിയടക്കം നിരവധി പുതിയ ബ്രാന്‍ഡുകളാണ് ടെലിവിഷന്‍ വിപണിയിലേക്ക് രംഗപ്രവേശനം ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ എന്‍ട്രി-ലെവല്‍ സെഗ്മെന്റില്‍ കടുത്ത വില സമ്മര്‍ദ്ദമാണുണ്ടായിരിക്കുന്നത്. സോണിയുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ 60 ശതമാനവും സംഭാവന ചെയ്യുന്നത് ടെലിവിഷന്‍ ബിസിനസാണ്.

ഇടത്തരക്കാര്‍ക്കായി രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ സോണി ഇന്ത്യ നവംബറില്‍ അവതരിപ്പിച്ചുകൊണ്ട് മിഡ്-സെഗ്മെന്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലേക്കുള്ള തിരിച്ചുവരവ് നടത്തിയിരുന്നു. 12,990, 14,990 രൂപ വിലകളുള്ള ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. പ്രീമിയം സെഗ്മെന്റില്‍ ഒഎല്‍ഇഡി ടെലിവിഷനുകളും സോണി വ്യാപിപ്പിക്കും. ഇന്ത്യന്‍ വിപണിയില്‍ ലൈഫ്‌സ്റ്റൈല്‍ സെഗ്മെന്റില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ആരംഭിക്കുന്നതും സോണി പരിഗണിച്ച് വരികയാണ്.

Comments

comments

Categories: Business & Economy