മൈക്രോസോഫ്റ്റിന്റെ എഐ ഗവേഷണങ്ങളില്‍ ഇനി സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍

മൈക്രോസോഫ്റ്റിന്റെ എഐ ഗവേഷണങ്ങളില്‍ ഇനി സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍

സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ സംബന്ധിച്ച ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കും

റെഡ്മണ്ട് (വാഷിംഗ്ടണ്‍) : മൈക്രോസോഫ്റ്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) (കൃത്രിമ ബുദ്ധി) ഗവേഷണ പ്രോജക്റ്റായ ‘എയര്‍സിം’ ല്‍ കാര്‍ സിമുലേഷന്‍ ഉള്‍പ്പെടുത്തി. സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ സംബന്ധിച്ച ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് സഹായിക്കും. കൃത്രിമ ബുദ്ധി സംവിധാനങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിന് മൈക്രോസോഫ്റ്റ് ഈ വര്‍ഷമാദ്യം ‘എയര്‍സിം’ ഓപ്പണ്‍-സോഴ്‌സ് ചെയ്തിരുന്നു.

സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിന് ഓട്ടോണമസ് വാഹനങ്ങള്‍ കൃത്രിമ ബുദ്ധി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന ഗവേഷണമാണ് പുരോഗമിക്കുന്നത്. ഇതിനായി യഥാര്‍ത്ഥ സാഹചര്യങ്ങള്‍, വാഹന ഡൈനാമിക്‌സ്, സെന്‍സിംഗ് എന്നിവയെല്ലാം എയര്‍സിമ്മിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഉറപ്പുവരുത്തുന്നതായി മൈക്രോസോഫ്റ്റ് പ്രിന്‍സിപ്പല്‍ റിസര്‍ച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ശീതള്‍ ഷാ പറഞ്ഞു. എയര്‍സിമ്മിന്റെ പുതിയ വേര്‍ഷന്‍ ഓപ്പണ്‍-സോഴ്‌സ്, ക്രോസ്-പ്ലാറ്റ്‌ഫോമായി ഗിറ്റ്ഹബ്ബില്‍ ലഭ്യമാണെന്ന് മൈക്രോസോഫ്റ്റിലെ പ്രധാന ഗവേഷകനായ ആശിഷ് കപൂര്‍ അറിയിച്ചു.

സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിന് ഓട്ടോണമസ് വാഹനങ്ങള്‍ കൃത്രിമ ബുദ്ധി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന ഗവേഷണമാണ് പുരോഗമിക്കുന്നത്

കാര്‍ സിമുലേഷനുകള്‍, പുതിയ പരിതസ്ഥിതികള്‍, ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എപിഐ) എന്നിവ എയര്‍സിമ്മിന്റെ പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുന്നു. പ്രോഗ്രാമിംഗ് കുറേക്കൂടി എളുപ്പമാക്കുന്നതിന് ഇത് സഹായിക്കും. ട്രാഫിക് ലൈറ്റുകള്‍, പാര്‍ക്കുകള്‍, തടാകങ്ങള്‍, നിര്‍മ്മാണ സൈറ്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന വിശദമായ 3ഡി നഗരം എയര്‍സിമ്മില്‍ നല്‍കി. സിമുലേഷനില്‍ ഇരുപത് നഗര ബ്ലോക്കുകളിലായി 12 കിലോമീറ്ററിലധികം റോഡ് സൃഷ്ടിച്ചു. നഗര, ഗ്രാമീണ റോഡുകള്‍ തെരഞ്ഞെടുക്കുന്നതിനും അതിനനുസരിച്ച സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും അവസരമുണ്ട്.

Comments

comments

Categories: Auto