രുചിക്കൂട്ടിന്റെ മാജിക്

രുചിക്കൂട്ടിന്റെ മാജിക്

നടത്തിക്കൊണ്ടു പോകാന്‍ പറ്റാതെ നാലോളം പേര്‍ ഉപേക്ഷിച്ച ഒരു റെെസ്റ്റാറന്റ് സംരംഭം ഏറ്റെടുത്ത് ചരിത്ര വിജയമാക്കി മാറ്റിയ കഥയാണ് ‘ആദമിന്റെ ചായക്കട’യുടെ ഉടമകളായ അന്‍ഷാദ് നാസിമിനും ഫ്രെയ്‌സം അഷ്‌റഫിനും പറയാനുള്ളത്. ഐടി പ്രൊഫഷന്‍ വിട്ട് ചായക്കട നടത്തിപ്പിന് ഇറങ്ങിത്തിരിച്ച ഇവര്‍ കേരളത്തിലെ ജനപ്രിയ റെെസ്റ്റാറന്റ് ബ്രാന്‍ഡിലൂടെ രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ബിസിനസ് വളര്‍ത്തുകയാണ്

ആളുകള്‍ രണ്ടു തരമുണ്ട്. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവരും ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരും. ഭക്ഷണ പ്രേമികളായ ആളുകള്‍ ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവരാണ്. പുതിയ രുചികള്‍ കണ്ടെത്താനും അതിനുവേണ്ടി എന്തു ചെയ്യാനും എവിടെ വേണമെങ്കിലും പോകാനും തയാറായിട്ടുള്ളവര്‍ക്ക് ഏറെ പ്രിയപ്പെട്ട ചോയ്‌സാണ് എറണാകുളം തൃശൂര്‍ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ആദമിന്റെ ചായക്കട. രുചിയില്‍ പരിഷ്‌കാരികളായ ചിക്കന്‍ പരിഷ്‌കാരി, മനം മയക്കുന്ന കുറത്തിക്കോഴി, കൊണ്ടാട്ടം, നാടന്‍ ചില്ലിചിക്കന്‍ തുടങ്ങിയ വിഭവങ്ങള്‍ നിരത്തി വച്ച് കേറിവാടാ മക്കളെ എന്നു മനസു തുറന്നു വിളിക്കുമ്പോള്‍ അവിടേക്കു കടന്നു ചെല്ലാന്‍ മടിക്കുന്ന മലയാളികള്‍ ഉണ്ടാവില്ല. നാടന്‍ രുചിയോടുള്ള മലയാളികളുടെ മൊഹബത്ത് അങ്ങനെയൊന്നും പൊയ്‌പ്പോവൂല്ല എന്നു തെളിയിക്കുകയാണ് ആദമിന്റെ ചായക്കട.

തൃശൂര്‍ – എറണാകുളം ഹൈവേയിലുള്ള ഇവരുടെ കടയിലേക്ക് കയറിച്ചെല്ലുമ്പോള്‍ തന്നെ രുചിപ്രേമികളുടെ മനം നിറയും. മലബാറിന്റെ സല്‍ക്കാരപ്പെരുമ ഓര്‍മിപ്പിച്ചുകൊണ്ട് വയറു നിറച്ചേ ആരും തിരിച്ചു പോവുകയുള്ളു. ഉന്നക്കായ, മുട്ടപ്പോള, പഴംപൊരി, മീന്‍ പത്തിരി തുടങ്ങി കണ്ണാടിക്കൂട്ടിലിരുന്ന് മാടിവിളിക്കുന്ന പലഹാരങ്ങള്‍ക്കൊപ്പം ആദമിന്റെ ചായക്കടയുടെ സ്വന്തം ഹമീദി ചായ കൂടിയാകുമ്പോള്‍ ചായകുടി സംതൃപ്തമാകും. ഷെഫിന്റെ പേരിലാണ് ഹമീദി ചായ അറിയപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്. ചായ കുടിക്കാന്‍ വന്ന ഒരു വ്യക്തി ഒരൊറ്റയിരുപ്പില്‍ ഏഴു ചായ വരെ കുടിച്ചു തീര്‍ത്തുവെന്ന രുചി വൈഭവത്തിന്റെ കഥകൂടി ഹമീദി ചായക്ക് പറയാനുണ്ട്. പരമ്പരാഗതമായ രീതിയില്‍ നിര്‍മിച്ച ചായക്കടയിലെ ഓരോ കോണിനുമുണ്ട് ഭക്ഷണവുമായി ബന്ധപ്പെട്ട കഥകള്‍ പറയാന്‍. തടികൊണ്ടുണ്ടാക്കിയ ബാസ്‌കറ്റുകള്‍, ട്രേ, ചിരട്ട കൊണ്ടുണ്ടാക്കിയ പ്ലേറ്റുകള്‍ തുടങ്ങി എല്ലാമെല്ലാം കൗതുകമേറുന്നതാണ്. മലബാറി ഫ്‌ളേവറിന് വലിയ പ്രാധാന്യമാണ് ഇക്കൂട്ടര്‍ നല്‍കുന്നത്. പ്രാര്‍ത്ഥനാ മുറി മുതല്‍ പരമ്പരാഗത അറേബ്യന്‍ ശൈലിയിലുള്ള ഇരിപ്പിടങ്ങള്‍, ഫീഡിംഗ് റൂം, റെസ്റ്റ് റൂം വരെ ഇവര്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതല്‍ രാത്രി 10 മണി വരെ കട തുറന്നു പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര നിലവാരത്തിലാണ് ഭക്ഷണവും സേവനങ്ങളുമെല്ലാം ഒരുക്കുന്നത്. നോണ്‍ വെജിനാണ് പ്രാധാന്യം നല്‍കുന്നതെങ്കിലും വെജിറ്റേറിയന്‍ വിഭവങ്ങളും ഇവിടെ സുലഭം. വയറു നിറയെ ഭക്ഷണം കഴിച്ചു മടങ്ങുമ്പോള്‍ മനസു നിറയ്ക്കാന്‍ ഒരു സുലൈമാനി കൂടി ഇവര്‍ നല്‍കും.

നെടുമ്പാശേരി എയര്‍പോര്‍ട്ടിലാണ് ആദമിന്റെ ചായക്കടയുടെ ആദ്യ ശാഖ തുടങ്ങിയത്. പിന്നീട് അവസരം കിട്ടിയപ്പോള്‍ 2014ല്‍ മലേഷ്യയിലേക്ക് ചേക്കേറി. ഫാത്തിമാസ് കിച്ചണ്‍ എന്ന പേരിലാണ് ഇവിടെ തുടക്കം കുറിച്ചത്. പിന്നീട് കേരളത്തിലെ രണ്ടാമത്തെ ശാഖ ആലുവ ദേശത്ത് തുടങ്ങി. മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും കൂടി ശൃംഖലകള്‍ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പും നടന്നുവരുന്നു

2013ല്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലാണ് ആദമിന്റെ ചായക്കടയുടെ ആദ്യ ശാഖ പ്രവര്‍ത്തനം തുടങ്ങുന്നത്. നല്ല തലശേരി ബിരിയാണിയുടെ ദം പൊട്ടിച്ചപോലെ എയര്‍പോര്‍ട്ടിലാകെ ആദമിന്റെ ചായക്കടയൊരുക്കിയ രുചിയുടെ ഗന്ധം വ്യാപിച്ചു. അന്ന് പ്രണയദിനത്തില്‍ ഭക്ഷണത്തോടുള്ള പെരുത്ത മൊഹബത്തുകൊണ്ട് അന്‍ഷാദ് നാസിം തുടങ്ങിയ സംരംഭത്തിലേക്ക് കസിന്‍ ബ്രദറായ ഫ്രെയ്‌സം അഷ്‌റഫ് കടന്നുവന്നത് രണ്ടുമാസം കൂടി കഴിഞ്ഞാണ്. ഐടി മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ആ രംഗത്തെ തങ്ങളുടെ കഴിവുകളും പുതിയ സംരംഭത്തില്‍ പ്രയോജനപ്പെടുത്താന്‍ തയാറായി. രണ്ടുപേരുടെയും ചെറുപ്പം മുതലുള്ള പാഷനാണ് ആദമിന്റെ ചായക്കടയ്ക്ക് പിന്നില്‍. നാലഞ്ച് പേര്‍ നടത്തിക്കൊണ്ട് പോകാന്‍ പറ്റാതെ ഉപേക്ഷിച്ച ഒരു സംരംഭം എല്ലാ വെല്ലുവിളികളോടും കൂടി ഇവര്‍ ഏറ്റെടുക്കുകയായിരുന്നു. യുവ സംരംഭകരെന്ന നിലയില്‍ തുടക്കത്തില്‍ നിരവധി ബുദ്ധിമുട്ടുകളാണ് ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.

അനുഭവ സമ്പത്തില്ലാതിരുന്നത് തുടക്ക കാലത്ത് ഈ സഹോദരങ്ങളെ സംബന്ധിച്ച് വലിയ പ്രശ്‌നം തന്നെയായിരുന്നു. വളര്‍ച്ചയുടെ ഗ്രാഫ് താഴേക്കു പോയ ചരിത്രം ആദ്യ കാലത്ത് ആദമിന്റെ ചായക്കടയ്ക്ക് ഉണ്ടായിരുന്നു എന്നു പറഞ്ഞാല്‍ ഇന്ന് അധികമാരും വിശ്വസിക്കില്ല. സൈഡ് ബിസിനസ് എന്ന നിലയില്‍ കൊണ്ടുപോയിരുന്ന സ്ഥാപനമായിരുന്നു ആദ്യകാലങ്ങളില്‍ ഇവര്‍ക്കിത്. ആ ഒരു പ്രാധാന്യം മാത്രമേ തുടക്കത്തില്‍ കൊടുത്തിരുന്നുമുള്ളു. പിന്നീടാണ് മേഖലയിലെ കണ്ണഞ്ചിപ്പിക്കുന്ന അവസരങ്ങള്‍ ഇവര്‍ തിരിച്ചറിയുന്നത്. പിന്നീട് റെെസ്റ്റാറന്റ് മേഖലയിലേക്ക് പൂര്‍ണമായും ഇറങ്ങിത്തിരിച്ചു. പ്ലേറ്റ് വാഷിംഗ് മുതല്‍ പാചകം വരെ സംരംഭവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇവര്‍ തന്നെ നേരിട്ട് ഏറ്റെടുത്തു ചെയ്തു. അനുഭവ സമ്പത്തില്ല എന്ന പരിമിതി മാറിക്കിട്ടാന്‍ അതിന്റെ അടിസ്ഥാനമായ ഓരോ മേഖലകളിലും പ്രവര്‍ത്തിക്കണം എന്ന വസ്തുത ഈ സഹോദരങ്ങള്‍ തിരിച്ചറിഞ്ഞു.

ഇന്ന് ആദമിന്റെ ചായക്കട മലയാളികളുടെ പ്രിയപ്പെട്ട റെെസ്റ്റാറന്റ്് ബ്രാന്‍ഡായി മാറിയിരിക്കുന്നു. കേരളത്തില്‍ നിലവില്‍ രണ്ട് ശാഖകളാണിവര്‍ക്കുള്ളത്. നെടുമ്പാശേരി എയര്‍പോര്‍ട്ടിലാണ് ആദ്യ ശാഖ തുടങ്ങിയത്. പിന്നീട് അവസരം കിട്ടിയപ്പോള്‍ 2014ല്‍ മലേഷ്യയിലേക്ക് ചേക്കേറി. ഫാത്തിമാസ് കിച്ചണ്‍ എന്ന പേരിലാണ് ഇവര്‍ അവിടെ തുടക്കം കുറിച്ചത്. പിന്നീട് കേരളത്തിലെ രണ്ടാമത്തെ ശാഖ ആലുവ ദേശത്ത്് തുടങ്ങി. എല്ലായിടത്തും ഉപഭോക്താക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും കൂടി ശൃംഖലകള്‍ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പും നടന്നുവരുന്നു.

ശക്തമായ ആര്‍ ആന്‍ഡ് ഡി ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റെിനായി ഒരു ടീം തന്നെ ഇവരോടൊപ്പമുണ്ട്. ഓരോ ആഴ്ചയിലും ഓരോ പുതിയ ഐറ്റം അവതരിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നിലവില്‍ 600ലധികം വിഭവങ്ങള്‍ ഇവര്‍ നല്‍കുന്നുന്നു. ഇതില്‍ പകുതിയിലധികവും ആദമിന്റെ ചായക്കടയുടെ സ്വന്തം വിഭവങ്ങളാണ്

റെെസ്റ്റാറന്റിനെ സംബന്ധിച്ച് അതിന്റെ ഏറ്റവും മര്‍മപ്രധാന ഭാഗം അടുക്കളയാണ്. അടുക്കളയില്‍ നിന്നു വരുന്ന ഔട്ട്പുട്ടിന്റെ നിലവാരമാണ് ഉപഭോക്താക്കളെ വീണ്ടും ഇവിടെയെത്താന്‍ പ്രേരിപ്പിക്കുന്നത്. ഒരു തവണ വന്നവര്‍ വീണ്ടും വരാന്‍ തക്കവണ്ണമുള്ള സേവനവും ഔട്ട്പുട്ടുമുണ്ടാക്കാന്‍ ഇവര്‍ ശ്രമിച്ചു. വിറകുപയോഗിച്ച് പാകം ചെയ്യേണ്ടിടത്ത് അതും അല്ലാത്തിടത്ത് മറ്റു മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തി ഇവര്‍ ഭക്ഷണമുണ്ടാക്കി. രുചിയും നിലവാരവും നിലനിര്‍ത്താന്‍ സാധിക്കാത്തതാണ് പല റെെസ്റ്റാറന്റുകളും പൂട്ടിപ്പോകാനുള്ള കാരണം. രുചിക്കു വേണ്ടി പലരും പലതും ഭക്ഷണത്തില്‍ കലര്‍ത്തുന്നുണ്ട്. ആ രീതിയിലല്ല ഇവര്‍ മുന്നോട്ടു പോകുന്നത്. കൃത്രിമ നിറങ്ങളോ മറ്റു രുചിവര്‍ധക വസ്തുക്കളോ ചേര്‍ക്കുന്ന പ്രവണത ഇവിടെയില്ല. കാശ്മീരി മുളകാണ് നിറം കിട്ടാനായി ഇവര്‍ പ്രധാനമായും ചേര്‍ക്കുന്നത്. ഇത് ആരോഗ്യപ്രദം കൂടിയാണ്. പാചകത്തിനും ഉപഭോക്താക്കള്‍ക്ക് കുടിക്കാനും നല്‍കുന്ന വെള്ളത്തിന്റെ നിലവാരത്തിലും ഇവര്‍ ശ്രദ്ധയൂന്നുന്നു. സ്വന്തം സ്ഥലത്തുള്ള കിണറില്‍ നിന്നുള്ള ശുദ്ധജലം ഫില്‍റ്റര്‍ ചെയ്താണ് ഉപയോഗിക്കുന്നത്. വിഭവങ്ങള്‍ കേടാകാതിരിക്കുന്നതിലും ഭക്ഷണത്തിന്റെ രുചിയിലും ആഹാരം കഴിക്കുന്നവരുടെ ആരോഗ്യത്തിലും വരെ വെള്ളം സ്വാധീനിക്കുന്നുണ്ട് എന്നതിനാലാണ് ഈ കരുതല്‍.

പുതുതലമുറയില്‍ പെട്ടവര്‍ക്ക് റെെസ്റ്റാറന്റ് ബിസിനസ് അല്ലെങ്കില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട സംരംഭങ്ങെളെല്ലാം ഒരു പാഷനാണ്. അതേ പാഷന്‍ തന്നെയാണ് ഇവര്‍ക്കും പ്രചോദനമായത്. പേരില്‍ ചായക്കട ഉണ്ടെന്നാല്‍ പോലും പാചകത്തിന് ഉപയോഗിക്കുന്നത് ഹൈ എന്‍ഡ് സാങ്കേതികവിദ്യകളാണ്. ജര്‍മന്‍ സാങ്കേതികവിദ്യയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. റാഷണല്‍ കണക്റ്റഡ് കുക്കിംഗ് എന്ന കുക്കിംഗ് ടെക്‌നോളജി ഇവരുടെ അടുക്കളയെ ആഗോള നിലവാരത്തിലേക്കുയര്‍ത്തുന്നു.

ഫ്രെയ്‌സം അഷ്‌റഫ്, അന്‍ഷാദ് നാസിം സ്ഥാപകര്‍ ആദമിന്റെ ചായക്കട

ശക്തമായ ആര്‍ ആന്‍ഡ് ഡി ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റെിനായി ഒരു ടീം തന്നെ ഇവരോടൊപ്പമുണ്ട്. ഓരോ ആഴ്ചയിലും ഓരോ പുതിയ ഐറ്റം അവതരിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നിലവില്‍ 600ലധികം വിഭവങ്ങള്‍ ഇവര്‍ നല്‍കുന്നു. ഇതില്‍ പകുതിയിലധികവും ആദമിന്റെ ചായക്കടയുടെ സ്വന്തം വിഭവങ്ങളാണ്. ഓരോ ദിവസവും മെനു മാറിക്കൊണ്ടിരിക്കും. സ്വന്തമായി വികസിപ്പിച്ച ഭക്ഷ്യ വിഭവങ്ങള്‍ക്കൊപ്പം പരമ്പരാഗതമായ രുചിക്കൂട്ടുകളും ഇവര്‍ അവതരിപ്പിക്കുന്നു. എല്ലാ റെെസ്റ്റാറന്റുകളിലും കിട്ടുന്ന ബിരിയാണി അല്ലെങ്കില്‍ പൊറോട്ട, ചപ്പാത്തി എന്നീ വിഭവങ്ങളില്‍ നിന്ന് വേറിട്ട് നമ്മുടെ തലമുറയ്ക്ക് അന്യമായി മാറിയതും മുന്‍തലമുറകള്‍ ആഘോഷമാക്കിയതുമായ വിഭവങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. അത്തരം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ ഏത് വഴികളിലൂടെയും സഞ്ചരിക്കാന്‍ ഇവര്‍ തയാറാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ എല്ലാ ജില്ലകളിലും കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലും വ്യത്യസ്തങ്ങളായ രുചി തേടി ഇരുവരും അലഞ്ഞു. ആദാമിന്റെ ചായക്കടയുടെ പ്രത്യേകത എന്തെന്നറിയാനും എന്തുകൊണ്ടാണ് ആളുകള്‍ക്കിടയില്‍ ഈ സംരംഭത്തോട് ഇത്രമാത്രം സ്വീകാര്യത എന്നറിയാനും കേരളത്തിലെ ഒട്ടുമിക്ക റെെസ്റ്റാറന്റ് ഉടമകളും ഇവിടം സന്ദര്‍ശിക്കുന്നുണ്ട്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിനു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിക്കുന്നത്. സങ്കേതികമായി ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്നും ഇവര്‍ പറയുന്നു. ഒരാഴ്ച ഒരു പുതിയ ഡിഷ് എന്ന ടാര്‍ജെറ്റിലാണ് മുന്നോട്ടു പോകുന്നത്. ഒരു ദിവസത്തില്‍ ഒന്ന് എന്നതിലേക്ക് എത്തിച്ചേരുന്ന കാലം വിദൂരമല്ലെന്നും ഇവര്‍ വ്യക്തമാക്കി.

‘enna kopa de’ എന്ന പേരില്‍ ഒരു പ്രീമിയം ലെസി ഷോപ്പിന് ഇവര്‍ രൂപം നല്‍കുന്നുണ്ട്. ലെസി മാത്രമല്ല ഇവര്‍ അവതരിപ്പിക്കുന്ന ധാരാളം വൈവിധ്യമാര്‍ന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഇവിടെ ലഭിക്കും. സയന്‍സും ഭക്ഷണവും കൂടിച്ചേര്‍ന്ന മോളിക്കുലാര്‍ ഗ്യാസ്‌ട്രോണമി എന്ന പുതിയ ആശയവും ആവിഷ്‌കരിച്ചിട്ടുണ്ട്. എത്രയും വേഗം ഇതിന് തുടക്കമിടാനുള്ള തയാറെടുപ്പിലാണിവര്‍. ഹോം മേഡ് ഐസ്‌ക്രീമിന്റെ മറ്റൊരു വിഭാഗവും ഉടന്‍ ആരംഭിക്കും. കളറും പ്രിസര്‍വേറ്റീവുകളുമില്ലാതെ നാച്വറല്‍ ഐസ്‌ക്രീം ഇവിടെ ലഭ്യമാക്കും. എല്ലാ വിഭാഗത്തിലുള്ള ആളുകള്‍ക്കും നിര്‍ഭയം രുചിക്കാന്‍ ഉതകുന്ന തരത്തിലാണ് ഹോം മേഡ് ഐസ്‌ക്രീം തയാറാക്കുന്നത്. ‘ചായേന്റെ ബെള്ളം മൊതല് നിക്കാഹിന്റെ സല്‍ക്കാരം വരെ’ ഒരുക്കി ആലുവ ദേശത്ത് ആദമിന്റെ ചായക്കട ഭക്ഷണ പ്രേമികളെ കാത്തിരിപ്പുണ്ട്.

 

Comments

comments

Categories: FK Special, Slider