ആഗോള വാഹന നിര്‍മ്മാതാക്കളുടെ പ്രധാന വിപണി ഇന്ത്യ

ആഗോള വാഹന നിര്‍മ്മാതാക്കളുടെ പ്രധാന വിപണി ഇന്ത്യ

ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്ക് കടന്നുചെല്ലുന്നതിനുള്ള ഇടത്താവളം എന്ന നിലയില്‍നിന്ന് ഇന്ത്യന്‍ വിപണി വളര്‍ന്നതായി കണക്കുകള്‍ തെളിയിക്കുന്നു

ന്യൂ ഡെല്‍ഹി : ആഗോള വാഹന നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവുമധികം റവന്യൂ നേടിക്കൊടുക്കുന്നത് ഇവരുടെ ഇന്ത്യയിലെ അനുബന്ധ കമ്പനികള്‍. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്ക് കടന്നുചെല്ലുന്നതിനുള്ള ഇടത്താവളം എന്ന നിലയില്‍നിന്ന് ഇന്ത്യന്‍ വിപണി ഇവര്‍ക്ക് പണം കായ്ക്കുന്ന മരമായി വളര്‍ന്നു എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. സുസുകി, ഹോണ്ട തുടങ്ങിയ ആഗോള ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയാണ് പ്രധാന റവന്യൂ സ്രോതസ്സ്.

ജാപ്പനീസ് മാതൃ കമ്പനിയായ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ ആഗോള വില്‍പ്പനയുടെ പകുതിയിലധികം സംഭാവന ചെയ്യുന്നത് മാരുതി സുസുകിയാണ്. 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജപ്പാന്‍ കടലിനുചുറ്റുമുള്ള സുസുകിയുടെ എതിരാളികളായ ഹ്യുണ്ടായ്ക്കും ഇന്ത്യ തന്നെ പ്രധാനം. ഇന്ത്യന്‍ വിപണിയിലേക്ക് ആദ്യം കടന്നുവന്ന വാഹന നിര്‍മ്മാതാക്കളിലൊന്നാണ് ഹ്യുണ്ടായ്.

ഈ വര്‍ഷം ജനുവരി മുതല്‍ ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ ഹ്യുണ്ടായ് ഗ്രൂപ്പിന്റെ ആകെ വില്‍പ്പനയുടെ പതിനഞ്ച് ശതമാനം ഇന്ത്യയിലായിരുന്നു. ഹ്യുണ്ടായ് യൂറോപ്പില്‍ വിറ്റഴിക്കുന്നതിനേക്കാള്‍ വില്‍പ്പന നടക്കുന്നത് ഇന്ത്യയിലാണ്. 2015 ല്‍ ആഗോള വില്‍പ്പനയുടെ 13.5 ശതമാനമായിരുന്നു ഇന്ത്യയിലെ വില്‍പ്പന. ഒന്നര പതിറ്റാണ്ട് മുമ്പാണ് ദക്ഷിണ കൊറിയന്‍ കമ്പനി ഇന്ത്യയില്‍ പ്രവേശിക്കുന്നത്.

ഏഷ്യയിലെ മൂന്നാമത്തേയും ലോകത്ത് അതിവേഗം വളരുന്നതുമായ സമ്പദ്‌വ്യവസ്ഥയുടെ ഗുണഭോക്താക്കള്‍ കാറുകള്‍ മാത്രമല്ല. സുസുകി മോട്ടോര്‍സൈക്കിളിന്റെയും ഹോണ്ട മോട്ടോര്‍സൈക്കിളിന്റെയും ഇന്ത്യന്‍ അനുബന്ധ കമ്പനികളാണ് മാതൃ കമ്പനികളുടെ ആഗോള വില്‍പ്പനയുടെ മൂന്നിലൊന്ന് നടത്തുന്നത്.

ജാപ്പനീസ് മാതൃ കമ്പനിയായ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ ആഗോള വില്‍പ്പനയുടെ പകുതിയിലധികം സംഭാവന ചെയ്യുന്നത് മാരുതി സുസുകിയാണ്

2017-18 രണ്ടാം പാദത്തില്‍ സുസുകിയുടെ ആഗോള വില്‍പ്പന വളര്‍ച്ചയില്‍ 54.40 ശതമാനം മാരുതി സുസുകിയുടെ വകയാണെന്ന് സുസുകിയുടെ ഗ്ലോബല്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2016-17 അവസാനത്തില്‍ ഇത് 49.50 ശതമാനമായിരുന്നു. ഇന്ത്യയ്ക്ക് ഇതില്‍കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്നാണ് കോംപാക്റ്റ് കാര്‍ കമ്പനി കരുതുന്നത്.

ലോകത്ത് അതിവേഗം വളരുന്ന വാഹന വിപണിയാണ് ഇന്ത്യ. സുസുകിയെ സംബന്ധിച്ച് ഇന്ത്യ പ്രധാന വിപണിയാണെന്നും അതിനനുസരിച്ച നിക്ഷേപങ്ങള്‍ നടത്തിവരികയാണെന്നും ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന് തയ്യാറാണെന്നും മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. ഭാവിയില്‍ മാരുതി സുസുകി വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് ഇന്ത്യയില്‍നിന്നുള്ള സുസുകിയുടെ വില്‍പ്പന വിഹിതം വര്‍ധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാരുതി സുസുകിയുടെ വില്‍പ്പന വളര്‍ച്ച 17 ശതമാനമായിരുന്നു (8,26,000 യൂണിറ്റ്).സുസുകിയുടെ ജപ്പാനിലെ വില്‍പ്പനയെ മറികടക്കുന്ന പ്രകടനം. ജപ്പാനില്‍ 7.2 ശതമാനമായിരുന്നു വില്‍പ്പന വളര്‍ച്ച.

2018 ല്‍ എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക്, 2019 ല്‍ കോംപാക്റ്റ് എസ്‌യുവി എന്നിവ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായ് ഇന്ത്യ. ഇന്ത്യയില്‍ കൂടുതല്‍ വളര്‍ച്ചയാണ് ഹ്യുണ്ടായുടെ ലക്ഷ്യം. ആഗോളതലത്തില്‍ ഹ്യുണ്ടായുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്നും പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതോടെ വിപണി വിഹിതം വര്‍ധിക്കുമെന്നും ഹോണ്ട മോട്ടോര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

ഈയിടെ സുസുകിയുടെയും ഹോണ്ടയുടെയും ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി ഇന്ത്യ മാറിയിരുന്നു. അതാത് കമ്പനികളുടെ ആഗോള വില്‍പ്പനയുടെ മൂന്നിലൊന്ന് സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുമാണ് സംഭാവന ചെയ്യുന്നത്. ഹോണ്ടയുടെ നമ്പര്‍ വണ്‍ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യയെന്ന് ഹോണ്ട മോട്ടോര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

Comments

comments

Categories: Auto