ഭാരതി എയര്‍ടെല്ലും കോഴ്‌സേറയും സഹകരിക്കുന്നു

ഭാരതി എയര്‍ടെല്ലും കോഴ്‌സേറയും സഹകരിക്കുന്നു

ന്യൂഡെല്‍ഹി: ഉയര്‍ന്ന നൈപുണ്യ പരിശീലനം നല്‍കി മികച്ച അധ്വാന വര്‍ഗത്തെ വാര്‍ത്തെടുക്കുന്നതിനുള്ള ഉദ്യമങ്ങള്‍ക്കായി ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലും യുഎസ് ഓണ്‍ലൈന്‍ ലേണിംഗ് സ്റ്റാര്‍ട്ടപ്പായ കോഴ്‌സേറയും സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി എയര്‍ടെല്‍ ജീവനക്കാര്‍ക്ക് ആഗോളതലത്തിലെ മുന്‍നിര വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നു എമര്‍ജിംഗ്/നെറ്റ്‌വര്‍ക്ക് ടെക്‌നോളജി, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം നല്‍കും.

കോഴ്‌സേറയുമായുള്ള പങ്കാളിത്തം എയര്‍ടെല്‍ ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ സെര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ലഭ്യമാക്കാന്‍ സഹായിക്കും. ഇതു വഴി ഡിജിറ്റല്‍ എയര്‍ടെല്ലിലേക്കുള്ള കമ്പനിയുടെ കുതിപ്പ് പൂര്‍ത്തീകരിക്കാനാകുന്ന വൈദഗ്ധ്യമുള്ള തൊഴിലാളി സമൂഹത്തിനെ സൃഷ്ടിക്കാന്‍ കഴിയുമെന്നും എയര്‍ടെല്‍ ഗ്ലോബല്‍ ചീഫ് ഹ്യൂമണ്‍ റിസോഴ്‌സ് ഓഫീസര്‍ ശ്രീകാന്ത് ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഈ ലക്ഷ്യം മുന്‍നിര്‍ത്തികൊണ്ട് ‘കോഴ്‌സേറ ഫോര്‍ ബിസിനസ്’ പ്ലാറ്റ്‌ഫോമില്‍ എയര്‍ടെല്‍ ജീവനക്കാരുടെ നൈപുണ്യ വികസനം സാധ്യമാക്കുന്ന കോഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്യും. കോഴ്‌സേറ മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്, ഡിജിറ്റല്‍ ടെക്‌നോളജി, സൈബര്‍ സുരക്ഷ, ക്ലൗഡ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സോഫ്റ്റ് സ്‌കില്‍സ് തുടങ്ങിയ വിഷയങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

Comments

comments

Categories: Business & Economy