ഹൗസ് ലിഫ്റ്റിംഗിലൂടെ വീടുകള്‍ സുരക്ഷിതമാക്കാം

ഹൗസ് ലിഫ്റ്റിംഗിലൂടെ വീടുകള്‍ സുരക്ഷിതമാക്കാം

വീടിനു ചുറ്റും വെള്ളം കെട്ടികിടക്കുന്നുവെന്ന ആധി ഇനി വേണ്ട. ഹൗസ് ലിഫ്റ്റിംഗ് സൗകര്യങ്ങള്‍ ഇന്ന് കേരളത്തിലും വ്യാപിച്ചു കഴിഞ്ഞു. ഇനി വെള്ളത്തിനെയും അതിജീവിച്ച് വീടുകള്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ ഉയര്‍ത്തി സ്ഥാപിച്ച് സുരക്ഷിതമാക്കാം

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ വീടുകളില്‍ വെള്ളം കയറുന്നതും മറ്റും പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഹൗസ് ലിഫ്റ്റിംഗിലൂടെ ശാശ്വത പരിഹാരം നല്‍കുകയാണ് കോഴിക്കോട് സ്വദേശി ഷിബു. വീടുകള്‍ അതേ സ്ഥാനത്തുനിന്നും ഒരു പോറല്‍ പോലുമേല്‍ക്കാതെ എത്ര വേണമെങ്കിലും ഉയര്‍ത്തി പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഹൗസ് ലിഫ്റ്റിംഗ് (വീട് ഉയര്‍ത്തല്‍). എത്ര പഴക്കമുള്ള വീടാണെങ്കിലും ഹൗസ് ലിഫ്റ്റിംഗ് സാധ്യമാണ്. സ്വന്തം വീട് ഉയര്‍ത്തികൊണ്ടാണ് ഷിബു ഈ മേഖലയിലേക്കു കടന്നുവന്നത്. വീട് വെള്ളത്തില്‍ മുങ്ങിപോകുന്നവരുടെ ദുഃഖം സ്വന്തം അനുഭവത്തിലൂടെതന്നെ ഷിബുവിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രമുഖ ജൂവല്‍റിയില്‍ മാനേജരായി ജോലി ചെയ്തിരുന്ന ഷിബു 2010ലാണ് ഹൗസ് ലിഫ്റ്റിംഗ് മേഖലയെ ഒരു ബിസിനസ് എന്ന രീതിയില്‍ നോക്കിക്കാണാന്‍ തുടങ്ങിയത്. 2010ല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇന്നും സ്ഥാപനത്തിന് ഒരു പേര് നല്‍കാന്‍ അദ്ദേഹം തയാറായിട്ടില്ല. ഷിബു ഹൗസ് ലിഫിറ്റിംഗ് എന്ന വിളിപ്പേരിലാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്.

ഹൗസ് ലിഫ്റ്റിംഗിന്റെ സാധ്യതകള്‍ വര്‍ധിച്ചു വരികയാണ്. തുടക്കകാലത്തുള്ള ഭയമൊന്നും ആളുകള്‍ക്ക് ഇപ്പോഴില്ല. വെള്ളം കെട്ടിക്കിടക്കുന്നതും റോഡ് സൈഡില്‍ വീടുള്ളവരുമാണ് കൂടുതലായും ഹൗസ് ലിഫ്റ്റിന്റെ ആവശ്യക്കാര്‍. വീടുകള്‍ മാത്രമല്ല വലിയ കെട്ടിടങ്ങളും ചിലപ്പോള്‍ ഉയര്‍ത്തേണ്ടി വരാറുണ്ട്

ഷിബു

ഹൗസ് ലിഫ്റ്റിംഗ് ബിസിനസിലേക്ക് വരാനുണ്ടായ സാഹചര്യം?

എന്റെ വീടിനു മുന്നിലെ റോഡ് ഉയര്‍ന്നതിനാല്‍ മഴക്കാലത്ത് വെളളം കയറുന്നത് പതിവായിരുന്നു. മഴക്കാലമായാല്‍ തറനിരപ്പുവരെ വെള്ളം കയറും. വീടിന്റെ ഉള്ളില്‍പോലും ഈര്‍പ്പമുണ്ടാകും. കിടക്ക ഇസ്തിരിയിട്ട് ഉപയോഗിക്കേണ്ട അവസ്ഥ. വീട് വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന സാഹചര്യം, അത് അനുഭവിക്കുന്നവര്‍ക്കേ മനസിലാകൂ. ഈ സാഹചര്യത്തിലാണ് വീട് തറയില്‍ നിന്നും ഉയര്‍ത്തുന്നതിനെകുറിച്ച് ഞാന്‍ ചിന്തിച്ചത്. ഒരു സുഹൃത്ത് വഴി ഡെല്‍ഹിയില്‍ ഹൗസ് ലിഫ്റ്റിംഗിനെകുറിച്ച് അറിയാനിടയായതോടെ ഈ വിഷയത്തെകുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഡെല്‍ഹിയില്‍പോയി അവരെ നേരില്‍ കണ്ടു. തുടര്‍ന്ന് 2010ല്‍ എന്റെ സ്വന്തം വീടുതന്നെ ഉയര്‍ത്തി, ഒപ്പം അതിനു മുകളില്‍ ഒരു നിലകൂടി പണിയുകയും ചെയ്തു. ഇപ്പോള്‍ പരിസരത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് വീടിനെ ബാധിക്കുന്നേയില്ല.

തറയില്‍ നിന്നും വീടിന്റെ അഥവാ കെട്ടിടത്തിന്റെ ചുവര്‍ മാത്രം ഉയര്‍ത്തി തറനിരപ്പിന് ഉയരം കൂട്ടിയശേഷം വീട് പുനഃസ്ഥാപിക്കുന്ന രീതിയാണ് ഹൗസ് ലിഫ്റ്റിംഗ് (വീട് ഉയര്‍ത്തല്‍). എത്ര പഴക്കമുള്ള വീടാണെങ്കിലും ഹൗസ് ലിഫ്റ്റിംഗ് സാധ്യമാണ്. മഴക്കാലത്ത് വെള്ളം കയറിയിരുന്ന സ്വന്തം വീട് ഉയര്‍ത്തിക്കൊണ്ടാണ് ഷിബു ഹൗസ് ലിഫ്റ്റിംഗ് സംരംഭത്തിലേക്ക് കടന്നുവന്നത്

നിര്‍മാണം കഴിഞ്ഞ വീട് തറയില്‍ നിന്നും ഉയര്‍ത്തുന്നത്, പൊതുവെ ആളുകളില്‍ ഭയമുണ്ടാക്കും. ഇതു ബിസിനസിനെ ബാധിക്കാറുണ്ടോ ?

തുടക്കത്തില്‍ ഹൗസ് ലിഫ്റ്റിംഗില്‍ ആര്‍ക്കും അത്ര വിശ്വാസമില്ലായിരുന്നു. എന്റെ വീട് ഉയര്‍ത്തുന്ന സമയത്ത് യാതൊരു പിന്തുണയും എനിക്ക് ലഭിച്ചില്ല. എല്ലാവര്‍ക്കും ഭയമായിരുന്നു. എന്നാല്‍ വീട് പുനഃസ്ഥാപിച്ചതോടെ ആളുകള്‍ക്കും വിശ്വാസമായി. കുറഞ്ഞ കാലയളവില്‍ നൂറോളം വീടുകള്‍ ഞാന്‍ ലിഫ്റ്റിംഗിന് വിധേയമാക്കിയിട്ടുണ്ട്. ഇന്ന് ആളുകള്‍ ധൈര്യത്തോടെ ഹൗസ് ലിഫ്റ്റിംഗിനായി എന്നെ സമീപിക്കുന്നു. സ്വന്തം വീടുതന്നെ അവര്‍ക്കു മുന്നില്‍ ഉദാഹരണമായി കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. ചിലയിടങ്ങളില്‍ വീട് / കെട്ടിടം നിര്‍മിച്ചതിനുശേഷം തറയുടെ അടിയിലുള്ള മണ്ണ് ഒഴുകിമാറി, വീട് ഇരുന്നുപോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തില്‍ വീടിന്റെ ചുമരുകള്‍ക്കും കോണ്‍ക്രീറ്റുകള്‍ക്കും വിള്ളല്‍ സംഭവിച്ച് തീര്‍ത്തും ഉപയോഗശൂന്യമായി മാറും. ഇത്തരം സാഹചര്യങ്ങളില്‍ കെട്ടിടത്തിനടിയിലെ മണ്ണ് ഉറപ്പിച്ചശേഷം എല്ലാ കേടുപാടുകളും തീര്‍ത്ത് പുതിയ തറയുണ്ടാക്കി അതിനുമുകളില്‍ വീട് ഉറപ്പിച്ചു കൊടുക്കാറുണ്ട്. സാധാരണ രീതിയിലുള്ള കരിങ്കല്ലിന്റെ തറയോ വലിയ കോണ്‍ക്രീറ്റ് ബില്‍ഡിംഗുകളോ ഏതായാലും ഇത്തരത്തിലുള്ള ലിഫ്റ്റിംഗ്, ലെവലിംഗ് ജോലികള്‍ സാധ്യമാണ്.

ഹൗസ് ലിഫ്റ്റിംഗ് പ്രവര്‍ത്തനങ്ങളെകുറിച്ച്?

തറയില്‍ നിന്നും വീടിന്റെ അഥവാ കെട്ടിടത്തിന്റെ ചുവര്‍ മാത്രമാണ് ഉയര്‍ത്തുന്നത്. എല്ലാ ചുവരിനടിയിലെയും മണ്ണ് പൂര്‍ണ്ണമായി മാറ്റും. കോണ്‍ക്രീറ്റ് ബെല്‍റ്റുള്ള തറയാണെങ്കില്‍ അതിനടിയില്‍ ജാക്കികള്‍ വെയ്ക്കും. ബെല്‍റ്റ് ഇല്ലാത്തവയാണെങ്കില്‍ ജാക്കി വെയ്ക്കുന്നതിനു മുമ്പ് ഒരു ബെല്‍റ്റ് പുതുതായി നിര്‍മിച്ചിട്ടേ ജാക്കിവെച്ച് ഉയര്‍ത്തുകയുള്ളൂ. തുടര്‍ന്ന് ജാക്കികള്‍ തമ്മില്‍ ഇടവിട്ടുള്ളയിടങ്ങില്‍ തറ നിര്‍മിക്കും. ആദ്യം നിര്‍മിച്ച തറയ്ക്കു മുകളിലായി പ്രത്യേകരീതിയില്‍ നിര്‍മിച്ച കട്ടകള്‍കൊണ്ടാണ് പുതിയ തറ കെട്ടുന്നത്. തറ പൂര്‍ണമായി കെട്ടിക്കഴിഞ്ഞതിനുശേഷം ജാക്കി മാറ്റും. മണ്ണിനു കാഠിന്യമില്ലെങ്കില്‍ ഇതിന്റെ ഭാഗമായി അതും ചെയ്തുകൊടുക്കും.

ഹൗസ് ലിഫ്റ്റിന്റെ സാധ്യതകളെകുറിച്ച് ? ഇതിന്റെ ചെലവുകള്‍ ?

സാധ്യതകള്‍ വര്‍ധിച്ചു വരികയാണ്. തുടക്കകാലത്തുള്ള ഭയമൊന്നും ആളുകള്‍ക്ക് ഇപ്പോഴില്ല. വെള്ളം കെട്ടിക്കിടക്കുന്നതും റോഡ് സൈഡില്‍ വീടുള്ളവരുമാണ് കൂടുതലായും ഹൗസ് ലിഫ്റ്റിന്റെ ആവശ്യക്കാര്‍. വീടുകള്‍ മാത്രമല്ല വലിയ കെട്ടിടങ്ങളും ചിലപ്പോള്‍ ഉയര്‍ത്തേണ്ടി വരും. തുടക്കത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഞാന്‍ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഹൗസ് ലിഫ്റ്റിംഗ് ചെയ്യുന്നുണ്ട്. മികച്ച പ്രവൃത്തിപരിചയവും ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയുമുള്ള ഏകദേശം നാല്‍പ്പതോളംപേര്‍ എനിക്കു കീഴില്‍ ജോലി ചെയ്യുന്നുണ്ട്. എല്ലാവരും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഹൗസ് ലിഫ്റ്റിംഗിന്റെ ചെലവ് കെട്ടിടങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. അസംസ്‌കൃത വസ്തുക്കളുടെ വില കൂടുന്നതിനനുസരിച്ച് ഇതിന്റെ ചെലവും കൂടും. ഇപ്പോള്‍ സ്‌ക്വയര്‍ ഫീറ്റിന് 250 മുതല്‍ 300 രൂപവരെയാണ് ഞങ്ങള്‍ ഈടാക്കുന്നത്. ഏകദേശം രണ്ട് മാസക്കാലയളവിനുള്ളില്‍ ഒരു വീട് ഉയര്‍ത്താവുന്നതാണ്.

Comments

comments

Categories: FK Special, Slider