തുമ്പി: ഇത് ‘സത്യസന്ധര്‍’ക്കായുള്ള കട

തുമ്പി: ഇത് ‘സത്യസന്ധര്‍’ക്കായുള്ള കട

തിരുവനന്തപുരം വെള്ളയമ്പലത്തുള്ള തുമ്പി എന്ന ഓണസ്റ്റി ഷോപ്പ് സംസ്ഥാനത്ത് പുതിയൊരു സംരംഭക സംസ്‌കാരത്തിന് നാന്ദി കുറിക്കുകയാണ്

ചോദിക്കാനും പറയാനും ആരുമില്ല, ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കടയില്‍ കയറി ഇഷ്ടമുള്ളതെന്തും എടുത്തുകൊണ്ട് പോകാം. പച്ചക്കറിയോ, പാലോ, തൈരോ അങ്ങനെ നിത്യജീവിതത്തില്‍ ആവശ്യമുള്ള സാധനങ്ങള്‍ റെഫ്രിജറേറ്ററുകളില്‍ സദാ തയാറാണ്. ഉല്‍പ്പന്നങ്ങള്‍ എടുത്ത ശേഷം വിലവിവരപ്പട്ടിക നോക്കി എടുത്ത സാധനങ്ങളുടെ തുക പണപ്പെട്ടിയില്‍ നിക്ഷേപിക്കാം. കയ്യില്‍ ആവശ്യത്തിന് പണം ഇല്ല എങ്കില്‍ അടുത്ത ദിവസം കൊണ്ട് വന്നു വച്ചാല്‍ മതിയാകും. ഇങ്ങനെയും ഒരു കടയോ? ഇതൊക്കെ നമ്മുടെ നാട്ടില്‍ സാധ്യമാകുമോ എന്നൊക്കെയാണ് ചിന്തയെങ്കില്‍ അതിനുള്ള ഉത്തരം തലസ്ഥാന നഗരിയില്‍ നിന്നും ‘തുമ്പി’ നല്‍കും.

ഓണസ്റ്റി ഷോപ് എന്ന ആശയം സംരംഭകാടിസ്ഥാനത്തില്‍ അവതരിപ്പിക്കുകയാണ് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള തുമ്പി എന്ന സ്ഥാപനം. ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളായ നിഷാദ്, അനൂപ് ഫ്രാന്‍സിസ്, മിഥുന്‍ ഗിരീഷ്, മനു എം എസ് എന്നിവരാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 14ല്‍ പരം ഓണസ്റ്റി ബോക്‌സുകള്‍ ഇതിനോടകം ഇവര്‍ സ്ഥാപിച്ചു കഴിഞ്ഞു.

ദൈനം ദിന ജീവിതത്തില്‍ ആവശ്യമായി വരുന്ന ഭക്ഷ്യ വസ്തുക്കളാണ് ഈ ഓണസ്റ്റി ബോക്‌സുകളിലൂടെ വിപണനം ചെയ്യപ്പെടുന്നത്. അരിഞ്ഞുവച്ച പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍, മുട്ട , ഇഡലി, ദോശമാവ് എന്നിവയാണ് പ്രധാനമായും ഈ ഷോപ്പുകളിലൂടെ വില്‍ക്കപ്പെടുന്നത്. വെള്ളയമ്പലം, വെള്ളായണി തുടങ്ങിയ സ്ഥലങ്ങളിലുള്ള എട്ട് ഫ്‌ളാറ്റുകള്‍, നാല് സര്‍ക്കാര്‍ ഓഫീസുകള്‍, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലാണ് സത്യസന്ധരെ കാത്ത് ഓണസ്റ്റി ബോക്‌സുകള്‍ ഉള്ളത്.

സാധനങ്ങള്‍ എടുക്കുന്നവരെ ശ്രദ്ധിക്കാന്‍ കടയുടമയോ സിസി ടിവിയോ ഒന്നും തന്നെയില്ല. പിന്നെ എന്തുറപ്പിലാണ് ഇത്തരം ഒരു സ്ഥാപനം നടത്തുക? ആളുകള്‍ സത്യസന്ധതകാണിക്കാന്‍ വിമുഖത കാണിക്കുന്ന ഈ കാലഘട്ടത്തില്‍ എങ്ങനെ വിജയകരമായി ഈ സംരംഭം നടത്തിക്കൊണ്ടു പോകും? ഇതൊക്കെയാണ് നിങ്ങളുടെ ചോദ്യങ്ങള്‍ എങ്കില്‍ അതിനുള്ള ഉത്തരം തുമ്പിക്ക് പിന്നിലെ ഈ നാല്‍വര്‍ സംഘം നല്‍കും.

വ്യത്യസ്തമായ എന്തെങ്കിലും തുടങ്ങണം എന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് ഓണസ്റ്റി ബോക്‌സുകള്‍ സ്ഥാപിച്ചത്. സ്ഥാപനത്തിന്റെ വരുമാനം ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിശ്വാസത്തെ ആശ്രയിച്ചാണ് നിഷാദ്, ഓപ്പറേഷന്‍സ് മാനേജര്‍, അഗ്രി ഇന്ത്യ റിസര്‍ച്ച് & മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്

‘നോര്‍മല്‍ ഈസ് കോമണ്‍’

എന്തുകൊണ്ട് ഇത്രയും റിസ്‌ക് എടുത്ത് ഓണസ്റ്റി ബോക്‌സുകള്‍ വഴി വില്‍പ്പന നടത്തുന്നു എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമായി ഈ ചങ്ങാതിക്കൂട്ടം പറയുക ‘നോര്‍മല്‍ ഈസ് കോമണ്‍’ എന്നാണ്. വ്യത്യസ്തമായി ചിന്തിക്കുന്നിടത്താണ് ജീവിത വിജയം എന്ന് വിശ്വസിക്കുന്ന ഈ നാല് സുഹൃത്തുക്കള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന് തലസ്ഥാനഗരിയില്‍ കണ്ടു മുട്ടിയവരാണ്. പാലക്കാട് നിന്നെത്തിയ നിഷാദും പാല സ്വദേശിയായ അനൂപും കാഞ്ഞിരപ്പള്ളിക്കാരനായ മിഥുന്‍ ഗിരീഷും തോന്നയ്ക്കല്‍ നിവാസിയായ മനുവും ബിടെക് കഴിഞ്ഞശേഷം ഐടി കമ്പനിയില്‍ ജോലിക്ക് കയറുമ്പോഴാണ് സുഹൃത്തുക്കളാകുന്നത്.

പരിചയപ്പെട്ട കാലം മുതല്‍ക്കേ നാലുപേര്‍ക്കും പൊതുവായുള്ള ആഗ്രഹമാണ് സംരംഭം തുടങ്ങണം എന്നത്. തങ്ങള്‍ക്ക് പരിചയമുള്ള ഐടി മേഖലയിലാവാം ആദ്യ സംരംഭം എന്ന് ഒരു കൂട്ടര്‍ ആഗ്രഹം പ്രകടിപ്പിച്ചു. മറ്റു ചിലര്‍ പറഞ്ഞത് പുതിയ മേഖല പരീക്ഷിക്കാം എന്നാണ്. ഒടുവില്‍ രണ്ടും പരീക്ഷിക്കാന്‍ തന്നെ തീരുമാനമായി. ഒറിഗാമി ടെക്‌നോളജീസ് എന്ന പേരില്‍ ആദ്യ ഘട്ടമെന്ന നിലയ്ക്ക് ഒരു ഐടി സ്ഥാപനം യഥാര്‍ഥ്യമാക്കി.

ഐടിയില്‍ നിന്നും കൃഷിയിലേക്ക്

ഒറിഗാമി ടെക്‌നോളജീസിന്റെ വിജയത്തോടെ, ‘ഔട്ട് ഓഫ് ദി ബോക്‌സ് തിങ്കിംഗി’ന് സമയമായെന്ന് മനസിലാക്കിയ നിഷാദും കൂട്ടരും തങ്ങളുടെ രണ്ടാം സംരംഭത്തിന് തുടക്കമിട്ടു, അഗ്രി ഇന്ത്യ റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ വിപണി എന്നതാണ് ഈ സ്ഥാപനത്തിലൂടെ ലക്ഷ്യമിട്ടത്. അതിനായി, അഗ്രി ഇന്ത്യ റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിനു കീഴില്‍ www.thumpi.in എന്ന ഓണ്‍ലൈന്‍ വിപണി സജ്ജീകരിച്ചു. ഈ ഓണ്‍ലൈന്‍ വിപണിക്കായുള്ള പ്രൊമോഷന്‍ എന്ന രീതിയിലാണ് തുമ്പി ഓണസ്റ്റി ബോക്‌സുകള്‍ സ്ഥാപിച്ചത്.

വ്യത്യസ്തമായ എന്തെങ്കിലും തുടങ്ങണം എന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് ഓണസ്റ്റി ബോക്‌സുകള്‍ സ്ഥാപിച്ചത്. സ്ഥാപനത്തിന്റെ വരുമാനം ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിശ്വാസത്തെ ആശ്രയിച്ചാണ്-അഗ്രി ഇന്ത്യ റിസര്‍ച്ച് & മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്
ഓപ്പറേഷന്‍സ് മാനേജര്‍ നിഷാദ് പറയുന്നു.

എന്തുകൊണ്ട് ഇത്രയും റിസ്‌ക് എടുത്ത് ഓണസ്റ്റി ബോക്‌സുകള്‍ വഴി വില്‍പ്പന നടത്തുന്നു എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമായി ഈ ചങ്ങാതിക്കൂട്ടം പറയുക ‘നോര്‍മല്‍ ഈസ് കോമണ്‍’ എന്നാണ്. വ്യത്യസ്തമായി ചിന്തിക്കുന്നിടത്താണ് ജീവിത വിജയം എന്ന് വിശ്വസിക്കുന്ന ഈ നാല് സുഹൃത്തുക്കള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന് തലസ്ഥാനഗരിയില്‍ കണ്ടു മുട്ടിയവരാണ്

തിരുവനന്തപുരം ജില്ലയിലെ കര്‍ഷകരില്‍ നിന്നും വാങ്ങിക്കുന്ന വിഷം കലരാത്ത ഉല്‍പ്പന്നങ്ങളാണ് thumpi.in വഴി വില്‍ക്കുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കാര്‍ഷിക പുസ്തകങ്ങള്‍, വിവിധയിനം വിത്തുകള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ വഴി പണം അടച്ചു കഴിഞ്ഞാല്‍ ഉപഭോക്താവിന് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉല്‍പ്പന്നം ലഭിക്കും. കേരളത്തില്‍ ഒരു ജൈവ ഭക്ഷ്യ സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് സ്ഥാപനത്തിലൂടെ നാല്‍വര്‍ സംഘം ഉദ്ദേശിക്കുന്നത്.

thumpi .in എന്ന വെബ്‌സൈറ്റ് ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഓണസ്റ്റി ഷോപ്പുകള്‍ തുടങ്ങിയതെന്ന് നാല്‍വര്‍ സംഘം പറയുന്നു. പ്രവര്‍ത്തനം തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം ആകാറായി. കൂടുതല്‍ ഓണസ്റ്റി ഷോപ്പുകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്താക്കള്‍ എത്തുന്നുണ്ട്. എന്നാല്‍ കൈകാര്യം ചെയ്യുന്നതിനുള്ള വിഷമതയെ മുന്‍നിര്‍ത്തി നിലവില്‍ തിരുവനന്തപുരത്ത് മാത്രമായി പ്രവര്‍ത്തനം കേന്ദ്രീകരിക്കാനാണ് തുമ്പി പദ്ധതിയിടുന്നത്.

ദിവസം 400 പാക്കറ്റ് പച്ചക്കറികള്‍ 150 ലിറ്റര്‍ പാല്‍, 100 ലിറ്റര്‍ തൈര്, 300 ലിറ്ററിന് മുകളില്‍ അരിമാവ് എന്നിവ വിറ്റു പോകുന്നുണ്ട്. പച്ചക്കറികള്‍ ശേഖരിച്ച്, അരിഞ്ഞു പാക്ക് ചെയ്യുന്നത്തിനും പാല്‍, അരിമാവ്, തൈര് എന്നിവ അര, ഒന്ന് എന്നിങ്ങനെയുള്ള പാക്കറ്റുകള്‍ ആക്കുന്നതിനുമായി 6 തൊഴിലാളികള്‍ അടങ്ങിയ ഒരു യൂണിറ്റ് വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്നുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്.

Comments

comments

Categories: FK Special, Slider