മറക്കില്ല ഒരിക്കലും ഈ ബ്രാന്‍ഡുകള്‍

മറക്കില്ല ഒരിക്കലും ഈ ബ്രാന്‍ഡുകള്‍

അനുദിന ജീവിതത്തില്‍ ഇന്ന് ബ്രാന്‍ഡുകള്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ബ്രാന്‍ഡ് നോക്കി ഉല്‍പന്നം വാങ്ങുകയും സേവനം തേടുകയും ചെയ്യുന്ന കാലമാണിത്. വാച്ച് ആയാലും വസ്ത്രങ്ങളായാലും, ഫോണ്‍ ആയാലും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളായാലും അവ ഉപയോഗിക്കാന്‍ മാത്രമല്ല ആഢംബര പ്രദര്‍ശനത്തിനു കൂടി അനുയോജ്യമായിരിക്കണമെന്ന മാനസികാവസ്ഥ ഭൂരിഭാഗം പേര്‍ക്കുമുണ്ട്. അതു കൊണ്ടാണ് പലരും ബ്രാന്‍ഡുകള്‍ തേടി പോകാനിടയാകുന്നത്.

ഇന്നു ഭക്ഷണ ശൃംഖല, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ലെതര്‍ ഉല്‍പന്നങ്ങള്‍, ഗൃഹോപകരണ സാധനങ്ങള്‍ തുടങ്ങിയവയുടെ വിദേശ ബ്രാന്‍ഡഡ് ഷോറൂമുകള്‍ കൂണ്‍ പോലെ മുക്കിലും മൂലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഒരു കാലത്ത് ബ്രാന്‍ഡുകള്‍, പ്രത്യേകിച്ചു വിദേശ ബ്രാന്‍ഡുകള്‍ സ്വന്തമാക്കുകയെന്നതു സ്വപ്‌നം കാണാന്‍ പോലും കഴിയുമായിരുന്നില്ല. ഇനി അഥവാ വിദേശ ബ്രാന്‍ഡുകള്‍ ലഭ്യമാണെങ്കിലും അവ സ്വന്തമാക്കുവാന്‍ മാത്രമുള്ള സാമ്പത്തികം ഭൂരിഭാഗം പേര്‍ക്കും ഇല്ലായിരുന്നു. അതോടൊപ്പം തന്നെ ലൈസന്‍സ് രാജ് സമ്പ്രദായം രാജ്യത്തു നിലനിന്നിരുന്നതിനാല്‍ വിദേശ കുത്തകകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുവാനും സാധിച്ചിരുന്നില്ല. (രാജ്യകേന്ദ്രീകൃത സമ്പദ് വ്യവസ്ഥയെയാണ് ലൈസന്‍സ് രാജ് അഥവാ പെര്‍മിറ്റ് രാജ് എന്നു പറയുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവാഹര്‍ ലാല്‍ നെഹ്‌റുവാണ് ഈ പരിഷ്‌കാരം രാജ്യത്ത് നടപ്പിലാക്കിയത്.)

ഇത്തരം പരിമിതികള്‍ക്കിടയിലും വിദേശ ബ്രാന്‍ഡുകളോടു തുല്യം നില്‍ക്കും വിധമുള്ള ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. രാജ്യം ചേര്‍ത്തുപിടിച്ച ബ്രാന്‍ഡുകളായിരുന്നു അവ. മനസില്‍ നിന്നും മായാനാവാത്ത വിധം സ്ഥിര പ്രതിഷ്ഠ നേടിയെങ്കിലും ആഗോളവല്‍ക്കരണ കാലത്തെ വിപണിയിലെ വെല്ലുവിളി നേരിടാനാകാതെ ഇന്ത്യയുടെ സ്വന്തം ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു കളമൊഴിഞ്ഞു. ഇന്ത്യന്‍ നിരത്തുകളില്‍ അര നൂറ്റാണ്ടോളം കാലം രാജാവായി വാണ അംബാസഡര്‍ കാറും മൂന്നു പതിറ്റാണ്ടോളം കാലം വിപണി കൈയ്യടക്കിയ മാരുതി 800-ുമൊക്കെ ഉല്‍പാദനം നിറുത്തി. ഒരു പതിറ്റാണ്ടിലേറെക്കാലമായി നഷ്ടക്കണക്കുകള്‍ മാത്രം പേറിയ എച്ച്എംടി വാച്ചിന്റെ ഉല്‍പാദനവും അവസാനിച്ചു.
സാങ്കേതികവിദ്യ ഇന്ന് എല്ലാം സാധ്യമാക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു പരിമിതികള്‍ക്കുള്ളില്‍ നിന്നും ഇന്ത്യാക്കാര്‍ മെനഞ്ഞെടുത്ത എന്‍ജിനീയറിംഗ് വൈഭവമാണ് ഇന്ത്യയുടെ അഭിമാനമായത്. എന്നാല്‍ ഉപഭോക്താവിന്റെ മനസിനെ സ്വാധീനിച്ച പ്രൊഡക്റ്റുകള്‍ ഉല്‍പാദനം നിറുത്തുമ്പോള്‍ കാലങ്ങളോളം കൂടെയുണ്ടായിരുന്ന ഉത്തമ സുഹൃത്തിനെ നഷ്ടപ്പെട്ട പ്രതീതിയാണ്. ചരിത്രത്തില്‍ ഇടം നേടിയ ഇന്ത്യയുടെ സ്വന്തം ബ്രാന്‍ഡ് ഉല്‍പന്നങ്ങളിലൂടെ ഒരു യാത്ര.

വിസ്മൃതിയിലേക്ക് സ്വയം ഓടിച്ചു പോയ അംബി

വിദേശ ഓട്ടോമൊബീല്‍ കമ്പനികളുടെ കാറുകളാണ് ഇന്നു നിരത്തുകളില്‍ കാണുവാന്‍ സാധിക്കുന്നത്. ഇന്നു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ വിവിധ തരം മാതൃകകളും വിപണിയിലുണ്ട്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇതായിരുന്നില്ല അവസ്ഥ. ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്ത കാറുകളാണ് ഉപയോഗിച്ചിരുന്നത്. ഈയൊരു രീതിക്ക് മാറ്റം വരുത്തിയത് സി.കെ. ബിര്‍ല ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സാണ്. 1958-ല്‍ ബ്രിട്ടീഷ് കമ്പനിയായ മോറിസ് ഓക്‌സ്‌ഫോഡ് 111 മോഡലിന്റെ മാതൃക കടം കൊണ്ടു ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് കാര്‍ നിര്‍മിച്ചു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ (എച്ച്എം) പശ്ചിമ ബംഗാളിലെ ഉത്തര്‍പ്പാറ പ്ലാന്റിലായിരുന്നു കാര്‍ നിര്‍മാണം. എച്ച്എം നിര്‍മിച്ച കാറിന് അംബാസഡര്‍ എന്ന പേരും നല്‍കി. ഏതു നിരത്തിലും അനായാസമായി ഡ്രൈവ് ചെയ്യാന്‍ പറ്റുന്ന അംബാസഡര്‍ എല്ലാവരുടെയും പ്രിയ വാഹനമായി മാറി. ടാക്‌സി സര്‍വീസായും ഫാമിലി കാറായും അംബാസഡര്‍ തിളങ്ങി. അംബാസഡര്‍ കാറിനൊപ്പം കോണ്ടസ എന്ന പ്രീമിയം വാഹനവും എച്ച്എം നിരത്തിലിറക്കി. സ്ലീക്ക് മോഡലില്‍ പുറത്തിറങ്ങിയ കോണ്ടസയുടെ ലുക്ക് വിദേശ ആഢംബര കാറുകളോടു തുല്യം നില്‍ക്കുന്നതായിരുന്നു. ഓള്‍ പര്‍പസ് വെഹിക്കിള്‍ (എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനം) എന്ന നിലയില്‍ പ്രശസ്തമായ അംബാസഡര്‍ കാര്‍ അംബി എന്ന ഓമന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

1980 കളില്‍ മാരുതി സുസു്ക്കി ഇന്ത്യന്‍ നിരത്തുകളിലെത്തുന്നതു വരെ രാജാവായിരുന്നു അംബി. മാരുതിയുടെ ഉദയത്തോടെ അംബാസഡറിനു വിപണിയില്‍ കാലിടറി. കെട്ടിലും മട്ടിലും നിരവധി മാറ്റങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അംബിക്ക് ഡിമാന്‍ഡ് കുറഞ്ഞു. വില്‍പനയില്‍ വന്‍ ഇടിവ് നേരിട്ടതോടെ കമ്പനിയുടെ നില പരുങ്ങലിലായി. ഇതിനു പുറമേ അന്തരീക്ഷത്തിലെ മലിനീകരണ തോത് നിയന്ത്രിക്കാന്‍ ബിഎസ് 4 എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് എന്ന ചട്ടം കര്‍ശനമാക്കിയതോടെ 2011 ഏപ്രില്‍ ഒന്നിന് അംബാസഡര്‍ കാറുകളുടെ വില്‍പന നിറുത്താന്‍ തീരുമാനിച്ചു. 2014 മെയ് മാസം 25ന് അംബാസഡര്‍ കാറുകളുടെ ഉല്‍പാദനം പൂര്‍ണമായും കമ്പനി അവസാനിപ്പിച്ചു.

മാരുതി 800

ഇന്ത്യന്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് കാര്‍ സ്വപ്‌നം കാണാന്‍ മാത്രം വിധിച്ചിരുന്ന കാലത്തിന് വിരാമമിട്ടു കൊണ്ടാണു മാരുതി 800 വിപണിയിലെത്തിയത്. ഓട്ടോമൊബീല്‍ രംഗത്തു വിപ്ലവം സൃഷ്ടിച്ച കാറാണിത്. ഇന്ത്യയില്‍ 1983 വരെ പ്രീമിയര്‍ പദ്മിനിയും അംബാസഡറും മാത്രമായിരുന്നു വിപണിയില്‍ ലഭ്യമായിരുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഉപഭോക്താവിനു പുതിയ ചോയ്‌സുമായി കാര്‍ വിപണിയില്‍ പ്രവേശിക്കണമെന്നു മാരുതി കമ്പനി രൂപീകരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി തീരുമാനിച്ചത്. ഇന്നു മാരുതി കാര്‍ ഡ്രൈവ് ചെയ്യുന്നവരില്‍ എത്ര പേര്‍ക്ക് അറിയാം മാരുതി കാര്‍ സഞ്ജയ് ഗാന്ധിയുടെ സംഭാവനയായിരുന്നെന്ന് ?

ഇംഗ്ലണ്ടിലെ പഠനം പൂര്‍ത്തിയാക്കിയ സഞ്ജയ് ഗാന്ധി അവിടെ റോള്‍സ് റോയ്‌സ് കമ്പനിയില്‍ ട്രെയ്‌നിയായി ജോയ്ന്‍ ചെയ്തു. കാറുകളോടുള്ള സഞ്ജയ്‌യുടെ കമ്പം പ്രശ്‌സതമാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്വന്തമായി കാര്‍ ഡിസൈന്‍ ചെയ്ത വിപണിയിലെത്തിക്കുകയെന്നത്. അതിനായി ഹരിയാനയില്‍ പ്ലാന്റ് നിര്‍മിക്കാന്‍ ഭൂമി കണ്ടെത്തുകയും മാരുതി എന്ന പേരില്‍ കമ്പനി രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ 1977-ല്‍ അദ്ദേഹം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ മാരുതിയുടെ ഭാവി ഇരുളടഞ്ഞു. എന്നാല്‍ 1980-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ മാരുതി കമ്പനിക്കു ചിറകുവച്ചു. 1981-ല്‍ മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രൂപീകരിക്കുകയും ജപ്പാനിലെ സുസുക്കിയുമായി ചേര്‍ന്നു കാര്‍ നിര്‍മിക്കാനും ധാരണയായി. ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളിലൊന്നായ ഗുര്‍ഗാവിലായിരുന്നു കമ്പനി പ്ലാന്റ് സ്ഥാപിച്ചത്. 1983 ഡിസംബര്‍ 14-നു ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആദ്യമായി നിര്‍മിച്ച മാരുതി കാറിന്റെ താക്കോല്‍ ഹര്‍പാല്‍ സിങ്ങിനു കൈമാറി. നറുക്കെടുപ്പിലൂടെയായിരുന്നു ആദ്യ ഉപഭോക്താവിനെ കണ്ടെത്തിയത്. ഇന്ദിരാഗാന്ധിയാണു ഹര്‍പാല്‍ സിങ്ങിനു താക്കോല്‍ കൈമാറിയത്. രാജ്യത്ത് ഏറ്റവുമധികം നിര്‍മിച്ച കാറുകളില്‍ രണ്ടാം സ്ഥാനമെന്ന ഖ്യാതി മാരുതി 800-നാണ്. ഇന്ത്യയ്ക്കു പുറമേ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെട്ടു മാരുതി 800.

മാരുതി കമ്പനിക്ക് രൂപം കൊടുത്ത സഞ്ജയ് ഗാന്ധിയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ഇന്ത്യയില്‍ സ്വന്തമായി കാര്‍ നിര്‍മിച്ചു വില്പന നടത്തുകയെന്നത്. ഇതിനായി രാജ്യത്തെ പ്രമുഖ നഗരങ്ങളിലെത്തി കാര്‍ ഡീലര്‍മാരുമായി കൂടിക്കാഴ്ച നടത്തുക വരെയുണ്ടായി. തുടര്‍ന്നു കാര്‍ നിര്‍മിക്കാന്‍ സാങ്കേതിക സഹായത്തിനായി പ്രമുഖ കാര്‍ നിര്‍മാതാക്കളുമായി സംസാരിച്ചു. പ്യുഷേ, ഫോക്‌സ്‌വാഗന്‍, റെനോ, മിത്സുബിഷി തുടങ്ങിയ കാര്‍ കമ്പനികളുമായിട്ടാണു ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍ ആരും സഹകരിക്കാന്‍ തയാറായിരുന്നില്ല. ഇതിനിടെ സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്ദിരാഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായ അധികാരമേറ്റതോടെ സഞ്ജയ്‌യുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. അങ്ങനെയാണു ജപ്പാനിലെ സുസുക്കി കമ്പനിയുമായി സഹകരിച്ചു മാരുതി 800 കാര്‍ പുറത്തിറക്കിയത്. കമ്പനിയില്‍ 26 ശതമാനം ഓഹരി സുസുക്കിക്കു നല്‍കുകയും ചെയ്തു.

മാരുതി ജിപ്‌സി

1995-ല്‍ പുറത്തിറക്കിയ ഓഫ് റോഡ് വാഹനമായിരുന്നു മാരുതി ജിപ്‌സി. ഒരു വ്യാഴവട്ടത്തിലേറെ കാലം ഇന്ത്യന്‍ ആര്‍മിയും വിവിധ സേനാ വിഭാഗങ്ങളും ഉപയോഗിച്ചിരുന്നതും ജിപ്‌സി വാഹനങ്ങളായിരുന്നു. ഇന്ത്യന്‍ പട്ടാളത്തിനു മാത്രം പ്രതിവര്‍ഷം 3000 ജിപ്‌സി കമ്പനി നിര്‍മിച്ചു നല്‍കിയിരുന്നു. ഇന്ത്യന്‍ വിപണിക്കു പുറമേ ചിലി, കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും ജിപ്‌സി കയറ്റുമതി ചെയ്തിരുന്നു. സാഹസികതയ്ക്കുള്ള പര്യായമായി ചൂണ്ടിക്കാണിച്ചിരുന്നു മാരുതി ജിപ്‌സിയെ. ഓട്ടോ കാര്‍ ഇന്ത്യ എന്ന മാസിക ഒരിക്കല്‍ ജിപ്‌സിയെ പുകഴ്ത്തിയത് ഇങ്ങനെ: ‘ഓഫ് റോഡില്‍ ജിപ്‌സിയെ തോല്‍പിക്കാന്‍ ഇന്ത്യയുടെ അര്‍ജുന്‍ ബാറ്റില്‍ ടാങ്കിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല’.

എച്ച്എംടിയുടെ സമയം മോശമായപ്പോള്‍

സമയം അറിയാന്‍ മാത്രമല്ല ആഢംബരത്തിന്റെ മറുവാക്ക് കൂടിയാണ് ഇന്നു വാച്ച്. വര്‍ഷങ്ങള്‍ക്കു മുന്‍പു കൈയ്യില്‍ വാച്ച് കെട്ടാന്‍ കൊതിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു. അവരുടെ സ്വപ്‌നങ്ങളിലൊന്ന് എച്ച്എംടി വാച്ച് സ്വന്തമാക്കുകയെന്നതായിരുന്നു. മക്കളുടെ പരീക്ഷാ വിജയങ്ങളിലും വിവാഹങ്ങളിലും സമ്മാനിച്ചിരുന്നതും എച്ച്എംടി വാച്ചായിരുന്നു. അത്രയ്ക്കും മൂല്യം കല്‍പിച്ചിരുന്നു എച്ച്എംടി വാച്ചിന്. അരനൂറ്റാണ്ടോളം കാലം സമയം പറഞ്ഞു തന്ന എച്ച്എംടി വാച്ചിന്റെ ഉല്‍പാദനം നഷ്ടക്കണക്കുകള്‍ മാത്രം പേറുന്നതിനെ തുടര്‍ന്നു നിറുത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നെഹ്‌റുവിന്റെ ദീര്‍ഘകാല സ്വപ്‌നമായിരുന്നു ഇന്ത്യ സ്വന്തമായി വാച്ച് നിര്‍മിക്കുക എന്നത്. ഒരിക്കല്‍ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം ജപ്പാനിലെ സിറ്റിസണ്‍ വാച്ച് കമ്പനി സന്ദര്‍ശിക്കാനാടിയായി. തുടര്‍ന്ന് ഇന്ത്യയിലെത്തിയ നെഹ്‌റു സിറ്റിസണ്‍ കമ്പനിയുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. ഇതിന്റെ ഫലമായി 1961-ല്‍ ജപ്പാനിലെ സിറ്റിസണ്‍ വാച്ച് നിര്‍മാതാക്കളുമായി സഹകരിച്ച് എച്ച്എംടി വാച്ച് നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചു. എച്ച്എംടി നിര്‍മിച്ച ആദ്യ വാച്ചിനു ജനത എന്നായിരുന്നു പേര്. ഈ പേരിട്ടതും നെഹ്‌റു തന്നെയായിരുന്നു.

1970-കളില്‍ ക്വാര്‍ട്ട്‌സ് വാച്ച് ആദ്യമായി അവതരിപ്പിച്ചത് എച്ച്എംടിയാണ്. സോന, വിജയ് എന്നിങ്ങനെയായിരുന്നു ക്വാര്‍ട്ട്‌സ് വാച്ചിനു എച്ച്എംടി പേര് നല്‍കിയത്. കമ്പനി പുറത്തിറക്കിയ കാഞ്ചന്‍ എന്ന എന്ന മോഡലിന് ഒരു കാലത്ത് വന്‍ ഡിമാന്‍ഡായിരുന്നു. ഇതിന്റെ കമ്പനി വില 700 രൂപയായിരുന്നു. എന്നാല്‍ കരിഞ്ചന്തയില്‍ ഇവ വില്‍പന നടത്തിയിരുന്നത് ആയിരം രൂപയ്ക്കായിരുന്നു. ഇന്ത്യയില്‍ ക്വാര്‍ട്‌സ് വാച്ചുകള്‍ മാത്രമല്ല, മെക്കാനിക്കല്‍ വാച്ച്, ഓട്ടോമാറ്റിക് വാച്ച്, വനിതകള്‍ക്കുള്ള വാച്ച്, അന്ധര്‍ക്കുള്ള ബ്രെയ്‌ലി വാച്ച് എന്നിവ ആദ്യമായി അവതരിപ്പിച്ചതും എച്ച്എംടിയാണ്. 1961 മുതല്‍ 1991 വരെയുള്ള മൂന്ന് പതിറ്റാണ്ട് കാലം ഇന്ത്യന്‍ വാച്ച് വിപണിയില്‍ 90 ശതമാനം മാര്‍ക്കറ്റ് ഷെയറുണ്ടായിരുന്ന എച്ചഎംടിയുടെ സ്വാധീനം ക്രമേണ നഷ്ടമായി. ദേശ് കി ധട്കന്‍ (രാജ്യത്തിന്റെ സ്പന്ദനം) എന്നായിരുന്നു എച്ച്എംടി വാച്ചിന്റെ പരസ്യ വാചകം. അര നൂറ്റാണ്ടിലേറെ കാലം മിടിച്ച സ്പന്ദനം ഒടുവില്‍ നിലച്ചു.

Comments

comments

Categories: FK Special, Slider