വീട്ടിലെ ഊണും ഇലയിട്ട സദ്യയും

വീട്ടിലെ ഊണും ഇലയിട്ട സദ്യയും

മലയാളിയുടെ മനസില്‍ എന്നും എപ്പോഴും ഗൃഹാതുരത്വം കനല്‍ ആറാതെ കിടക്കും. പഞ്ചനക്ഷത്ര ഹോട്ടലിലും മലയാളിയെ മലയാളി ആക്കുന്നത് തട്ടുദോശയാണെന്നുള്ള തിരിച്ചറിവാകണം ദുബായിലെ ഒരു നക്ഷത്രഹോട്ടലിനകത്തെ ഒരു റസ്റ്ററൊന്റിന്റെ പേര് ‘തട്ടുകട’ എന്നാക്കുവാന്‍ അതിന്റെ സാരഥികള്‍ക്ക് പത്ത് പതിനഞ്ച് വര്‍ഷം മുന്‍പേ ബുദ്ധി പറഞ്ഞുകൊടുത്തത്

The less there is to justify a traditional custom, the harder it is to get rid of it’

Mark Twain, The Adventures of Tom Sawyer

പണ്ട് കാലങ്ങളില്‍ യാത്ര പോകുമ്പോള്‍ സമയാസമയങ്ങളില്‍ കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കി കയ്യില്‍ എടുക്കുകയോ, ഭക്ഷണം ഉണ്ടാക്കാനുള്ള പത്രങ്ങളും വിറകും അടക്കമുള്ള സാധനസാമഗ്രികള്‍ കൂടെ കരുതുകയോയായിരുന്നു ചെയ്തിരുന്നത്. നടന്ന് പോകുന്നവര്‍ വെള്ളം കയ്യില്‍ കരുതാറുണ്ടായിരുന്നില്ല; വഴി നീളെ കിണറുകള്‍ ഉണ്ടായിരുന്നല്ലോ. എന്നാല്‍ കാളവണ്ടിയില്‍ പോകുമ്പോള്‍ കാളക്ക് വഴിക്ക് കുടിക്കാനുള്ള വെള്ളം ഒരു റിസര്‍വായി അടക്കാമരത്തിന്റെ ഓലയില്‍ നിന്ന് പാള വെട്ടി ബക്കറ്റ് പോലെ തൂക്കോട് കൂടി നിര്‍മിച്ച്, കിട്ടുന്ന സ്ഥലങ്ങളില്‍ വച്ച് വെള്ളം ശേഖരിച്ച് വണ്ടിയില്‍ തൂക്കുമായിരുന്നു. കിണറില്‍ നിന്ന് വെള്ളം കോരാനും പാള കോട്ടിയ ബക്കറ്റുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അതിന്റെ പിന്‍ബാക്കിയായിട്ടാണ് ഇന്നും ചിലയിടങ്ങളില്‍ പ്ലാസ്റ്റിക്, അലുമിനിയം എന്നിവ കൊണ്ട് നിര്‍മിച്ച ബക്കറ്റുകള്‍ക്കും ‘പാള’ എന്ന് തന്നെ പറയുന്നത്. രാത്രി താമസിക്കാന്‍ വഴിക്ക് കാണുന്ന ഏതെങ്കിലും വീടുകള്‍. വഴിപോക്കര്‍ക്ക് എല്ലായിടത്തും ഒരു രാത്രി അഭയമുണ്ടായിരുന്നു. ഉന്നതകുലജാതര്‍, സ്വസമുദായത്തിലുള്ളവരുടെ ഭവനങ്ങള്‍ സന്ധ്യക്ക് മുന്‍പേ കണ്ടെത്തി അവിടെ കൂടണഞ്ഞുവന്നു. പരിചാരകന്മാരും മറ്റും പടിപ്പുരകളില്‍ അല്ലെങ്കില്‍ വഴിയിലെങ്ങുമുള്ള കരിങ്കല്ലത്താണികളില്‍ (കരിങ്കല്ലുകൊണ്ടുള്ള ചുമടുതാങ്ങികള്‍) തോര്‍ത്തോ മറ്റോ വിരിച്ച് നിദ്രപൂകി.

പിന്നീട്, രാജാക്കന്മാര്‍, നാടുവാഴികള്‍, പ്രഭുക്കന്മാര്‍ എന്നിവര്‍ക്ക് യാത്രാമദ്ധ്യേ വിശ്രമിക്കാനും രാത്രി പള്ളിയുറങ്ങാനും വേണ്ടി രാജഭരണകാലത്ത് അവിടവിടെയായി സത്രങ്ങള്‍ നിര്‍മിച്ചു. ഭക്ഷ്യപേയങ്ങളും സപ്രമഞ്ചങ്ങളും ശൗചാലയങ്ങളും കാര്യക്കാരും കാവല്‍ഭടന്മാരും അവിടെ വല്ലപ്പോഴും വരുന്ന വില്ലുവച്ച കുതിരവണ്ടിയുടെയോ കാളവണ്ടിയുടെയോ മണിനാദത്തിനായി കാത്തുനിന്നു.

വെള്ളക്കാരുടെ അധിനിവേശത്തോടെ അവരുടെ യാത്രാവശ്യങ്ങള്‍ക്കായി കോളനി സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആംഗ്ലോസാക്‌സണ്‍ മാതൃകയിലെ ‘പരിശോധന ബംഗ്ലാവുകള്‍’ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സ്ഥാപിതമായി; നാട്ടുരാജ്യങ്ങളില്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ സ്ഥാവര അടയാളമായി ടൂറിസ്റ്റ് ബംഗ്ലാവുകള്‍. ജില്ലാഭരണത്തിന്റെ നികുതിപിരിവിലെ ഉത്സാഹവും തദ്ദേശീയരെ അടക്കിവാഴുന്നതില്‍ തുക്ടിസായ്പ്പിനുള്ള നൈപുണ്യവും പരിശോധിക്കാന്‍ പ്രവിശ്യാ തലസ്ഥാനത്ത് നിന്നെത്തുന്ന വലിയ സായിപ്പും ഫ്രോക്കിട്ട മദാമ്മയുമായിരുന്നു ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലെ അതിഥികള്‍. എന്നാല്‍, ഇത്തരം ബാധ്യതകള്‍ ഇല്ലാത്ത നാട്ടുരാജ്യങ്ങളില്‍ ‘ഒരു കണ്ണ്’ ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ അടിക്കടി വന്ന് പോകുന്ന സായിപ്പിന് ആതിഥ്യമരുളുന്നത് ടൂറിസ്റ്റ് ബംഗ്ലാവുകളും.

അതിന്റെ ചുവടുപിടിച്ച് ഭക്ഷണം കഴിക്കുന്ന സ്ഥലത്തിന് ‘ക്ലബ്ബ്’ എന്നാണ് ഇംഗ്ലീഷില്‍ പറയുക എന്ന തെറ്റിദ്ധാരണയില്‍ പലയിടത്തും ‘കാപ്പി ക്ലബ്ബ്’ എന്ന പേരില്‍ ചായക്കടകളായി. കച്ചവട ആവശ്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ചായിരുന്നു അത്. യാത്രയില്ലെങ്കിലും ‘ക്ലബ്ബില്‍ കയറി ഊണ് കഴിക്കുന്നത്’ പ്രമാണിത്തമായി. ഇ വി കൃഷ്ണപിള്ളയുടെ ഒരു ഹാസ്യലേഖനത്തില്‍ ‘കക്കൂസ്’ എന്ന പദത്തിന്റെ അര്‍ത്ഥമറിയാത്ത ഒരു നാട്ടുപ്രമാണി ക്ലബ്ബ് എന്ന വാക്കുമായി അതിന് ആശയക്കുഴപ്പം വന്ന്, ‘പോറ്റിയുടെ കക്കൂസില്‍ കയറി ഊണ് കഴിച്ചു’ എന്ന് ഡംഭ് പറയുന്ന രംഗമുണ്ട്). വീട്ടില്‍ ഉണ്ണുന്നതിനേക്കാള്‍ ആഭിജാത്യം ക്ലബ്ബിലെ ഊണിനായി. മണി എന്ന് പേരുള്ളവര്‍ തുടങ്ങിയവയെല്ലാം ‘മണീസ് കഫെ’; മുംബൈയിലായാലും കുമരംപുത്തൂരിലായാലും. ഫ്രഞ്ച് അധീന മയ്യഴിയുടെ സ്വാധീനത്തില്‍ ‘കഫെ ഡി പാരീസും’ ‘ഹോട്ടല്‍ ഡി കേരള’യും ഒക്കെ ചായ/കാപ്പിക്കടകള്‍ക്ക് നാമധേയങ്ങളായി.

പിന്നീട്, താമസസൗകര്യമുള്ള ഹോട്ടലുകള്‍ വന്നു; അവയ്ക്ക് നക്ഷത്ര പദവികള്‍ വന്നു. ഇലയിട്ട് ഇരുന്നാല്‍ മുന്നില്‍ വിളമ്പിക്കിട്ടിയിരുന്ന ഭക്ഷണത്തിന് പകരം ഭിക്ഷാപിഞ്ഞാണവുമായി ഇരന്ന് ഇരന്ന് വാങ്ങിക്കഴിക്കുന്ന ബുഫെ പാര്‍ട്ടികള്‍ അത്യാഢംബര ചിഹ്നമായി. ദോശയും ഇഡ്ഡലിയും ആദ്യം മസാലദോശയ്ക്കും നെയ്‌റോസ്റ്റിനും പിന്നീട് അവയെല്ലാം സാന്‍ഡ്‌വിച്ചിനും പിന്നെ ബര്‍ഗറിനും പിസ്സക്കും പാസ്തക്കും വഴിമാറിക്കൊടുത്തു.
എന്നാല്‍ മലയാളിയുടെ മനസില്‍ എന്നും എപ്പോഴും ഗൃഹാതുരത്വം കനല്‍ ആറാതെ കിടക്കും. പഞ്ചനക്ഷത്ര ഹോട്ടലിലും മലയാളിയെ മലയാളി ആക്കുന്നത് തട്ടുദോശയാണെന്നുള്ള തിരിച്ചറിവാകണം ദുബായിലെ ഒരു നക്ഷത്രഹോട്ടലിനകത്തെ ഒരു റസ്റ്ററൊന്റിന്റെ പേര് ‘തട്ടുകട’ എന്നാക്കുവാന്‍ അതിന്റെ സാരഥികള്‍ക്ക് പത്ത് പതിനഞ്ച് വര്‍ഷം മുന്‍പേ ബുദ്ധി പറഞ്ഞുകൊടുത്തത്. നമ്മുടെ നാടന്‍ തട്ടുകടയുടെ രൂപത്തില്‍ ചെമ്മീന്‍ സിനിമയുടെയും ജയന്റേയുമെല്ലാം വക്ക് കീറിയ പോസ്റ്ററുകള്‍ ഒട്ടിച്ച അവിടത്തെ ഒരു ‘അട്രാക്ഷന്‍’ ചിരട്ടപ്പുട്ടായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് കേരളത്തില്‍ അവിടവിടെ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുള്ളത്: ‘വീട്ടിലെ ഊണ്’, ‘ഇലയിട്ട സദ്യ’ എന്നിങ്ങനെ. ഇത് നഷ്ടപ്പെട്ട ഭൂതകാലം തിരിച്ച് പിടിക്കാനുള്ള, ഗതകാലസ്മരണ അയവിറക്കുന്ന ശരാശരി മലയാളിയുടെ മനസിന്റെ ആഴങ്ങള്‍ അറിഞ്ഞുള്ള മനഃശാസ്ത്രപരമായ കച്ചവട തന്ത്രമാണ്. മലയാളിക്ക് മാത്രമല്ല ഈ നൊസ്റ്റാള്‍ജിയ.

ഈ മാറ്റം ഭക്ഷണരംഗത്ത് മാത്രമല്ല. ഒരു കാലത്ത് മലയാളിയുടെ ഉണര്‍ത്ത് പാട്ടായിരുന്നു ആകാശവാണിയുടെ ആരംഭസംഗീതം. ടെലിവിഷന്റെ വരവോടെ റേഡിയോ അന്യം നിന്നു. ഇപ്പോഴിതാ, വാഹനങ്ങളിലെ എഫ് എം റേഡിയോക്ക് നിരവധി കേള്‍വിക്കാരുണ്ട്. രാവിലെ ആകാശവാണി കേബിള്‍ ടിവി മുഖേന കേള്‍ക്കുന്നവര്‍ ധാരാളമാണിന്ന്. എന്തിന്, നൂറായിരം ടി വി ചാനലുകളിലെ മനമലിനീകരണപ്രസരണത്തില്‍ നിന്ന് രക്ഷ നേടാന്‍ അവ ഒഴിവാക്കി ദൂരദര്‍ശന്‍ സ്ഥിരം ചാനലും, ‘സഫാരി’, ‘വിക്ടര്‍’ തുടങ്ങിയവ ഉപചാനലുകളുമായി മാത്രം ടിവി കാണുന്നവര്‍ ഇന്നേറെയാണ്. കണ്ണീര്‍/ക്രൂരത സീരിയലുകള്‍ നൈറ്റിക്കൊപ്പം ആഭിജാത്യവും അന്തസ്സും കുറഞ്ഞതായി കരുതുന്നവര്‍ പൊതുവെ കൂടിവരുന്നു. ദൂരദര്‍ശനെ മലയാളി തിരിച്ചെടുത്തുകഴിഞ്ഞു. മര്‍ഫി റേഡിയോ മറ്റൊരു വിരഹപീഡയുളവാക്കുന്നു.

ഞങ്ങളുടെ കുട്ടിക്കാലത്ത് രാജ്ദൂത്, ജാവ, എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നീ മൂന്ന് തരം മോട്ടോര്‍സൈക്കിളുകളേ ഉണ്ടായിരുന്നുള്ളൂ. പതിഞ്ഞ സ്വഭാവമുള്ള ഒതുങ്ങിയ ആളുകള്‍ രാജ്ദൂതും ചെത്ത് പിള്ളേര്‍ ജാവ (പിന്നീട് യെസ്ഡി)യും ഘനഗംഭീരന്മാരായ അതികായന്മാര്‍ ബുള്ളറ്റും പൊതുവെ ഉപയോഗിച്ചുവന്നു. അപ്പോഴാണ് ടിവിഎസ് സുസുകി, കാവസാക്കി, യമഹ തുടങ്ങിയവര്‍ 100 സിസി ബൈക്കുകള്‍ ഇറക്കിയത്. നമ്മുടെ യുവതലമുറ പെട്ടെന്ന് തന്നെ ‘ഹണ്‍ഡ്രഡ് സിസി ബൈക്കും അതിലൊരു പൂജാഭട്ടും വേണം’ എന്ന ചിന്താഗതിയില്‍ രാജ്ദൂത്, യെസ്ഡി, ബുള്ളറ്റ് എന്നിവയെ നിഷ്‌കരുണം കയ്യൊഴിഞ്ഞു. താമസംവിനാ രാജ്ദൂത്, യെസ്ഡി എന്നിവ ചരമഗതിയടഞ്ഞു. എന്‍ഫീല്‍ഡ് ഊര്‍ധ്വന്‍ വലിച്ച് പരസഹായത്തോടെ ഒരുവിധം ഇത്രകാലം ഐസിയുവില്‍ കഴിച്ചുകൂട്ടി. ഇതിനിടയില്‍ നമ്മുടെ ഹണ്‍ഡ്രഡ് സിസിക്കാര്‍ പതിയെ പതിയെ എന്‍ജിന്‍ ശക്തി വര്‍ധിപ്പിച്ച് മുന്നൂറും മുന്നൂറ്റമ്പതും സിസിയില്‍ എത്തിച്ചു. നമ്മള്‍ പെട്ടെന്ന് ബുള്ളറ്റിനെ വ്യത്യസ്തനായി തിരിച്ചറിഞ്ഞു. ഇന്ന് വിറ്റുപോകുന്ന 350 സിസിക്ക് മുകളിലുള്ള മോട്ടോര്‍ബൈക്കുകളില്‍ 96 ശതമാനം വിപണിവിഹിതം എന്‍ഫീല്‍ഡിനാണ്.

പാന്റ്‌സ് വ്യാപകമായി ഉപയോഗത്തിലാവുന്നത് 1980 ന് ശേഷമാണ്. അതുവരെ പൊതുവില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രമാണ് പാന്റ്‌സ് ഉപയോഗിച്ചിരുന്നത്. ഈ നൂറ്റാണ്ടില്‍ അമ്പലത്തില്‍ പോകുമ്പോള്‍ (രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പിന് നില്‍ക്കുമ്പോഴും!) മാത്രമായി മലയാളി മുണ്ടുടുക്കുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി മുണ്ടിന് നല്ല കാലമാണ്. നവംബര്‍ ഒന്നാം തിയതി മിക്കവാറും എല്ലാവരും (ആരോടെങ്കിലും കലഹിക്കാനാണെങ്കില്‍ പോലും) മുണ്ടുടുക്കുന്നു. യുവജനങ്ങള്‍ ഈയിടെ തോളിലേറ്റിയ ഒരു മലരിതള്‍ ചിത്രത്തിന് ശേഷം മലയാളിപ്പയ്യന്മാര്‍ മുണ്ട് ഒരു രാഷ്ട്രീയവസ്ത്രമായി നിറം ചേര്‍ത്ത് ഉപയോഗിക്കുന്നുണ്ട്. ചിത്രം സ്മൃതിയില്‍ നിന്ന് മാഞ്ഞു. അതുപോലെ മുണ്ടിന്റെ നിറവും മാഞ്ഞ്, മുന്‍കാലങ്ങളിലെ പോലെ, വെളുത്ത/കോടി നിറം വീണ്ടും ആഢ്യത്വമാര്‍ജ്ജിക്കുമെന്നാണ് നെയ്ത്തു വ്യവസായത്തിന്റെ പ്രതീക്ഷ.

ഈ മാറ്റം സിനിമയിലും പാട്ടിലും എല്ലാമുണ്ട്. ‘ചെമ്മീന്‍’ വീണ്ടും ഇപ്പോള്‍ നഗരത്തിലെ ഒരു തിയറ്ററില്‍ പ്രദര്‍ശത്തിനെടുത്താല്‍ മറ്റ് ചിത്രങ്ങള്‍ ചിലപ്പോള്‍ തോറ്റുപോകും. ‘തേനും വയമ്പും’ എന്ന ഗാനത്തിന് വയസ് നാല്‍പ്പതാവുന്നു; ഇന്നും സുഭഗയൗവനമാണതിന്. ഈയിടെ ഇറങ്ങിയ തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ രണ്ടാഴ്ച ഓടിക്കിതച്ച് ഈയാംപാറ്റകളുടെ ഗതിയാര്‍ജ്ജിക്കുന്നു.

ഈ മാറ്റങ്ങള്‍, തിരിച്ചുപോക്കുകള്‍ നമ്മെ പഠിപ്പിക്കുന്നത് ഒന്നാണ്: നമ്മുടെ പാരമ്പര്യ ശീലങ്ങള്‍ മാറ്റുക ദുഷ്‌കരമാണ്. താത്കാലികമായ തിരയടിക്കലുകള്‍ സമുദ്രത്തിന്റെ ജലനിരപ്പില്‍ വര്‍ധനവ് ഉണ്ടാക്കുന്നില്ല; അത് വെറും കാറ്റിന്റെ വികൃതിയാണ്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ അതോര്‍മ്മിക്കേണ്ടിയിരിക്കുന്നു. സ്ഥായിയായ സ്വഭാവമുള്ള സ്വാദിഷ്ടങ്ങളെ വേണം വ്യാപാരവല്‍ക്കരിക്കാന്‍. എങ്കിലേ, ആ സംരംഭം സ്ഥിരമായ പ്രസക്തിയും വളര്‍ച്ചയും നേടൂ.

Comments

comments

Categories: FK Special, Slider