പെപ്‌സിയെ പിന്നിലാക്കി രണ്ടക്ക വരുമാന വളര്‍ച്ചയുമായി കൊക്കകോള

പെപ്‌സിയെ പിന്നിലാക്കി രണ്ടക്ക വരുമാന വളര്‍ച്ചയുമായി കൊക്കകോള

എക്കൗണ്ടിംഗ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് വരുമാന വളര്‍ച്ചയ്ക്ക് സഹായകമായി

മുംബൈ: ഉപഭോക്താക്കളുടെ ആഗോഗ്യ അവബോധം വളരുന്നുവെന്ന വിലയിരുത്തലുകള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊക്കകോള ഇന്ത്യ രേഖപ്പെടുത്തിയത് രണ്ടക്ക വളര്‍ച്ച. 2017 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം പെപ്‌സികോ ഇന്ത്യ ഹോള്‍ഡിംഗ്‌സിന്റെ വരുമാനം 0.2 ശതമാനം ഉയര്‍ന്ന് 3540 കോടി രൂപയായപ്പോള്‍ ഹിന്ദുസ്ഥാന്‍ കൊക്കകോള ബെവ്‌റെജ്‌സി (എച്ച്‌സിസിബി) ന്റെ വരുമാനം ഇക്കാലയളവില്‍ 11 ശതമാനം വളര്‍ന്ന് 9472 കോടി രൂപയായെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ച ഏറ്റവും പുതിയ ഫയലിംഗ് വ്യക്തമാക്കുന്നു. കൊക്കകോളയുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടും സംഭാവന ചെയ്യുന്നത് എച്ച്‌സിബിസിയാണ്.

എക്കൗണ്ടിംഗ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് വരുമാന വളര്‍ച്ചയ്ക്ക് സഹായകമായെന്നാണ് എച്ച്‌സിസിബി വക്താവ് പറയുന്നത്. താരതമ്യാടിസ്ഥാനത്തില്‍ ഇന്ത്യന്‍ എക്കൗണ്ടിംഗ് സ്റ്റാന്‍ഡേഡ് പ്രകാരം നിലവിലെയും മുന്‍പിലത്തേയും കമ്പനിട വരുമാനം സുസ്ഥിരമായി തുടരുകയാണ്. റെഡി-ടു-ഡ്രിങ്ക് പാനീയ വിഭാഗത്തിലേക്ക് നിരവധി ആളുകള്‍ പ്രവേശിക്കുന്നുണ്ട്. എല്ലാ പാനീയ വിഭാഗങ്ങളിലും മുഖ്യസാന്നിധ്യമായി ഒരു ‘ടോട്ടല്‍ ബെവ്‌റേജ്’ കമ്പനിയായി എച്ച്‌സിസിബിയെ മാറ്റാനാണ് ശ്രദ്ധ നല്‍കുന്നതെന്നും കമ്പനി വക്താവ് വ്യക്തമാക്കി. ഭക്ഷ്യ-സംസ്‌കരണ യൂണിറ്റുകള്‍ നിര്‍മിക്കുന്നതിനും കാര്‍ഷിക മേഖലയിലുമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 11,000 കോടി രൂപയുടെ നിക്ഷേപം രാജ്യത്ത് നടത്തുമെന്ന് ഈ വര്‍ഷം ആദ്യം കൊക്കകോള കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും മധുര പാനീയങ്ങളുടെ ആവശ്യകതയിലുണ്ടായ ഇടിവ് പെപ്‌സിക്കും കൊക്കകോളയ്ക്കും വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 2016 സാമ്പത്തിക വര്‍ഷത്തില്‍ പെപ്‌സിയുടെ വരുമാനം 15 ശതമാനം ഇടിഞ്ഞപ്പോള്‍ എച്ച്‌സിസിബിയുടെ വളര്‍ച്ച 8 ശതമാനത്തിലേക്ക് താഴ്ന്നു. 2017 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ രണ്ട് പാദങ്ങളില്‍ നോട്ട് അസാധുവാക്കല്‍ മൂലം വില്‍പ്പനയ്ക്ക് ആഘാതമേറ്റു.

ട്രോപികാന, ലേയ്‌സ് തുടങ്ങിയ തങ്ങളുടെ മുഖ്യ ബ്രാന്‍ഡുകളില്‍ ശക്തമായ ഇരട്ട അക്ക വളര്‍ച്ചയാണ് ഉണ്ടായതെന്ന് പെപ്‌സി കോ വ്യക്തമാക്കുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയുടെ അവസാനത്തില്‍ ചില പ്രതികൂല സാഹചര്യങ്ങളുണ്ടായത് വളര്‍ച്ചയ്ക്ക് മങ്ങലേല്‍പ്പിച്ചുവെങ്കിലും മൂന്ന് പാദങ്ങള്‍ക്കുള്ളില്‍ ബിസിനസ് ഗതിവേഗം വീണ്ടെടുത്തുവെന്നും പെപ്‌സികോ ഇന്ത്യ വക്താവ് ചൂണ്ടിക്കാട്ടി.
ജ്യൂസുകള്‍, എനര്‍ജി ഡ്രിങ്ക്‌സ്, വാസനയുള്ള ചായ, പോഷകഗുണമുള്ള വെള്ളം, ക്ഷീരോല്‍പ്പന്ന പാനീയങ്ങള്‍ തുടങ്ങിയ ആരോഗ്യകരമായ പാനിയങ്ങളിലേക്ക് ഉപഭോക്താക്കള്‍ മാറിയതോടെ 22000 കോടി രൂപയുടെ കാര്‍ബൊണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയില്‍ വളര്‍ച്ച മന്ദഗതിയിലായിരിക്കുകയാണ്.

Comments

comments

Categories: Business & Economy