ക്ഷേമപദ്ധതികള്‍ക്കുള്ള ആധാര്‍ സമയപരിധി മാര്‍ച്ച് 31 വരെ നീട്ടാമെന്ന് കേന്ദ്രം

ക്ഷേമപദ്ധതികള്‍ക്കുള്ള ആധാര്‍ സമയപരിധി മാര്‍ച്ച് 31 വരെ നീട്ടാമെന്ന് കേന്ദ്രം

ഭരണഘടനാ ബെഞ്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ രൂപീകരിച്ചേക്കും

ന്യൂഡെല്‍ഹി: വിവിധ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള തിയതി നീട്ടാന്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സമയപരിധി നീട്ടി നല്‍കാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനെ കേന്ദ്രം അറിയിച്ചത്. ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഭരണഘടനാ ബെഞ്ചായിരിക്കും ഇടക്കാല ഉത്തരവ് നല്‍കുകയെന്ന് ജസ്റ്റിസുമാരായ എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഒരു കൂട്ടം പരാതികള്‍ പരിശോധിക്കാന്‍ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കുമെന്ന് ഒക്‌റ്റോബര്‍ 30നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ആധാര്‍-മൊബീല്‍ നമ്പര്‍ ബന്ധിപ്പിക്കലിനെതിരെ പുതിയ ഹര്‍ജികള്‍ സ്വീകരിക്കില്ലെന്ന് നവംബര്‍ 13ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സമാനമായ നിരവധി ഹര്‍ജികള്‍ ഇതിനകം തന്നെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചത്. ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ അടുത്താഴ്ച തന്നെ സ്വീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ എല്ലാ മൊബീല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഫെബ്രുവരിയില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്ക് എക്കൗണ്ടുകളും മൊബില്‍ നമ്പറുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ബാങ്കുകളും ടെലികോം സേവനദാതാക്കളും മുന്നറിയിപ്പുകള്‍ നല്‍കണമെന്ന് നവംബര്‍ 3ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ആധാര്‍ ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഈ വര്‍ഷം ഡിസംബര്‍ 31ഉം, മൊബില്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ്.

Comments

comments

Categories: Slider, Top Stories