അമേരിക്കയുടെ മുന്നറിയിപ്പ് അവസരോചിതം

അമേരിക്കയുടെ മുന്നറിയിപ്പ് അവസരോചിതം

ഹാഫിസ് സയിദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നയതന്ത്രബന്ധം വഷളാകുമെന്ന് പാക്കിസ്ഥാന് അമേരിക്ക നല്‍കിയ മുന്നറിയിച്ച് സന്ദര്‍ഭോചിതമാണ്, പ്രത്യേകിച്ചും മുംബൈ ഭീകരാക്രമണത്തിന്റെ ഒമ്പതാം വാര്‍ഷികവേളയില്‍

രാജ്യത്തെ നടുക്കി 166 പേരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണത്തിന്റെ ഒമ്പതാം വാര്‍ഷികമാണ് രാജ്യം ഇന്നലെ ആചരിച്ചത്. പാക്കിസ്ഥാന്റെ ഭീകരത വലിയ തോതില്‍ ലോകത്തെ ബോധ്യപ്പെടുത്തിയ ആക്രമണമായിരുന്നു മുംബൈയിലേത്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഭീകരര്‍ അഴിഞ്ഞാടിയപ്പോള്‍ മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഭീകരാക്രമണത്തിന്റെ ഒമ്പതാം വാര്‍ഷിക വേളയില്‍ തന്നെ അതിന്റെ സൂത്രധാരനായ കൊടും തീവ്രവാദി ഹാഫിസ് സയിദിനെ പാക്കിസ്ഥാന്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ച് ഇന്ത്യക്കെതിരെ പ്രകോപനം തീര്‍ക്കാന്‍ ഇറക്കിവിട്ടത് അങ്ങേയറ്റം മര്യാദകേടും നിലവാരമില്ലായ്മയുമാണ്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ അനുഗ്രഹാശിസ്സുകളോടെ ലഷ്‌കര്‍ ഇ തായ്ബയും ജയ്ഷ് ഇ മൊഹമ്മദും ചേര്‍ന്ന് നടപ്പിലാക്കിയ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് സുവ്യക്തമായിട്ടും അതിനെതിരെ ക്രിയാത്മക നടപടികളൊന്നും തന്നെയുണ്ടായില്ല.

ഈ പശ്ചാത്തലത്തിലാണ് ഹാഫിസ് സയിദിന്റെ പുറത്തുവിടല്‍ വീണ്ടും ചര്‍ച്ചയാകുന്നത്. സയിദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പാക്കിസ്ഥാന്‍ സ്വീകരിക്കണമെന്ന് അമേരിക്ക പ്രസ്താവനയിറക്കിയതും ശ്രദ്ധേയമായി. സയിദിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്നും അമേരിക്ക പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ് ഈ വിഷയത്തില്‍ അമേരിക്ക സ്വീകരിക്കുന്ന ശക്തമായ നിലപാട്. ഭീകരതയ്‌ക്കെതിരെയുള്ള പാക്കിസ്ഥാന്റെ പ്രസ്താവനകളെല്ലാം കാപട്യമാണെന്നു കൂടി അത് അടിവരയിടുന്നു.

Comments

comments

Categories: Editorial, Slider