ഭിക്ഷ യാചിച്ചു കിട്ടിയ 2.5 ലക്ഷം ക്ഷേത്രത്തിനു സംഭാവനയായി നല്‍കി

ഭിക്ഷ യാചിച്ചു കിട്ടിയ 2.5 ലക്ഷം ക്ഷേത്രത്തിനു സംഭാവനയായി നല്‍കി

പത്തു വര്‍ഷത്തോളം ഭിക്ഷ യാചിച്ചു കിട്ടിയ രണ്ടരലക്ഷം രൂപ അതേ ക്ഷേത്രത്തിനുതന്നെ സംഭാവനയായി നല്‍കി മാതൃകയായിരിക്കുകയാണ് 85കാരിയായ ഭിക്ഷാടക. മൈസൂരു സ്വദേശിയായ സീതാലക്ഷ്മിയാണ് തന്റെ സമ്പാദ്യം മൈസൂരുവിനടുത്ത് വോണ്ടികോപ്പലിലുള്ള പ്രസന്ന ആഞ്ജനേയ സ്വാമി ക്ഷേത്രത്തിനു സംഭാവനയായി നല്‍കിയിരിക്കുന്നത്. ഈ ക്ഷേത്രത്തിനു സമീപത്തായി കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഭിക്ഷ യാചിച്ചു വരികയാണിവര്‍. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത സീതാലക്ഷ്മി ഗണേശ ചതുര്‍ത്ഥിക്ക് ആദ്യം 30,000 രൂപയും പിന്നീട് ബാക്കി തുകയും സംഭാവന നല്‍കിയതായി ക്ഷേത്രം അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

പ്രദേശത്തുള്ള വീടുകളിലും മറ്റും ജോലി ചെയ്തു ജീവിച്ചിരുന്ന സീതാലക്ഷ്മി പ്രായാധിക്യത്താല്‍ ആരോഗ്യം ക്ഷയിച്ചതിനെ തുടര്‍ന്നാണ് ജോലി ഉപേക്ഷിച്ച് ക്ഷേത്രനടയില്‍ ഭിക്ഷ യാചിച്ചു തുടങ്ങിയത്. ഭക്തര്‍ ഭിക്ഷയായി നല്‍കുന്ന എന്തും സന്തോഷപൂര്‍വം സ്വീകരിച്ചിരുന്ന അവര്‍ പണം ബാങ്കില്‍ സുരക്ഷിതമാക്കിയിരുന്നു. ക്ഷേത്ര നടയില്‍ ഭിക്ഷ യാചിച്ചു കഴിഞ്ഞുകൂടിയ സീതാലക്ഷ്മിയെ ആഴ്ചയിലൊരിക്കല്‍ കുളിക്കാനും മറ്റും സഹായിച്ചിരുന്നത് ക്ഷേത്ര ജീവനക്കാരി കൂടിയായ രാജേശ്വരിയാണ്. തന്റെ എല്ലാമെല്ലാമായ ദൈവത്തിന് യാചിച്ചു കിട്ടിയ സമ്പാദ്യം സംഭാവനയായി നല്‍കുന്നതില്‍ അതീവ സന്തോഷവതിയായ സീതാലക്ഷ്മി, എല്ലാ ഹനുമാന്‍ ജയന്തിക്കും ക്ഷേത്രം അധികൃതര്‍ ഭക്തര്‍ക്കു പ്രസാദം നല്‍കണമെന്നുമാത്രമാണ് ആഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

Comments

comments

Categories: FK Special