ആപ്പിളിനെ സ്വീകരിക്കുന്നതിന് സന്തോഷം, ബുദ്ധിമുട്ടുകള്‍ പരിഹരിക്കും: സുരേഷ് പ്രഭു

ആപ്പിളിനെ സ്വീകരിക്കുന്നതിന് സന്തോഷം, ബുദ്ധിമുട്ടുകള്‍ പരിഹരിക്കും: സുരേഷ് പ്രഭു

ആപ്പിള്‍ മുന്നോട്ടുവെച്ച ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് മാര്‍ച്ചില്‍ അന്നത്തെ വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആപ്പിളിന് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അവരില്‍ നിന്നുള്ള ഔദ്യോഗിക ശുപാര്‍ശയ്ക്ക് കാത്തിരിക്കുകയാണെന്നും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു.’ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡായ ആപ്പിളില്‍ നിന്ന് നല്ലൊരു നിര്‍ദേശം നമുക്ക് ലഭിക്കും. അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള തടസം നേരിടുന്നുവെങ്കില്‍ അത് പരിശോധിക്കുന്നതിന് തയാറാണ്. ആപ്പിളിന്റെ ബുദ്ധിമുട്ടുകളെ പരിഹരിക്കുന്നതിന് കേന്ദ്രത്തിന് അതിയായ സന്തോഷമാണുള്ളത്. അതിനാല്‍ ഔദ്യോഗിക ശുപാര്‍ശയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്’, സുരേഷ് പ്രഭു വ്യക്തമാക്കി.

ആപ്പിളിനെ വരവേല്‍ക്കാന്‍ ഏതു സംസ്ഥാനമാണ് ഏറ്റവും പ്രാപ്തമെന്ന് നിര്‍ണയിക്കാന്‍ എല്ലാ മുഖ്യമന്ത്രിമാരുമായും കേന്ദ്രം സംസാരിക്കും. രാജ്യത്ത് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് തങ്ങള്‍ക്ക് ചില ഇളവുകള്‍ നല്‍കണമെന്ന് കാലിഫോര്‍ണിയയിലെ ക്യൂപെര്‍ട്ടിനോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദിഷ്ട നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് നിക്ഷേപം, തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആപ്പിളിനോട് സര്‍ക്കാര്‍ തേടിയിരുന്നു.

ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ആപ്പിള്‍ മുന്നോട്ടുവെച്ച ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് മാര്‍ച്ചില്‍ അന്നത്തെ വാണിജ്യ മന്ത്രിയായിരുന്ന നിര്‍മല സീതാരാമന്‍ രാജ്യസഭയെ അറിയിച്ചിരുന്നു. 15 വര്‍ഷത്തേക്ക് നിര്‍മാണ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതിയിളവ് അടക്കമുള്ള വന്‍ആവശ്യങ്ങളാണ് ആപ്പിള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്. നിര്‍മാണത്തിനാവശ്യമായ ഘടകഭാഗങ്ങളില്‍ 30 ശതമാനം രാജ്യത്തിനകത്ത് നിന്ന് മാത്രമേ വാങ്ങാന്‍ പാടുള്ളുവെന്ന നയത്തിലും ആപ്പിള്‍ ഇളവ് തേടിയിട്ടുണ്ട്.

ചൈന, ജര്‍മനി, യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ സ്വന്തം ഉടമസ്ഥതയിലുള്ള റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ വഴിയാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. പൂര്‍ണ്ണമായും തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്റ്റോറുകള്‍ ഇന്ത്യയില്‍ ആപ്പിളിനില്ല. റെഡിംഗ്ടണ്‍, ഇന്‍ഗ്രാം മൈക്രോ എന്നിവ പോലുള്ള വിതരണക്കാര്‍ വഴിയാണ് ആപ്പിള്‍ ഇന്ത്യയില്‍ ഉല്‍പ്പന്ന വിതരണം നടത്തുന്നത്.

Comments

comments

Categories: Slider, Top Stories