കാത്തിരിക്കൂ… ഇലക്ട്രിക് വാഹനങ്ങള്‍ വരുന്നുണ്ട്

കാത്തിരിക്കൂ… ഇലക്ട്രിക് വാഹനങ്ങള്‍ വരുന്നുണ്ട്

പുതുവര്‍ഷത്തില്‍ നിരവധി ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തും. പാതയോരങ്ങളില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളും കാണാം

ന്യൂ ഡെല്‍ഹി : നിങ്ങള്‍ പുതിയ കാര്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണോ ? കുറച്ചുകൂടി കാത്തിരിക്കുകയാണ് ഉചിതം. അങ്ങനെയെങ്കില്‍ ഇലക്ട്രിക് കാര്‍ വാങ്ങാം. പെട്രോള്‍, ഡീസല്‍ കാറുകളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പകരമായി ഇന്ത്യ ഇലക്ട്രിക് കാറുകളെ വരവേല്‍ക്കും. രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി എത്രയും വേഗം കൊണ്ടുവരുന്നതിനാണ് കേന്ദ്ര സര്‍ക്കാരും വാഹന നിര്‍മ്മാതാക്കളും ശ്രമിക്കുന്നത്. പുതുവര്‍ഷത്തില്‍ നിരവധി ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തും. പാതയോരങ്ങളില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളും നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

മുന്നില്‍നിന്ന് നയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്നത്. എന്നാല്‍ അതുകൊണ്ടായില്ല. ഇലക്ട്രിക് മൊബിലിറ്റിക്ക് വലിയൊരു പുഷ് ആവശ്യമാണ്. എന്നാല്‍ അതാകട്ടെ സംഭവിച്ചുകഴിഞ്ഞു. സ്വകാര്യ കമ്പനികളില്‍നിന്ന് പതിനായിരം ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ 500 കാറുകളാണ് വാങ്ങുന്നത്. ഇതില്‍ ടാറ്റ മോട്ടോഴ്‌സ് 250 കാറുകളും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 150 കാറുകളും വിതരണം ചെയ്യും.

പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (ഇഇഎസ്എല്‍) മുഖേനയാണ് ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ടാറ്റ മോട്ടോഴ്‌സിനും മഹീന്ദ്രയ്ക്കും ഇഇഎസ്എല്‍ ആണ് മെഗാ ഓര്‍ഡര്‍ നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇഇഎസ്എല്‍ ഈ വാഹനങ്ങള്‍ നല്‍കും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ മന്ത്രാലയങ്ങളുടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം കാണാന്‍ കഴിയും.

അടിസ്ഥാന സൗകര്യങ്ങള്‍ എത്രയും വേഗം

മതിയായ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഇല്ലാത്തതാണ് ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റിക്കുമുന്നില്‍ വലിയ തടസ്സമായി നില്‍ക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ വില്‍പ്പന പരിമിതപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ വലിയ ഓര്‍ഡറും ഭാവിയില്‍ ഇത്തരം ഓര്‍ഡറുകളും കൂടുതല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത് അനിവാര്യമാക്കും.

ഇന്ത്യയില്‍ ഏകദേശം 56,000 ഇന്ധന സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും 200 ഓളം ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ മാത്രമാണുള്ളത്. ഇതിനൊരു മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. ഈയിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നാഗ്പുരിലെ പെട്രോള്‍ പമ്പില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചു. ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ എണ്ണ വിപണന കമ്പനിയായി ഇതോടെ ഐഒസി മാറി. അടുത്ത വര്‍ഷം ഇത്തരത്തില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിലവില്‍ വരും.

2030 ഓടെ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ മാത്രം എന്ന ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാരിന്

ഒന്നാം സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് മാര്‍ക്കറ്റ് ലീഡര്‍

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകി മോട്ടോറും ടൊയോട്ട മോട്ടോറും കരാറിലെത്തിയിട്ടുണ്ട്. മാരുതിയുമായി ചേര്‍ന്ന് ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയുടെ പകുതിയോളം അടക്കിഭരിക്കുന്നത് സുസുകിയാണ്. ഇന്ത്യയില്‍ രണ്ട് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റാല്‍ അതിലൊന്ന് മാരുതി സുസുകി മോഡലായിരിക്കും. മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങിയാല്‍ ഇലക്ട്രിക് വാഹന വ്യാപനം വേഗത്തിലാകും.

കൂടുതല്‍ കൂടുതല്‍ പേര്‍

ഇന്ത്യന്‍ വിപണിയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഇലക്ട്രിക് വാഹന തന്ത്രം തയ്യാറാക്കിവരികയാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായതും ഇന്ത്യക്കാര്‍ക്ക് സാമ്പത്തികമായി താങ്ങാന്‍ കഴിയുന്നതുമായ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളാണ് ആലോചിക്കുന്നത്. 2030 ഓടെ ആഗോളതലത്തില്‍ തങ്ങളുടെ 65 ശതമാനം വില്‍പ്പന ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന ലക്ഷ്യമാണ് ഹോണ്ട നിശ്ചയിച്ചിരിക്കുന്നത്.

ഹോണ്ട ആര്‍ ആന്‍ഡ് ഡി (ജപ്പാന്‍) യുടെ കീഴില്‍ ഇലക്ട്രിക് വെഹിക്കിള്‍ ഡെവലപ്‌മെന്റ് ഡിവിഷന്‍ ഇതിനകം രൂപീകരിച്ചിട്ടുണ്ട്. പവര്‍ട്രെയ്ന്‍, ബോഡി ഉള്‍പ്പെടെ മുഴുവന്‍ വാഹനവും നിര്‍മ്മിക്കുന്നതിനുള്ള പ്രത്യേക സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

സുസുകിക്കും ടൊയോട്ടയ്ക്കും പുറമേ ഹോണ്ടയും രംഗത്തുവരുന്നതോടെ ഇന്ത്യയില്‍ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുന്നതിന് മറ്റ് കമ്പനികള്‍ നിര്‍ബന്ധിതരാകും. കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്ന കാര്യം ആലോചിച്ചുവരുന്നു.

ഇലക്ട്രിക് വാഹന നയം

2030 ഓടെ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ മാത്രം എന്ന ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. വേണ്ടിവന്നാല്‍ ‘ബലം’ പ്രയോഗിക്കുമെന്ന് റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Auto