പരിഷ്‌കരണങ്ങള്‍ ഏകീകരിക്കേണ്ട സമയമായെന്ന് നിതി ആയോഗ്

പരിഷ്‌കരണങ്ങള്‍ ഏകീകരിക്കേണ്ട സമയമായെന്ന് നിതി ആയോഗ്

തൊഴിലവസരങ്ങളിലെ കുറവ് സംബന്ധിച്ച വാര്‍ത്തകള്‍ ഊതിപെരുപ്പിച്ചവയെന്ന് രാജിവ് കുമാര്‍

ന്യൂഡെല്‍ഹി: ജിഎസ്ടി (ഏകീകൃത ചരക്ക് സേവന നികുതി)യും പാപ്പരത്ത നിയമവും ബിനാമി നിയമവും ഉള്‍പ്പടെ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നയപരിഷ്‌കരണങ്ങള്‍ ലക്ഷ്യം കാണുന്നതിന് ഇവയുടെ ഏകീകരണം നടപ്പാക്കേണ്ട സമയമാണിതെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. അടുത്ത പതിനെട്ട് മാസത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ പദ്ധതികള്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനവവിഭവശേഷിയുടെ വികസനത്തില്‍ ഈ മേഖലകള്‍ക്കുള്ള നിര്‍ണായക സ്ഥാനം കണക്കിലെടുത്തുകൊണ്ടാണ് ഭാവി പരിഷ്‌കരണങ്ങളില്‍ ഇവയ്ക്ക് ഊന്നല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

കഴിഞ്ഞ 42 മാസത്തിനിടെ നിരവധി കാര്യങ്ങള്‍ മോദി സര്‍ക്കാര്‍ സാമ്പത്തിക മേഖലയില്‍ നടപ്പാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട ചില നയപരിഷ്‌കരണങ്ങളും ഇതിലുണ്ടായിരുന്നു. ജിഎസ്ടി, ബിനാമി നിയമം, പാപ്പരത്ത നിയമം, ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) എന്നിവയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള പ്രധാന പരിഷ്‌കരണങ്ങള്‍ എന്നും ഈ നടപടികളുടെ വിജയകരമായ നടത്തിപ്പിലാണ് നിലവില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും രാജീവ് കുമാര്‍ പറഞ്ഞു. പൊതു ആരോഗ്യം, പൊതു വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ രംഗങ്ങളില്‍ കൂടുതല്‍ നടപടികളെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2014 മേയില്‍ അധികാരമേറ്റ മോദി സര്‍ക്കാര്‍ 2019ല്‍ പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുകയാണ്. ഈ വേളയില്‍ സര്‍ക്കാര്‍ ഏറ്റവും വലിയ വിമര്‍ശനം നേരിടുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ അപര്യാപ്തത മുന്‍നിര്‍ത്തിയാണ്. എന്നാല്‍ തൊഴിലവസരങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുള്ള നിരവധി മേഖലകളുണ്ടെന്നാണ് രാജീവ് കുമാര്‍ പറയുന്നത്. ഇത് സംഘടിത മേഖലകളിലല്ലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപിഎഫ്ഒ എക്കൗണ്ടുകളുടെയും എന്‍പിഎസ് (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) എക്കൗണ്ടുകളുടെയും വര്‍ധന നിരീക്ഷിക്കാനായിട്ടുണ്ട്. സേവന മേഖലകളില്‍, പ്രധാനമായും ടൂറിസം, വ്യോമയാനം, ഗതാഗതം തുടങ്ങിയ മേഖലകളിലെ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങളിലെ കുറവ് സംബന്ധിച്ച വാര്‍ത്തകള്‍ ഊതിപെരുപ്പിച്ചവയാണെന്നാണ് രാജീവ് കുമാറിന്റെ വാദം.

Comments

comments

Categories: Slider, Top Stories