‘നമ്പര്‍ വണ്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡാകും കേരള ബ്ലാസ്റ്റേഴ്‌സ്’

‘നമ്പര്‍ വണ്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡാകും കേരള ബ്ലാസ്റ്റേഴ്‌സ്’

മഞ്ഞപ്പടയ്ക്കായി ആവേശത്തിന്റെ അലകടല്‍ തീര്‍ക്കുന്നു മലയാളികള്‍. ആരാധകരുടെ ഊര്‍ജ്ജമുള്‍ക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ സ്‌പോര്‍ട്‌സ് ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി. ഫുട്‌ബോളിന്റെ പ്രൊഫഷണല്‍വല്‍ക്കരണം ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ലൂടെ യാഥാര്‍ഥ്യമാകുമ്പോള്‍ വ്യത്യസ്തമായൊരു സ്‌പോര്‍ട്‌സ് സംസ്‌കാരം ഇവിടെ രൂപപ്പെട്ടുവരും എന്നാണ് വരുണിന്റെ പക്ഷം. 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്ന വരുണ്‍ ത്രിപുരനേനി, തുടര്‍വര്‍ഷങ്ങളില്‍ ചെന്നൈയിന്‍ എഫ് സിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവര്‍ത്തിച്ച ശേഷമാണ് വീണ്ടും കേരള ബ്‌ളാസ്റ്റേഴ്‌സിലേക്ക് എത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന സ്‌പോര്‍ട്‌സ് ബ്രാന്‍ഡിന്റെ സാധ്യതകളെക്കുറിച്ചും ഫുട്‌ബോളിനെ കുറിച്ചും വരുണ്‍ ത്രിപുരനേനി ഫ്യുച്ചര്‍ കേരളയോട് സംസാരിക്കുന്നു

ചെന്നൈയിന്‍ എഫ്‌സിയില്‍ നിന്നുമാണ് കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ സിഇഒ സ്ഥാനത്തേക്ക് എത്തിയത്, നിലവില്‍ ഫോക്കസ് ചെയ്യുന്നത് എന്തിലൊക്കെയാണ്?

ചെന്നൈയിന്‍ എഫ് സിക്ക് ഒപ്പം മികച്ചൊരു സീസണ്‍ പങ്കുവച്ചതിനു ശേഷമാണ് ഞാന്‍ വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. ചെന്നൈയിന്‍ എഫ് സിക്കൊപ്പം ഞാന്‍ ഉണ്ടായിരുന്ന വര്‍ഷം തന്നെ അവര്‍ക്ക് ടൈറ്റില്‍ നേടാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കി. 2014ല്‍ ഞാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പം ഉണ്ടായിരുന്നു. ഈ വര്‍ഷം ടീമിന്റെ ഭാഗമായി തിരിച്ചെത്തിയപ്പോള്‍ ചുമതലകളും പ്രതീക്ഷകളും പതിന്മടങ്ങ് വര്‍ദ്ധിച്ചു. ചെന്നൈയിന്‍ എഫ്‌സി നേടിയതു പോലെ ഐഎസ്എല്‍ ടൈറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന നിമിഷത്തിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ ടീമില്‍ എനിക്ക് വലിയ പ്രതീക്ഷയാണുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ റേറ്റ് ചെയ്യാമോ?

ഐഎസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്ന കരുത്തുറ്റ ടീമാണ് നമുക്കുള്ളത്. ലോകഫുട്ബാള്‍ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടും പിന്നിലല്ല. സന്ദീപ് നന്ദി മുതല്‍ വെസ് ബ്രൗണ്‍ വരെയുള്ള താരങ്ങള്‍ ഓരോരുത്തരും പ്രതീക്ഷ നല്‍കുന്നവരാണ്. യുവത്വവും എക്‌സ്പീരിയന്‍സും ഒത്തിണങ്ങിയ ടീം ആണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. തീര്‍ച്ചയായും തീ പാറുന്ന ചില മാച്ചുകള്‍ കേരള ബ്‌ളാസ്റ്റേഴ്‌സ് കാഴ്ചവയ്ക്കും.

കേരള ബ്‌ളാസ്റ്റേഴ്‌സിനെ മികച്ചൊരു സ്‌പോര്‍ട്‌സ് ബ്രാന്‍ഡാ യി വളര്‍ത്തിയെടുക്കാനുള്ള പദ്ധതികള്‍?

ഐഎസ്എല്ലിനെ സംബന്ധിച്ചിടത്തോളം ആദ്യ മൂന്നു വര്‍ഷങ്ങള്‍ വളരെ നിര്‍ണായകമാണ്. സാധാരണയായി, രണ്ടോ മൂന്നോ മാസം നീണ്ടു നില്‍ക്കുന്ന ഒന്നാണ് ഐ എസ്എല്‍ ഒരുക്കങ്ങള്‍. എന്നാല്‍ ഇത്തവണ പതിവില്‍ നിന്നും വിപരീതമായി വര്‍ഷം മുഴുവന്‍ നീണ്ടു നിന്ന ഒരുക്കങ്ങളാണ് നടത്തിയത്. ഈ കാലയളവിലുടനീളം ബ്രാന്‍ഡിംഗ് പദ്ധതികള്‍ നടപ്പാക്കി വരികയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ ഒരു മുന്‍നിര സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് ആയി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നത് ടീമിന്റെ ആരാധകര്‍ തന്നെയാണ്. കേരളത്തിലുടനീളം 30 ഫാന്‍സ് ക്‌ളബുകളാണ് ടീമിനുള്ളത്. ഇതില്‍ നിന്നും 2500ല്‍ പരം കുട്ടികള്‍ ഐഎസ്എല്ലിന്റെ ഭാഗമാകുന്നു. തീര്‍ച്ചയായും ടീം ആരാധകരുടെ പിന്തുണയോടെ ബ്രാന്‍ഡ് വളര്‍ത്തുക എന്നതാണ് ആദ്യ പടി.

ഒപ്പം കൂടുതല്‍ സ്‌പോണ്‍സര്‍മാര്‍ വരികയും, കൂടുതല്‍ തുക കേരള ബ്ലാസ്റ്റേഴ്‌സിനായി നിക്ഷേപിക്കുകയും വേണം. അത് ക്ലബ്ബിന്റെ മൂല്യം വര്‍ധിപ്പിക്കും. എങ്കില്‍ മാത്രമേ, ഐഎസ് എല്‍ മത്സരങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് ബ്രാന്‍ഡ് ജനകീയമായി എന്ന് പറയാനാകൂ.

കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് വികസിപ്പിച്ചെടുക്കുന്നതില്‍ എന്തെങ്കിലും വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടോ?

ഒരിക്കലുമില്ല, കേരളത്തിലെ ജനങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നവരാണ്. ചെന്നൈയിന്‍ എഫ് സിക്ക് ഒപ്പമുള്ള എന്റെ പ്രവര്‍ത്തന പരിചയത്തിലൂടെ, എങ്ങനെ സ്‌പോര്‍ട്‌സ് ബ്രാന്‍ഡിംഗ് നടത്താം എന്ന് ഞാന്‍ പഠിച്ചു. മാത്രമല്ല, ഐ എസ്എല്‍ സീസണ്‍ വണ്‍ തൊട്ട് ടീം അംഗങ്ങളുമായി മികച്ച സൗഹൃദം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സിഇഒ ആണെന്നുകരുതി എല്ലാ കാര്യങ്ങളിലും ഇടപെടുക എന്ന ശീലമില്ല. ടീം ഓപ്പറേഷന്‍സിലും ബ്രാന്‍ഡിംഗിലുമാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. അതിനാല്‍ തന്നെ പ്രത്യേക ഫോക്കസ് നല്‍കുന്ന മേഖലകള്‍ വികസിപ്പിച്ചെടുക്കുക എന്നത് താരതമ്യേന എളുപ്പമുള്ള കാര്യമായിട്ടാണ് തോന്നുന്നത്.

കേരളം മുഴുവന്‍ അലയടിക്കുന്ന മഞ്ഞപ്പടയുടെ ആവേശം ഇവിടെ സ്‌പോര്‍ട്‌സ് ബ്രാന്‍ഡിംഗ് വിജയിക്കുന്നതിന് ഉദാഹരണമാണ്. പിന്നെ, ഏതുമേഖലയില്‍ ആയാലും ചില വെല്ലുവിളികള്‍ ഉണ്ടാകും, വെല്ലുവിളികളെ അതിന്റേതായ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളാനാണ് എനിക്ക് താല്‍പര്യം. വെല്ലുവിളികളില്‍ നിന്നും പോസിറ്റീവ് ആയ ഘടകങ്ങള്‍ മാത്രം സ്വീകരിക്കും. എന്തിനും ഏതിനും കരുത്തോടെ കൂടെ നില്‍ക്കുന്ന ഒരു ടീം ഉള്ളിടത്തോളം കാലം പേടിക്കാന്‍ ഒന്നുമില്ല. സ്‌പോണ്‍സര്‍ഷിപ്പ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ കാര്യങ്ങള്‍ അതാത് മേഖലയിലുള്ളവര്‍ കൃത്യതയോടെ ചെയ്യുന്നതാണ് കേരളബ്ലാസ്റ്റേഴ്‌സിന്റെ വിജയം.

എന്തെങ്കിലും പ്രത്യേക ബ്രാന്‍ഡിംഗ് തന്ത്രങ്ങളില്‍ ശ്രദ്ധ വെക്കുന്നുണ്ടോ?

കബഡി ലീഗ്, ക്രിക്കറ്റ് ലീഗ് എന്നിവയില്‍ നിന്നും വ്യത്യസ്തമായി വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന മുന്നൊരുക്കങ്ങളാണ് ഐഎസ്എല്ലിന് വേണ്ടി നടത്തിയിരുന്നത്. കബഡി ലീഗില്‍ ‘തമിഴ് തലൈവ’ ടീമിന്റെ ഭാഗമായിരുന്നു. അവിടെ നടത്തിയ ഒരുക്കങ്ങള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. 2017 ഫെബ്രുവരിയില്‍ സിഇഒ ആയി ചാര്‍ജെടുത്തശേഷം, കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ജനകീയമാക്കുന്നതില്‍ ആയിരുന്നു. കേരളത്തിലെ ജനങ്ങള്‍ യഥാര്‍ത്ഥ ഫുട്ബാള്‍ പ്രേമികളാണ്. അതുകൊണ്ടുതന്നെ അവരിലേക്ക് ഇറങ്ങി ചെല്ലുന്ന ബ്രാന്‍ഡിംഗ് തന്ത്രങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിനായി ഒരുക്കിയത്.

ഐഎസ്എല്‍ ടൈറ്റില്‍ നേടിയ ടീം എന്ന നിലയില്‍ ചെന്നൈയിന്‍ എഫ് സിയില്‍ പരീക്ഷിച്ചു വിജയിച്ച ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ ഞങ്ങള്‍ ഇവിടെയും പരീക്ഷിച്ചു എന്നതാണ് ശരി. കരുത്തുറ്റ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുക എന്നതായിരുന്നു ആദ്യ പടി. ജേഴ്‌സി സ്‌പോണ്‍സറായി മുത്തൂറ്റ് വന്നപ്പോള്‍ തന്നെ ജനങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ബ്രാന്‍ഡിലേക്ക് കൂടുതല്‍ അടുത്തു.

ചെറുതും വലുതുമായ ബിസിനസ് ബ്രാന്‍ഡുകളെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമുമായി കോര്‍ത്തിണക്കുക എന്നതായിരുന്നു അടുത്ത പടി. കൂടുതല്‍ സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടു വന്നത് ടീമിന്റെ ബലം വര്‍ദ്ധിപ്പിച്ചു. സ്‌പോണ്‍സര്‍മാര്‍ മുഖാന്തരം കൂടുതല്‍ വ്യക്തികളിലേക്ക് ബ്രാന്‍ഡ് എത്തി. കേരളത്തിലെ ബിസിനസ് ബ്രാന്‍ഡുകള്‍ക്കും കേരള ബ്ലാസ്റ്റേഴ്‌സിനും ഒരു പോലെ ഗുണം കിട്ടത്തക്കരീതിയിലാണ് ബ്രാന്‍ഡ് പ്രൊമോഷനും സ്‌പോണ്‍സര്‍ഷിപ്പ് പാക്കേജുകളും നിശ്ചയിച്ചിരിക്കുന്നത്. അടിസ്ഥാന തലത്തില്‍ നിന്നുള്ള ബ്രാന്‍ഡിംഗിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്.

ഇനിയും കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ടീം കേരളത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ബ്രാന്‍ഡിംഗില്‍ പങ്കാളികളായവരോടും ആരാധകരോടുമുള്ള കടമകള്‍ പൂര്‍ത്തിയാക്കുന്ന തരത്തിലുള്ള പരിശീലനമാണ് ടീം അംഗങ്ങളും കാഴ്ചവയ്ക്കുന്നത്.

കൂടുതല്‍ സ്‌പോണ്‍സര്‍മാര്‍ വരികയും, കൂടുതല്‍ തുക കേരള ബ്ലാസ്റ്റേഴ്‌സിനായി നിക്ഷേപിക്കുകയും വേണം. അത് ക്ലബ്ബിന്റെ മൂല്യം വര്‍ധിപ്പിക്കും. എങ്കില്‍ മാത്രമേ, ഐഎസ് എല്‍ മത്സരങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് ബ്രാന്‍ഡ് ജനകീയമായി എന്ന് പറയാനാകൂ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഞാന്‍ നേരത്തെ പറഞ്ഞല്ലോ, കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യം ടീമിന്റെ ഫാന്‍സ് തന്നെയാണ്. ഫുട്‌ബോള്‍ ലഹരിയാക്കിയവരാണ് കേരളീയര്‍. അര മില്യണ്‍ ഫോളോവേഴ്‌സ് ആണ് ട്വിറ്ററില്‍ ഉള്ളത്. ഫേസ്ബുക്കിലെ ആരാധകര്‍ ഒരു മില്യണിലേറെ വരും. സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ എന്ന വലിയ ചുമതല ആരാധകര്‍ നേരിട്ടാണ് നടത്തുന്നത്. ഐഎസ് എല്ലില്‍ പങ്കെടുക്കുന്ന മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇത്രയും വലിയ ‘ഫാന്‍ബേസ്’ മറ്റൊരു ടീമിനും ഇല്ല എന്ന് മനസിലാകും.

ആരാധകരെകുറിച്ച് പറയുമ്പോള്‍, ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയെക്കുറിച്ച് പറയാതിരിക്കാന്‍ ആകില്ല. ലീഗ് മത്സരങ്ങളുടെ തുടക്കം മുതല്‍ ഒടുക്കം വരെ മികച്ച പിന്തുണയാണ് മഞ്ഞപ്പട നല്‍കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ഓഫീസുമായി ബന്ധപ്പെട്ട്, കളികാണാന്‍ എത്തുന്ന ആരാധകരെ നിയന്ത്രിക്കുന്നത് മുതല്‍ ഓരോ ഘട്ടത്തിലും മഞ്ഞപ്പട പൂര്‍ണരീതിയില്‍ പ്രവര്‍ത്തന സജ്ജരാണ്. മികച്ച ഫാന്‍സ് ക്ലബ്ബിനുള്ള അവാര്‍ഡും മഞ്ഞപ്പട അടുത്തിടെ സ്വന്തമാക്കിയിരുന്നു. കേരള ബ്‌ളാസ്റ്റേഴ്‌സ് ടീം അംഗങ്ങളെ സംബന്ധിച്ചും കേരളം, പ്രത്യേകിച്ച് കൊച്ചി ഏറെ പ്രിയപ്പെട്ട ഇടമാണ്

കേരള ബ്‌ളാസ്റ്റേഴ്‌സ് ടീമിലും അവരുടെ പ്രകടനത്തിലും ആരാധകര്‍ക്ക് മികച്ച വിശ്വാസമാണുള്ളത്. ആ വിശ്വാസം കാക്കുക എന്നതാകും ടീമിന്റെ ആദ്യ ലക്ഷ്യം. അതിനാല്‍ വിജയത്തില്‍ കുറഞ്ഞൊരു വാക്ക് പ്രതീക്ഷിക്കാതെയാണ് ഓരോ കളിക്കാരനും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത്. ടൈറ്റില്‍ വിജയിച്ച് ആരാധകര്‍ നല്‍കിയ സ്‌നേഹം മടക്കി നല്‍കാനാണ് ടീം പ്രയത്‌നിക്കുന്നത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന വ്യക്തിയുടെ സാന്നിധ്യം എത്രമാത്രം ബ്രാന്‍ഡിംഗില്‍ ഗുണം ചെയ്യുന്നുണ്ട്?

സച്ചിനാണ് ടീമിന്റെ നേടുംതൂണ്. അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും കൊണ്ടാണ്, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന അദ്ദേഹത്തിന്റെ വിശേഷണത്തില്‍ നിന്നും ബ്ലാസ്റ്റര്‍ എന്ന വാക്ക് സ്വീകരിച്ച് ടീമിന് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന പേര് നല്‍കിയത്. സച്ചിന്‍ ഉടമയായ ഒരു ടീമിന് അദ്ദേഹം ഗ്രൗണ്ടില്‍ ആയിരിക്കുമ്പോള്‍ ആരാധര്‍ക്കുണ്ടാകുന്ന വിശ്വാസം എത്രയോ, അതത്രയും ലഭിക്കുന്നുണ്ട്.

ബ്രാന്‍ഡിംഗ് വേളയിലും ഏറ്റവും കൂടുതല്‍ പ്രോയോജനപ്പെട്ടത് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സാമീപ്യമാണ്. സ്‌പോണ്‍സര്‍ഷിപ്പിനായി ഒരു വ്യക്തിയെ അല്ലെങ്കില്‍ സ്ഥാപനത്തെ സമീപിക്കുമ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന പേര് ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്ലില്‍ ഈ പകിട്ടും മേന്മയും ലഭിച്ചതിനു പിന്നില്‍ ആ പേര് തന്നെയാണുള്ളത്. കേരളത്തിന് പുറത്തും ആഗോള തലത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് ആരാധകര്‍ ഉണ്ടായതിനു പിന്നിലെ പ്രധാന കാരണം സച്ചിന്റെ സാമിപ്യമാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍ എന്ന പേര് ബ്രാന്‍ഡിംഗിനായി നമ്മള്‍ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ, ഉത്തരവാദിത്തങ്ങളും വര്‍ദ്ധിക്കുന്നു. ഒന്നാമതാകുക എന്നതില്‍ കവിഞ്ഞു ഒന്നും പ്രതീക്ഷിക്കാന്‍ കഴിയാത്തതും അതുകൊണ്ടാണ്.

സച്ചിനാണ് ടീമിന്റെ നേടുംതൂണ്. അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും കൊണ്ടാണ്, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന അദ്ദേഹത്തിന്റെ വിശേഷണത്തില്‍ നിന്നും ബ്ലാസ്റ്റര്‍ എന്ന വാക്ക് സ്വീകരിച്ച് ടീമിന് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന പേര് നല്‍കിയത്

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി എന്തായിരിക്കും?

കേരള ബ്ലാസ്റ്റേഴ്‌സിന് കീഴില്‍ ഒരു ലോകോത്തര റെസിഡന്‍ഷ്യല്‍ ഫുട്!ബോള്‍ അക്കാഡമി വരണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ടീം ഉടമകളും പ്രവര്‍ത്തിക്കുന്നത് ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ്. ഇന്ത്യയില്‍ നിന്നും കഴിവുറ്റ ദേശീയ ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവും ഇതിനോടൊപ്പമുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ഫ്രാഞ്ചൈസി എന്ന തലത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്ിനെ എത്തിക്കുകയെന്നതാണ് ആത്യന്തിക ലക്ഷ്യം. നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ പ്രതിയോഗികള്‍ ഉണ്ട്. മികച്ച പ്രകടനം കാഴ്ചവച്ച് ഈ മേഖലയില്‍ മുന്നേറാനാകും എന്ന് തന്നെയാണ് പ്രതീക്ഷ. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകും എന്നാണ് കരുതുന്നത്.

ഫുട്‌ബോളിലെ വാണിജ്യവല്‍ക്കരണത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

തീര്‍ച്ചയായും, ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അത്. ഒരു കായിക രൂപത്തെ കൂടുതല്‍ ജനകീയമാക്കാനും കഴിവുള്ള താരങ്ങളെ ഉയരങ്ങളില്‍ എത്തിക്കാനും അതുകൊണ്ട് സാധിക്കും. മികച്ച താരങ്ങളെ വാര്‍ത്തെടുക്കണം എങ്കില്‍ അവര്‍ക്ക് മികച്ച പരിശീലനം നല്‍കണം. അതിനായി ലോകോത്തര നിലവാരത്തിലേക്ക് ഉയരണം. ഇവ നേടണമെങ്കില്‍ കായികരംഗത്തെ കോമേഷ്യലൈസ് ചെയ്യുക തന്നെ വേണം. ഇതിന്റെ പ്രയോജനം കളിക്കാര്‍ക്ക് മാത്രമല്ല, ബ്രാന്‍ഡിംഗ് പ്രക്രിയയില്‍ പങ്കാളികളാകുന്നവര്‍ക്ക് മുതല്‍ കളി കാണുന്നവര്‍ക്ക് വരെ ലഭിക്കും.

വ്യക്തിപരമായി താങ്കള്‍ക്ക് പ്രിയപ്പെട്ട സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകള്‍?

എക്കാലത്തും എനിക്ക് പ്രിയപ്പെട്ട ക്ലബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആണ്. ഞാനൊരു മാഞ്ചെസ്റ്റെര്‍ യുണൈറ്റഡ് ആരധകനായതുകൊണ്ടാണ് യുണൈറ്റഡ് താരങ്ങള്‍ കൂടുതലായി ടീമില്‍ ഉള്ളത് എന്നും ചിലര്‍ പറയാറുണ്ട്. അതില്‍ യാഥാര്‍ത്യമൊന്നും ഇല്ല. ഞാന്‍ എന്നും നല്ല കളിയുടെ ആരാധകനാണ്. പ്രിയപ്പെട്ട കായികതാരം റൊണാള്‍ഡോയാണ്. ടെന്നിസില്‍ റോജര്‍ ഫെഡററിനോട് വലിയ അരാധനയാണ്. ക്രിക്കറ്റ് കാണാറും ആസ്വദിക്കാറുമുണ്ട്, എന്നാല്‍ ജീവിതത്തില്‍ എന്നും ആവേശം നല്‍കുന്നത് ഫുട്‌ബോള്‍ ആണ്.

കേരളത്തെക്കുറിച്ചുള്ള അഭിപ്രായം?

ഫുട്‌ബോള്‍ പ്രേമികളുടെ നാടാണ് കേരളം. അത് മാറ്റി നിര്‍ത്തിയാല്‍ എനിക്ക് കേരളത്തിന്റെ പച്ചപ്പിനോടാണ് താല്‍പര്യം. ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് സാര്‍ത്ഥമാക്കുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത്. കേരളം സന്ദര്‍ശിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും ഞാന്‍ കളയാറില്ല.

Comments

comments

Categories: FK Special, Slider