ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ അവതരിച്ചു

ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ അവതരിച്ചു

വില 12.99 ലക്ഷം രൂപ മുതല്‍

വാഗത്തോര്‍ (ഗോവ) : അമേരിക്കന്‍ കമ്പനിയായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ സ്‌കൗട്ട് ബോബര്‍ അവതരിപ്പിച്ചു. 12.99 ലക്ഷം രൂപയിലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില തുടങ്ങുന്നത്. ഈ വര്‍ഷം ജൂലൈയിലാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ ആഗോള അരങ്ങേറ്റം കുറിച്ചത്. സ്‌കൗട്ട് കൂടെപ്പിറപ്പുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്‌കൗട്ട് ബോബര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ക്രൂസറിന്റെ ബുക്കിംഗ് ‘ഇന്ത്യന്‍’ ഔട്ട്‌ലെറ്റുകളില്‍ നേരത്തെ തുടങ്ങിയിരുന്നു. 50,000 രൂപ നല്‍കി ബുക്ക് ചെയ്യാം.

റഗ്ഗ്ഡ് ലുക്ക് തോന്നിപ്പിക്കുംവിധം മിതമായ ബോഡി വര്‍ക്കാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബറില്‍ നടത്തിയിട്ടുള്ളത്. നോബി ടയറുകള്‍, നീളം കുറഞ്ഞ ഫെന്‍ഡറുകള്‍ എന്നിവ ഈ ക്രൂസറിനെ മസില്‍മാനാക്കുന്നു. അഞ്ച് നിറങ്ങളില്‍ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ ലഭിക്കും. തണ്ടര്‍ ബ്ലാക്ക്, തണ്ടര്‍ ബ്ലാക്ക് സ്‌മോക്ക്, ബ്രോണ്‍സ് സ്‌മോക്ക്, സ്റ്റാര്‍ സില്‍വര്‍ സ്‌മോക്ക്, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റെഡ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

അഞ്ച് നിറങ്ങളില്‍ ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ ലഭിക്കും

1,131 സിസി, ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബറിന് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 99 എച്ച്പി കരുത്തും 97.7 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. സിക്‌സ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

മോട്ടോര്‍സൈക്കിളിന്റെ മുന്‍, പിന്‍ ചക്രങ്ങളില്‍ 298 എംഎം ഡിസ്‌ക് ബ്രേക്ക് നല്‍കിയിരിക്കുന്നു. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തിലൂടെ അധിക സുരക്ഷ ലഭിക്കും. സസ്‌പെന്‍ഷന്‍ സംവിധാനത്തിന്റെ കാര്യം പറയുകയാണെങ്കില്‍, മുന്‍ചക്രത്തിന് പുതിയ ഫോര്‍ക്കുകളാണ് നല്‍കിയിട്ടുള്ളത്. റിയര്‍ സസ്‌പെന്‍ഷന്റെ നീളം 25 മില്ലി മീറ്റര്‍ കുറച്ചിട്ടുണ്ട്.

സ്‌കൗട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കൗട്ട് ബോബറിന്റെ റൈഡിംഗ് പൊസിഷന്‍ വ്യത്യസ്തമാണ്. ട്രാക്കര്‍ സ്റ്റൈല്‍ ഹാന്‍ഡില്‍ബാറും ഫൂട്ട്‌പെഗുകളുടെ പുതിയ പൊസിഷനുമാണ് ഇതിന് കാരണം. ഹാന്‍ഡില്‍ബാറിന്റെ രണ്ടറ്റങ്ങളിലെയും മിററുകളാണ് ബോബര്‍ എന്ന നാമധേയത്തെ സാധൂകരിക്കുന്ന മറ്റൊരു ഹൈലൈറ്റ്.

ഇന്ത്യയിലെ പ്രീമിയം ബൈക്ക് വിപണിയില്‍ ട്രയംഫ് ബോണ്‍വില്‍ ബോബര്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ ഫോര്‍ട്ടി എയ്റ്റ്, മോട്ടോ ഗുസ്സി വി9 ബോബര്‍ എന്നിവയാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബറിന്റെ എതിരാളികള്‍.

Comments

comments

Categories: Auto