2019 ഓടെ രണ്ട് പുതിയ ഇലക്ട്രിക് കാറുകളെന്ന് മഹീന്ദ്ര

2019 ഓടെ രണ്ട് പുതിയ ഇലക്ട്രിക് കാറുകളെന്ന് മഹീന്ദ്ര

ടെസ്‌ലയ്‌ക്കെതിരായ ആഗോള കാര്‍ ഉടനെന്നും ഇന്ത്യന്‍ കമ്പനി

ന്യൂ ഡെല്‍ഹി : നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്ന ഒരേയൊരു കമ്പനിയാണ് മഹീന്ദ്ര ഇലക്ട്രിക്. ഈ പെരുമയും മുന്‍തൂക്കവും മുതലാക്കി 2019 ഓടെ ഇന്ത്യയില്‍ രണ്ട് പുതിയ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ കമ്പനി. നിലവില്‍ മാസം തോറും 500 ഇലക്ട്രിക് കാറുകളാണ് മഹീന്ദ്ര ഇലക്ട്രിക് നിര്‍മ്മിക്കുന്നത്. അടുത്ത 4-5 മാസങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് കാറുല്‍പ്പാദനം പ്രതിമാസം ആയിരം യൂണിറ്റായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 2019 ഓടെ പ്രതിമാസം 5,000 യൂണിറ്റ് ഇലക്ട്രിക് കാറുകള്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക പറഞ്ഞു.

ഏഴ് വര്‍ഷം മുമ്പാണ് ഇലക്ട്രിക് വാഹനങ്ങളില്‍ മഹീന്ദ്ര ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്. രേവ ബ്രാന്‍ഡ് ഏറ്റെടുത്തതോടെയാണിത്. ഇതിനുശേഷം കമ്പനി ഇന്ത്യയില്‍ 4,000 ലധികം ഇലക്ട്രിക് കാറുകള്‍ വിറ്റു. ഇലക്ട്രിക് വാഹന ബിസിനസ്സില്‍ 500 കോടി രൂപയാണ് മഹീന്ദ്ര നിക്ഷേപിച്ചത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതുതായി 500-600 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു.

മഹീന്ദ്രയില്‍നിന്നുള്ള അടുത്ത ഇലക്ട്രിക് കാര്‍ കെയുവി 100 ന്റെ ഇലക്ട്രിക് വേര്‍ഷനായിരിക്കും

നിലവിലെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചായിരിക്കും പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ ആദ്യത്തേത് 2018 അവസാനത്തോടെ പുറത്തിറക്കും. രണ്ടാമത്തെ ഇലക്ട്രിക് കാര്‍ 2019 അവസാനത്തോടെയായിരിക്കും വിപണിയിലെത്തുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍നിന്നുള്ള അടുത്ത ഇലക്ട്രിക് കാര്‍ കെയുവി 100 ന്റെ ഇലക്ട്രിക് വേര്‍ഷനായിരിക്കും. തുടര്‍ന്ന് സ്‌കോര്‍പിയോ, എക്‌സ്‌യുവി 500 മോഡലുകളിലൊന്നിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കും. ഒരുപക്ഷേ നിലവിലെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന പുതിയ മോഡലുമായേക്കാം.

ടെസ്‌ലയ്‌ക്കെതിരായ ആഗോള ആഡംബര കാര്‍ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പിനിന്‍ഫാറിന ബ്രാന്‍ഡാണ് നിര്‍മ്മിക്കുന്നത്. ഈ കാറിന്റെ ആഗോള അരങ്ങേറ്റം ഉടനെയുണ്ടാകും. പ്രീമിയം ഇലക്ട്രിക് കാറിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. എന്നാല്‍ വേണ്ടത്ര ഡിമാന്‍ഡ് ഉണ്ടാകുമെന്ന് ഉറപ്പാകാതെ ഈ കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കില്ല.

നൂറ് ശതമാനം ഇലക്ട്രിക് വാഹനമെന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കണമെങ്കില്‍ ഓരോ മാസവും ശരാശരി 3.5 ലക്ഷം യൂണിറ്റ് ഇലക്ട്രിക് കാറുകള്‍ വില്‍ക്കേണ്ടതായി വരും. ഇഇഎസ്എല്‍ ഓര്‍ഡറുകളും കാബ് അഗ്രഗേറ്റര്‍മാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതും ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ഡിമാന്‍ഡ് വര്‍ധിപ്പിക്കും. കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനികള്‍ സ്ഥാപിക്കപ്പെടുകയും ചെയ്യുമെന്ന് പവന്‍ ഗോയങ്ക പറഞ്ഞു.

Comments

comments

Categories: Auto

Related Articles