ബിഎംഡബ്ല്യു കെ 1600 ബി, ആര്‍ നൈന്‍ ടി റേസര്‍ മോഡലുകള്‍ അവതരിപ്പിച്ചു

ബിഎംഡബ്ല്യു കെ 1600 ബി, ആര്‍ നൈന്‍ ടി റേസര്‍ മോഡലുകള്‍ അവതരിപ്പിച്ചു

വില 17.30 ലക്ഷം രൂപ മുതല്‍

വാഗത്തോര്‍ (ഗോവ) : ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ കെ 1600 ബി, ആര്‍ നൈന്‍ ടി റേസര്‍ എന്നീ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചു. ഗോവയിലെ വാഗത്തോറില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഇന്ത്യ ബൈക്ക് വീക്കിലാണ് രണ്ട് മോഡലുകളും പുറത്തിറക്കിയത്.

ബിഎംഡബ്ല്യു കെ 1600 ബി ഫുള്ളി ഫെയേഡ് ബാഗര്‍ മോട്ടോര്‍സൈക്കിളാണെങ്കില്‍ ആര്‍ നൈന്‍ ടി സ്ട്രീറ്റ് ബൈക്കിന്റെ സ്ട്രിപ്പ്ഡ് ഡൗണ്‍ വേര്‍ഷനാണ് ആര്‍ നൈന്‍ ടി റേസര്‍. 29 ലക്ഷം രൂപയാണ് ബിഎംഡബ്ല്യു കെ 1600 ബി യുടെ വില. ആര്‍ നൈന്‍ ടി റേസറിന് 17.30 ലക്ഷം രൂപ മതി (എക്‌സ് ഷോറൂം വില). ഇതോടെ ബിഎംഡബ്ല്യു മോട്ടോറാഡിന് ഇന്ത്യയില്‍ ആകെ 13 മോഡലുകളായി.

1,649 സിസി, ഇന്‍ലൈന്‍, സിക്‌സ് സിലിണ്ടര്‍ എന്‍ജിനാണ് ബിഎംഡബ്ല്യു കെ 1600 ബി മോട്ടോര്‍സൈക്കിളിന് നല്‍കിയിരിക്കുന്നത്. 160 കുതിരശക്തി കരുത്തും 175 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് ഈ എന്‍ജിന്‍. സിക്‌സ് സ്പീഡാണ് ഗിയര്‍ബോക്‌സ്. ക്വിക്ക്ഷിഫ്റ്റര്‍, റിവേഴ്‌സ് ഗിയര്‍ എന്നിവയുമുണ്ട്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളായ ജി 310 ആര്‍ ഇന്ത്യയിലെത്താന്‍ ഇനിയും സമയമെടുക്കും

ബിഎംഡബ്ല്യു ആര്‍ നൈന്‍ ടി റേസറിലെ 1,170 സിസി, എയര്‍ കൂള്‍ഡ്, ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ 110 എച്ച്പി പവറും 116 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. സിക്‌സ് സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. റെട്രോ കൗള്‍, ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍ എന്നിവ കാണാം. ഇന്ത്യയിലെ പ്രീമിയം ബൈക്ക് വിപണിയില്‍ ട്രയംഫ് ത്രക്സ്റ്റണ്‍ ആറിന് മുന്നില്‍ ബിഎംഡബ്ല്യു ആര്‍ നൈന്‍ ടി റേസര്‍ വെല്ലുവിളി ഉയര്‍ത്തും.

എന്നാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളായ ജി 310 ആര്‍ ഇന്ത്യയിലെത്താന്‍ ഇനിയും സമയമെടുക്കും. ഇന്ത്യയില്‍ ഡീലര്‍ഷിപ്പുകളുടെ എണ്ണം കൂട്ടുന്ന തിരക്കിലാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. ഈ 313 സിസി റോഡ്‌സ്റ്റര്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി, ചെന്നൈ നഗരങ്ങളില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് ഈയിടെ ഡീലര്‍ഷിപ്പുകള്‍ തുറന്നിരുന്നു. മറ്റ് നഗരങ്ങളിലും താമസിയാതെ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനമാരംഭിക്കും.

Comments

comments

Categories: Auto