അടിസ്ഥാനസൗകര്യ പദ്ധതികളില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി എസ്പി ഗ്രൂപ്പ്

അടിസ്ഥാനസൗകര്യ പദ്ധതികളില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി എസ്പി ഗ്രൂപ്പ്

3,000 കോടി രൂപ വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കും

മുംബൈ: വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ 25,000 കോടി രൂപയ്ക്കടുത്ത് നിക്ഷേപം നടത്താന്‍ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് പദ്ധതിയിടുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏകദേശം ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ജയ് മാവനി പറഞ്ഞു.

നിര്‍മാണം, റിയല്‍റ്റി, ടെക്‌സ്റ്റൈല്‍സ്, ഷിപ്പിംഗ് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പ് ആണ് ഷപൂര്‍ജി പല്ലോന്‍ജി. ഇന്ത്യയില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അതീവ താല്‍പ്പര്യം തങ്ങളെ ആവേശംകൊള്ളിക്കുന്നുണ്ടെന്നും, ഇത് രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് ആത്മവിശ്വാസം പകരുന്നതായും ജയ് മാവനി പറഞ്ഞു. ഗുജറാത്തിലെ സൗരാഷ്ട്രയില്‍ നിര്‍മിക്കുന്ന പുതിയ തുറമുഖ പദ്ധതിയില്‍ 8,900 കോടി രൂപയാണ് എസ്പി ഗ്രൂപ്പ് (ഷപൂര്‍ജി പല്ലോന്‍ജി) നിക്ഷേപിക്കുന്നത്. ജമ്മു-ഉദംപൂര്‍, പന്‍ഡോഹ്-ടകോളി ദേശീയപാതകളുടെ നിര്‍മാണത്തിനായി 6,500 കോടി രൂപയുടെ നിക്ഷേപവും കമ്പനി നടത്തും.

മുംബൈയിലെ ധരംദര്‍ തുറമുഖ വിപുലീകരണ പ്രവര്‍ത്തനങ്ങളിലും കമ്പനി വമ്പന്‍ നിക്ഷേപം നടത്തുമെന്നാണ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അറിയിച്ചിട്ടുള്ളത്. ഒഡീഷയിലെ ഗോപാല്‍പൂര്‍ തുറമുഖത്തിന്റെ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 25,000 കോടി രൂപയില്‍ 3,000 കോടി രൂപ വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കാനാണ് കമ്പനിയുടെ തീരുമാനം. ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലുമായിരിക്കും ഇതില്‍ ഭൂരിഭാഗവും നിക്ഷേപിക്കുകയെന്നും മാവനി സൂചന നല്‍കി. ഗ്രൂപ്പിനു കീഴിലുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അസറ്റ് ഓണര്‍ഷിപ്പ് കമ്പനിയായ എസ്പി ഇന്‍ഫ്രാ വഴിയായിരിക്കും കൂടുതല്‍ നിക്ഷേപവും നടത്തുകയെന്നാണ് വിവരം.

ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള നയപരിഷ്‌കരണങ്ങള്‍ താല്‍ക്കാലിക തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, എന്നാല്‍ സാമ്പത്തിക വളര്‍ച്ചയ്ക്കാവശ്യമായ ചട്ടക്കൂടൊരുക്കുന്നതിന് ഇത് ആവശ്യമാണെന്നുമാണ് മാവനി പറയുന്നത്. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി എന്ന നിലയില്‍ 1865ല്‍ പല്ലോന്‍ജി മിസ്ട്രിയാണ് എസ്പി ഗ്രൂപ്പിന് തുടക്കം കുറിച്ചത്. നിലവില്‍ നിരവധി മേഖലകളില്‍ സാന്നിധ്യമുള്ള ഇന്ത്യയിലെ വലിയ ബിസിനസ് ഗ്രൂപ്പ് ആണ് എസ്പി.

Comments

comments

Categories: Business & Economy