ഇന്ത്യയില്‍ 38,775 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി പ്യൂഷോ, ലോട്ട് ഗ്രൂപ്പ്

ഇന്ത്യയില്‍ 38,775 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി പ്യൂഷോ, ലോട്ട് ഗ്രൂപ്പ്

ക്ഷിണേന്ത്യയില്‍ കാര്‍ ഫാക്ടറിയും എന്‍ജിന്‍ പ്ലാന്റും സ്ഥാപിക്കുന്ന കാര്യമാണ് പ്യൂഷോ ഗ്രൂപ്പ് ആലോചിക്കുന്നത്

ന്യൂ ഡെല്‍ഹി : ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ പ്യൂഷോ ഗ്രൂപ്പും ദക്ഷിണ കൊറിയന്‍ കമ്പനിയായ ലോട്ട് ഗ്രൂപ്പും ചേര്‍ന്ന് ഇന്ത്യയില്‍ 6 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 38,775 കോടി രൂപ) നിക്ഷേപം നടത്തും. ഇതുസംബന്ധിച്ച് ഇരു കമ്പനികളും ചര്‍ച്ചകള്‍ തുടങ്ങി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ശക്തിപ്പെടുത്തുന്നതാണ് ഇരു കമ്പനികളുടെയും തീരുമാനം. വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ കാര്‍ ഫാക്ടറിയും എന്‍ജിന്‍ പ്ലാന്റും സ്ഥാപിക്കുന്ന കാര്യമാണ് പ്യൂഷോ ഗ്രൂപ്പ് ആലോചിക്കുന്നത്. ഇതിനായി 1.2 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും. ലോട്ട് ഗ്രൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3 ബില്യണ്‍ മുതല്‍ 5 ബില്യണ്‍ വരെ ഡോളറിന്റെ നിക്ഷേപം നടത്തും. ഇന്ത്യയിലെ സികെ ബിര്‍ള ഗ്രൂപ്പുമായി സഹകരിക്കുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ പിഎസ്എയുടെ പാരീസ് ആസ്ഥാനമായ വക്താവ് സൂചിപ്പിച്ചിരുന്നു. തുടക്കമെന്ന നിലയില്‍ 100 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തുമെന്നാണ് വ്യക്തമാക്കിയിരുന്നത്.

ലോട്ട് ഗ്രൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3 ബില്യണ്‍ മുതല്‍ 5 ബില്യണ്‍ വരെ ഡോളറിന്റെ നിക്ഷേപം നടത്തും

നേരത്തെ അംബാസഡര്‍ എന്ന ബ്രാന്‍ഡ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പ്യൂഷോയ്ക്ക് വിറ്റിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ 80 കോടി രൂപ നല്‍കിയാണ് പ്യൂഷോ അംബാസഡര്‍ ബ്രാന്‍ഡ് ഏറ്റെടുത്തത്. 2020 ഓടെ ഇന്ത്യയില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് പിഎസ്എ ഗ്രൂപ്പ്.

100 മില്യണ്‍ യൂറോ മുടക്കി തമിഴ്‌നാട്ടില്‍ കാറുകള്‍ നിര്‍മ്മിക്കുമെന്ന് പ്യൂഷോ, സിട്രോണ്‍, ഡിഎസ് കാറുകളുടെ നിര്‍മ്മാതാക്കളായ പിഎസ്എ അറിയിച്ചു. സികെ ബിര്‍ളയുടെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി സംയുക്ത സംരംഭത്തിലാണ് പിഎസ്എ ഏര്‍പ്പെടുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിച്ച് പുറത്തിറക്കുകയാണ് ലക്ഷ്യം.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 85 ബില്യണ്‍ ഡോളര്‍ വരുന്ന 550 ലധികം വിദേശ നിക്ഷേപ പ്രൊപ്പോസലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. ഭക്ഷ്യ സംസ്‌കരണം, ഇലക്ട്രിക് വാഹന ഘടകങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനാണ് വിദേശ കമ്പനികള്‍ തയ്യാറായിരിക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഫഌഗ്ഷിപ്പ് പദ്ധതിയാണ് മേക്ക് ഇന്‍ ഇന്ത്യ. എളുപ്പത്തില്‍ ഭൂമി ഏറ്റെടുത്തു നല്‍കുക, ലഭിക്കേണ്ട അനുമതികളുടെ എണ്ണം കുറയ്ക്കുക, വിവിധ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ഉറപ്പുവരുത്തി വിദേശ കമ്പനികളെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന് മാടി വിളിക്കുകയാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി. ലോക ബാങ്കിന്റെ ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ റാങ്കിംഗിലും മൂഡീസ് റേറ്റിംഗിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ഈയിടെ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.

Comments

comments

Categories: Auto