ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനൊരുങ്ങി ഫഌപ്കാര്‍ട്ട്

ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനൊരുങ്ങി ഫഌപ്കാര്‍ട്ട്

ന്യൂഡെല്‍ഹി : പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് സേവന ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനി പ്ലാറ്റ്‌ഫോമിലൂടെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ തയാറെടുക്കുന്നു. ജനറല്‍, ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളായിരിക്കും പ്രാരംഭഘട്ടത്തില്‍ കമ്പനി വില്‍പ്പന നടത്തുന്നത്. മോട്ടോര്‍ ഇന്‍ഷുറന്‍സ് പോലുള്ള മറ്റ് വിഭാഗങ്ങളിലേക്ക് പിന്നീട് തിരിയാനും കമ്പനി ലക്ഷ്യമിട്ടിട്ടുണ്ട്.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയില്‍ നിന്നും അംഗീകാരം നേടിയതിനുശേഷം മാത്രമേ കമ്പനി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കൂ. ഓരോ ഇന്‍ഷുറന്‍സ് വിഭാഗത്തിനു കീഴിലും മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിക്കാന്‍ ഐആര്‍ഡിഎ ഫഌപ്കാര്‍ട്ടിനെ അനുവദിക്കും. കണ്ടെത്തല്‍, വിതരണം, പേമെന്റ്, വില്‍പ്പനാനന്തര സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഫഌപ്കാര്‍ട്ട് നല്‍കും. അതേസമയം, ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന കൃത്യമായ സമയം കമ്പനി ഇനിയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഈ വിഷയത്തില്‍ റെഗുലേറ്ററി ബോര്‍ഡിന്റെ അനുമതി കമ്പനി ഇതിനോടകംതന്നെ നേടിയിട്ടുണ്ടോയെന്നും ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികളുമായി നിലവില്‍ പങ്കാളിത്തത്തില്‍ ഏര്‍പെട്ടിട്ടുണ്ടോയെന്നും സ്ഥിരീകരിക്കാനായിട്ടില്ല .ധനകാര്യ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും വില്‍ക്കാന്‍ ഫഌപ്കാര്‍ട്ട് ശ്രമിക്കുന്നതായി ജൂണില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു

ഇന്‍ഷുറന്‍സ് ഉല്‍പ്പന്ന വിപണനത്തിലൂടെ വരുമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്‍ഷുറന്‍സ് ഉല്‍പ്പന്ന മേഖല വിപുലീകരിക്കുന്നതോടെ ഉപഭോക്തൃ ശൃംഖല കൂടുതല്‍ വികസിപ്പിക്കാനും അവര്‍ ലക്ഷ്യമിടുന്നു. അടുത്തകാലത്ത് പലചരക്ക് വിപണന പ്ലാറ്റ്‌ഫോമായ സൂപ്പര്‍മാര്‍ട്ട് റിലോഞ്ച് ചെയ്തതിനു പുറമെ സ്വിഗ്ഗി, ബുക്ക്‌മൈഷോ, അര്‍ബന്‍ക്ലാപ്, അര്‍ബന്‍ ലാഡര്‍, പെപ്പര്‍ഫ്രെ പോലുള്ള ഇ-കൊമേഴ്‌സ് കമ്പനികളുമായി തന്ത്രപരമായ നിക്ഷേപക സാധ്യതയെകുറിച്ച് ഫഌപ്കാര്‍ട്ട് ചര്‍ച്ചകളും നടത്തിയിരുന്നു.

Comments

comments

Categories: Business & Economy