ഇന്ത്യ സഹകരിച്ചാല്‍ സിപിഇസിയുടെ പേര് മാറ്റാമെന്ന് ചൈന

ഇന്ത്യ സഹകരിച്ചാല്‍ സിപിഇസിയുടെ പേര് മാറ്റാമെന്ന് ചൈന

ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല

ബെയ്ജിംഗ്: ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതി (ബിആര്‍ഐ)യുടെ ഭാഗമാകാന്‍ ഇന്ത്യ തയാറായല്‍ പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ പേര് മാറ്റാന്‍ കഴിയുമെന്ന സൂചന നല്‍കി ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആശങ്കകള്‍ കണക്കിലെടുത്ത് ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പുനര്‍നാമകരണം ചെയ്യാന്‍ ബെയ്ജിംഗ് തയാറാണെന്ന് അടുത്തിടെ ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ സാവൂയി പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടെയാണ് ബിആര്‍ പദ്ധതിയില്‍ ഇന്ത്യ സഹകരിച്ചാല്‍ സിപിഇസിയുടെ പേര് മാറ്റാന്‍ കഴിയുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സൂചന നല്‍കിയത്. ഈ പ്രശ്‌നത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ലുവോയെ പ്രോത്സാഹിപ്പിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതേസമയം, വിഷയത്തില്‍ പാക്കിസ്ഥാനെ അസ്വസ്ഥരാക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ന്യൂഡെല്‍ഹിയില്‍ നടത്തിയ പ്രസംഗത്തിലാണ് സിപിഇസിയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട പരാമര്‍ശം ലുവോ നടത്തിയത്. ചൈന-പാക് സാമ്പത്തിക ഇടനാഴി സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകളകറ്റാന്‍ ജമ്മു കശ്മീര്‍ വഴിയോ ഇന്തോ-ചൈന അതിര്‍ത്തിയിലെ നാഥു ല പാസ് വഴിയോ നേപ്പാള്‍ വഴിയോ ഒരു ബദല്‍ ഇടനാഴി വികസിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ബെല്‍റ്റ് റോഡ് പദ്ധതിയില്‍ ഇന്ത്യ സഹകരിക്കണമെന്ന നിര്‍ദേശവും ലുവോ മുന്നോട്ടുവെച്ചതായാണ് പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍.

വിഷയത്തില്‍ പാക്കിസ്ഥാനെ അസ്വസ്ഥരാക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

ചൈനയുടെ ഏറ്റവും വലിയ അയല്‍ക്കാരായ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ലുവോ പറഞ്ഞിരുന്നു. മ്യാന്‍മറിലും നേപ്പാളിലും ചൈന നടത്തിയിട്ടുള്ള നിക്ഷേപവും ഇക്കാര്യത്തില്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബെല്‍റ്റ് റോഡ് പദ്ധതിയുടെ വളര്‍ച്ചയില്‍ പ്രധാന തടസമായി നില്‍ക്കുന്നതും ഇന്ത്യയുടെ വിയോജിപ്പാണ്.

മേയില്‍ ബെയ്ജിംഗില്‍ നടന്ന ബെല്‍റ്റ് റോഡ് സമ്മേളനത്തില്‍ നിന്നും ഇന്ത്യ വിട്ടുനിന്നപ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയിരുന്നു. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും പാക്കിസ്ഥാന്റെ ഭാഗമല്ലെന്നും ചുണ്ടിക്കാട്ടിയാണ് സിപിഇസിയെ ഇന്ത്യ എതിര്‍ക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇതിന്റെ കൈകടത്തല്‍ ഉണ്ടാകുമോ എന്നും ഇന്ത്യ ഭയക്കുന്നു. അതേസമയം, ചൈന-പാക് സാമ്പത്തിക ഇടനാഴി ഒരു സാമ്പത്തിക സഹകരണ പദ്ധതിയാണെന്നും പ്രാദേശിക പരമാധികാര തര്‍ക്കത്തില്‍ പദ്ധതിക്ക് ഒന്നും ചെയ്യാനില്ലെന്നും കശ്മീര്‍ വിഷയത്തില്‍ ചൈനയുടെയും പാക്കിസ്ഥാന്റെയും നിലപാടിനെ ഇത് സ്വാധീനിക്കില്ലെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Comments

comments

Categories: Slider, Top Stories