കാപ്പി ആരോഗ്യത്തിനു ഹാനികരമോ?

കാപ്പി ആരോഗ്യത്തിനു ഹാനികരമോ?

മാരകരോഗങ്ങള്‍ ഒഴിവാക്കാന്‍ ദിവസവും നാലു കപ്പ് കാപ്പി കുടിക്കാം

കാപ്പികുടി ശീലമാക്കിയവര്‍ക്കിതാ സന്തോഷവാര്‍ത്ത! ദിവസവും നാലു കപ്പു കാപ്പി കുടിക്കുന്നവരില്‍ മാരകരോഗങ്ങള്‍ക്കെതിരേ പ്രതിരോധശേഷി വര്‍ധിക്കുമെന്ന് വൈദ്യശാസ്ത്രപഠന റിപ്പോര്‍ട്ട്. കാപ്പിയുടെ ഉപഭോഗം ആരോഗ്യത്തിന് അത്യുത്തമമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണു പറയുന്നത്. ഹൃദ്രോഗം, കാന്‍സര്‍, കരള്‍ രോഗങ്ങള്‍, പ്രമേഹം, മറവിരോഗം തുടങ്ങിയവ പിടിപെടാനുള്ള സാധ്യത കാപ്പികുടി ശീലമായവരില്‍, അല്ലാത്തവരെ അപേക്ഷിച്ച് കുറയുമെന്നാണ് പഠനത്തിലുള്ളത്. 200-ലധികം പഠനങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടായതിനാല്‍ ഇത് ഏറെക്കുറെ വിശ്വസനീയമാണെന്നു കരുതാം. സാര്‍വ്വദേശീയമായി ഉപയോഗിക്കുന്ന സാധാരണപാനീയമാണ് കാപ്പി. 11-ാം നൂറ്റാണ്ടില്‍ എത്യോപ്യയിലെ ഒരു ആട്ടിടയന്‍ കണ്ടുപിടിച്ച ഉത്തേജനദായിനി. കാപ്പിക്കുരുക്കള്‍ തിന്ന ആടുകള്‍ ഉന്മേഷവാന്മാരായി കാണപ്പെട്ടതോടെയാണ് ഇതിന്റെ പ്രയോജനം ആട്ടിടയന്‍ മനസിലാക്കിയത്. ഈയിടെ വരെ കാപ്പികുടിക്കുന്നതിനെതിരേ വലിയ എതിര്‍പ്പ് ലോകമൊട്ടാകെ ഉണ്ടായിരുന്നു. അമിതമായ കാപ്പികുടി അര്‍ബുദ സാധ്യതയേറ്റുമെന്ന പ്രചരണങ്ങളാണിതിനു കാരണം. എന്നാല്‍ ലോകാരോഗ്യസംഘടന കാന്‍സര്‍ സംബന്ധിച്ച അവരുടെ മുന്നറിയിപ്പ് പിന്‍വലിച്ചതോടെ കാപ്പിയെക്കുറിച്ചുള്ള ഭയാശങ്കകളൊഴിവാകുകയും കൂടുതല്‍ ആളുകള്‍ കാപ്പിയിലേക്കു തിരിയാനുള്ള പ്രവണത പ്രദര്‍ശിപ്പിച്ചു തുടങ്ങി. പ്രതിദിനം 2.25 ബില്യണ്‍ കപ്പ് കാപ്പിയാണ് ആളുകള്‍ ഇന്നു കുടിച്ചുതീര്‍ക്കുന്നത്.

കാപ്പിയുടെ ഉപഭോഗം ചെറിയ തോതില്‍ കാന്‍സര്‍, കരള്‍ രോഗം, പക്ഷാഘാതം എന്നിവയ്ക്കു വഴിതെളിച്ചേക്കാമെന്ന പ്രചരണങ്ങളെ പുതിയ റിപ്പോര്‍ട്ട് പാടേ നിരാകരിക്കുന്നു. ഇത്തരം പ്രചരണങ്ങള്‍ തെളിയിക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, മിതമായ അളവില്‍ കാപ്പികുടി ശീലമാക്കിയവരില്‍ ഈ രോഗങ്ങളെ ഒഴിവാക്കാനായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കാപ്പി ആരോഗ്യത്തിന് ഹാനികരമാണെന്നതിനേക്കാള്‍ ഗുണകരമാണെന്നാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ദിവസം മൂന്നു കപ്പു കാപ്പിയിലധികം അകത്താക്കുന്നവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യതയും അതുമൂലമുള്ള മരണനിരക്കും കുറഞ്ഞിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത ഇവരില്‍ 15 ശതമാനം കുറഞ്ഞിരിക്കുമ്പോള്‍ അകാലമരണം 17 ശതമാനം കണ്ട് കുറയുമെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. ചില തരം അര്‍ബുദങ്ങള്‍, കരള്‍രോഗം, പ്രമേഹം, ഓര്‍മ്മക്കുറവ് എന്നിവയും ഇവരില്‍ കുറഞ്ഞിരിക്കുമെന്നതിന് തെളിവുകളും പഠനം ഹാജരാക്കുന്നു. കാപ്പിയിലുണ്ടാകുന്ന ആന്റിഓക്‌സിഡന്റുകളാണ് ഇതു സാധ്യമാക്കുന്നത്. ഇത് വിഷാംശത്തെ ചെറുക്കുന്നു.

പതിനൊന്നാം നൂറ്റാണ്ടില്‍ എത്യോപ്യയിലെ ഒരു ആട്ടിടയന്‍ കണ്ടുപിടിച്ച ഉത്തേജനദായിനി. കാപ്പിക്കുരുക്കള്‍ തിന്ന ആടുകള്‍ ഉന്മേഷവാന്മാരായി കാണപ്പെട്ടതോടെയാണ് ഇതിന്റെ പ്രയോജനം ആട്ടിടയന്‍ മനസിലാക്കിയത്. ലോകാരോഗ്യസംഘടന കാന്‍സര്‍ സംബന്ധിച്ച അവരുടെ മുന്നറിയിപ്പ് പിന്‍വലിച്ചതോടെ കാപ്പിയെക്കുറിച്ചുള്ള ഭയാശങ്കകളൊഴിവാകുകയും കൂടുതല്‍ ആളുകള്‍ കാപ്പിയിലേക്കു തിരിയാനുള്ള പ്രവണത പ്രദര്‍ശിപ്പിച്ചു തുടങ്ങി. പ്രതിദിനം 2.25 ബില്യണ്‍ കപ്പ് കാപ്പിയാണ് ആളുകള്‍ ഇന്നു കുടിച്ചുതീര്‍ക്കുന്നത്

വറുത്തെടുത്തകാപ്പിക്കുരു ആയിരക്കണക്കിന് ജീവസംയുക്തങ്ങളുടെ സങ്കീര്‍ണ മിശ്രിതമാണ്. ഇത് രോഗശമിനിയെന്നതു പോലെ അമിതവിശപ്പിനെയും ദാഹത്തെയും തളര്‍ച്ചയെയും അകറ്റി ഉത്തേജനം സാധ്യമാക്കുന്നു. അര്‍ബുദത്തെ ചെറുക്കാനുള്ള കാപ്പിയുടെ കരുത്ത് ലേഖനത്തില്‍ പ്രത്യേകം എടുത്തു പറയുന്നു. കരളില്‍ കാണപ്പെടുന്ന അര്‍ബുദം 34 ശതമാനം കുറയ്ക്കാന്‍ കാപ്പികുടിക്കാകും. കുടലിലെ അര്‍ബുദം 17 ശതമാനം കുറയും. പാര്‍ക്കിന്‍സണ്‍സ് രോഗം പിടിപെടാനുള്ള സാധ്യത കാപ്പികുടിയന്മാരില്‍ 36 ശതമാനം കുറഞ്ഞിരിക്കുമ്പോള്‍ അല്‍സ് ഹൈമേഴ്‌സ് രോഗത്തില്‍ നിന്നൊഴിവാകാനുള്ള സാധ്യത 27 ശതമാനമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇവര്‍ക്കു കഴിയുന്നില്ല. എല്ലാവര്‍ക്കും ഈ നിര്‍ദേശം പ്രായോഗികമല്ലെന്ന് പഠനം നടത്തിയ വിവിധ ഡോക്റ്റര്‍മാര്‍ മുന്നറിയിപ്പു തരുന്നു. കാപ്പിയിലടങ്ങിയ ഹാനികരമായ രാസവസ്തു കോഫീന്‍ വില്ലന്‍ തന്നെയാണെന്ന് ഗവേഷകരും സമ്മതിക്കുന്നു. കോഫീന്‍ നിര്‍വീര്യമാക്കിയ പാനീയത്തിനും കാപ്പിയുടെ ഗുണഫലങ്ങള്‍ നല്‍കാനാകുന്നത് ഇതിനു തെളിവാണെന്ന് അവര്‍ വ്യക്തമാക്കുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും കാപ്പികുടിക്കരുതെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. ഗര്‍ഭിണികള്‍ അമിതമായി കാപ്പികുടിച്ചാല്‍ ഗര്‍ഭമലസമാകാനിടയുണ്ട്. കൊഫീനിന്റെ അളവ് ഗര്‍ഭിണികളില്‍ ഒരു ദിവസം 200 മില്ലീഗ്രാമില്‍ കൂടിയാലാണ് ഈ പ്രശ്‌നമുണ്ടാകുക. കോഫീന്‍ അമിതമാകുന്നത് സ്ത്രീകളില്‍ അസ്ഥിക്ഷയത്തിനും ഇടവരുത്തുന്നു. നേരത്തേ ചൂണ്ടിക്കാട്ടിയ രോഗങ്ങളെ അകറ്റാനാകുന്ന കാപ്പിക്ക് രക്താര്‍ബുദം, ലിംഫോമ, ശ്വാസകോശാര്‍ബുദം, രക്തസമ്മര്‍ദ്ദം എന്നിവയെ ക്ഷണിച്ചു വരുത്താനുമുള്ള കഴിവുണ്ട്. കാപ്പി എല്ലാവര്‍ക്കും രോഗമുക്തി നല്‍കില്ലെന്നും ലേഖനത്തില്‍ പറയുന്നു. പ്രായം, പുകവലി, വ്യായാമരാഹിത്യം എന്നീ ഘടകങ്ങളെക്കൂടി പരിഗണിച്ചാണ് ഇതിന്റെ ഫലപ്രാപ്തി നിര്‍ണയിക്കാനാകുകയെന്ന് പഠനത്തിനു നേതൃത്വം വഹിച്ച പ്രൊഫ. പോള്‍ റോഡെറിക്ക് ചൂണ്ടിക്കാട്ടി. ആരോഗ്യകാര്യത്തില്‍ സംതുലനാവസ്ഥ സൂക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യം ശ്രദ്ധിച്ചാല്‍ കാപ്പിയുടെ മിതോപഭോഗം കൊണ്ട് കുഴപ്പമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തിയായവരില്‍ 400 മില്ലീഗ്രാം കോഫീന്‍ വരെ അകത്തു ചെല്ലാം. ഇതിന് മൂന്നോ നാലോ കപ്പു കാപ്പി കഴിച്ചാല്‍ മതി.

കരളില്‍ കാണപ്പെടുന്ന അര്‍ബുദം 34 ശതമാനം കുറയ്ക്കാന്‍ കാപ്പികുടിക്കാകും. കുടലിലെ അര്‍ബുദം 17 ശതമാനം കുറയും. ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത ഇവരില്‍ 15 ശതമാനം കുറഞ്ഞിരിക്കുമ്പോള്‍ അകാലമരണം 17 ശതമാനം കണ്ട് കുറയുമെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗം പിടിപെടാനുള്ള സാധ്യത കാപ്പികുടിയന്മാരില്‍ 36 ശതമാനം കുറഞ്ഞിരിക്കുമ്പോള്‍ അല്‍സ് ഹൈമേഴ്‌സ് രോഗത്തില്‍ നിന്നൊഴിവാകാനുള്ള സാധ്യത 27 ശതമാനമാണ്

കൂടുതല്‍ കാപ്പി കഴിക്കുന്നതു കൊണ്ട് അധികഫലങ്ങളുണ്ടാകില്ലെന്നു ഗവേഷണം വ്യക്തമാക്കുന്നു. മാത്രമല്ല, നേരത്തേ ചൂണ്ടിക്കാട്ടിയ അപകടങ്ങളുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാനും സാധ്യതയുണ്ട്. ദിവസം നാലു കപ്പില്‍ കൂടുതല്‍ കാപ്പി കുടിക്കരുതെന്ന് യൂറോപ്യന്‍ ഭക്ഷ്യസുരക്ഷ ഏജന്‍സി മുന്നറിയിപ്പു തരുന്നു. ഈ അളവില്‍ കൂടുന്നത് ഉല്‍ക്കണ്ഠ, ഉറക്കക്കുറവ്, ഹൃദയസ്തംഭനം എന്നിവ ഉണ്ടാക്കുമത്രെ. മാത്രമല്ല ഈ ലേഖനം വായിച്ചതിന്റെ പേരില്‍ ആരോഗ്യപരിപാലനത്തിനായി കാപ്പികുടി ശീലം തുടങ്ങുന്നതിനെതിരേ ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ എഡിറ്റോറിയലില്‍ത്തന്നെ മുന്നറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. പൊതുവേ കാപ്പികുടി ഗുണം ചെയ്യുമെങ്കിലും അമിതോപഭോഗം തിരിച്ചടി നല്‍കാനും സാധ്യതയുണ്ട്. അതിന്റെ പ്രത്യാഘാതം അനിശ്ചിതമാണ്. പഞ്ചസാരയും പാലും ചേര്‍ത്താണ് സാധാരണയായി കാപ്പി ഉപയോഗിക്കാറ്. ആരോഗ്യത്തിന് ഈ ഘടകങ്ങള്‍ അത്ര നല്ലതല്ല. ആരോഗ്യരംഗത്ത് കാപ്പി ഗുണകരമായി എങ്ങനെ ഉള്‍പ്പെടുത്താമെന്നുള്ള കാര്യങ്ങള്‍ക്കാണ് പഠനത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: FK Special, Slider