കല്ലറകള്‍ ചരിത്രമെഴുതുമ്പോള്‍

കല്ലറകള്‍ ചരിത്രമെഴുതുമ്പോള്‍

മൃതദേഹങ്ങളെ ആദരിക്കുന്നതിന് നിഷ്‌കര്‍ഷ പാലിക്കണമോയെന്ന ചര്‍ച്ച ഉയരുന്നു

പ്രണയവും മരണവും വളരെ കാല്‍പ്പനികതയോടെ കാണുന്ന മനുഷ്യര്‍ എന്നും എവിടെയുമുണ്ട്. പ്രിയപത്‌നി മുംതാസ് മഹലിന്റെ ഓര്‍മ്മയ്ക്കായി ഷാജഹാന്‍ ചക്രവര്‍ത്തി തീര്‍ത്ത താജ് മഹല്‍ ഈ കാല്‍പ്പനികതയുടെ പ്രതീകമാണ്. വെറുമൊരു ശവകുടീരമല്ല ഇത്, പ്രണയവും മരണവും അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയില്‍ ഈ സ്മാരകത്തില്‍ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു. ഇറ്റലിയിലെ മറിയാനോ കോമെന്‍സി ശ്മശാനത്തിലും ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ശവകുടീരമുണ്ട്. മഞ്ഞയും നീലയും നിറങ്ങള്‍ ചാര്‍ത്തിയ ഫലകങ്ങള്‍ക്കുള്ളില്‍ ചുവപ്പും മഞ്ഞയും പുഷ്പങ്ങള്‍ നട്ട് അലങ്കരിച്ച, മികച്ച ജീവിത മുഹൂര്‍ത്തങ്ങളുടെ കഥ പറയുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്ത മനോഹരമായ കുഴിമാടം. കര്‍ലോ അന്നോണിയെന്ന 61-കാരന്‍ നഴ്‌സിന്റെ ശവകുടീരമാണത്. അതില്‍ അദ്ദേഹത്തിന്റെ ജീവിതപങ്കാളി ഇങ്ങനെ കുറിച്ചിരിക്കുന്നു- ജീവിതത്തെയും സന്തോഷത്തെയും കുറിച്ച് വിളിച്ചോതുന്ന ഒന്ന്, സ്‌നേഹപൂര്‍വ്വം കോറാഡോ സ്പാംഗര്‍. എന്നാല്‍ ഇതിനെ വിമര്‍ശകര്‍ പൈശാചികമായ എന്തോ ഒന്നായി കാണുന്നു.

കര്‍ലോ അന്നോണി ഒരു സ്വവര്‍ഗസ്‌നേഹിയായിരുന്നു. സ്വവര്‍ഗാനുരാഗികളുടെ അവകാശപ്പോരാട്ടത്തില്‍ അദ്ദേഹം സജീവ ഭാഗഭാഗിത്വം വഹിച്ചിരുന്നു. ഇത്തരക്കാരോടുള്ള എതിര്‍പ്പാണ് വിമര്‍ശനങ്ങള്‍ക്കു പിന്നിലെന്ന ആരോപണം ഉയരുന്നതിനെ തെറ്റു പറയാന്‍ പറ്റില്ല. കാരണം, കോടതിയും രാഷ്ട്രവും അംഗീകരിച്ചാലും സമൂഹമനസ് പാര്‍ശ്വവല്‍കൃതരോട് അനുതാപപ്പെടാറില്ലെന്നാണ് എക്കാലത്തെയും സാര്‍വലൗകികമായ സത്യം. എന്നാല്‍ ഇവിടെ യാതൊരു ലിംഗവിവേചനവും കാണിക്കുന്നില്ലെന്നാണ് അധികൃതരുടെ നിലപാട്. സാധാരണ വിശ്വാസികള്‍ക്ക് ഇത് ഒരു വലിയ പ്രശ്‌നമായാണ് അനുഭവപ്പെടുന്നതെന്ന് ഫോര്‍സ ഇറ്റാലിയ പാര്‍ട്ടിയുടെ ജനപ്രതിനിധി ആന്‍ഡ്രിയ ബല്ലാബിയോ പറയുന്നു. ശ്മശാനത്തില്‍ വരുന്നവരെ അപമാനിക്കുന്നതു പോലുള്ള കാഴ്ചയായി കല്ലറ മാറിയിരിക്കുന്നു. ശ്മശാനത്തിലെ കല്ലറകള്‍ക്ക് ഒരേ നിറമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

മെക്‌സിക്കോയില്‍ മരിച്ചുപോയവരെ ഓര്‍ക്കാന്‍ മൂന്നു ദിവസത്തെ കാര്‍ണിവലാണ് ആഘോഷിക്കുന്നത്. മരിച്ചവരുടെ ദിവസം എന്ന് ലോകപ്രശസ്തമായ ഈ ആചാരത്തിന്റെ പ്രത്യേകത തന്നെ സംഗീതവും നൃത്തവും നിറഞ്ഞ വര്‍ണശബളമായ ഘോഷയാത്രയാണ്. ശവക്കല്ലറകള്‍ സൂര്യകാന്തിപ്പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നു. വീടകങ്ങളിലും സെമിത്തേരികളിലും അല്‍ത്താരകളിലും പൂക്കള്‍ കൊണ്ട് വസന്തം തീര്‍ത്തിരിക്കും

ബല്ലാബിയോയുടെ അഭിപ്രായപ്രകടനം വിവാദമായിരിക്കുകയാണ്. കര്‍ലോ അന്നോണിയുടെ സുഹൃത്തുക്കളുടെ രോഷപ്രകടനം ക്ഷണിച്ചു വരുത്താന്‍ ഇതിടയാക്കി. സാധാരണയായി ചാരനിറത്തിലുള്ള ചുണ്ണാമ്പുകല്ലുകളാണ് സെമിത്തേരിയിലെ കല്ലറകള്‍ക്ക് ഉപയോഗിക്കുന്നത്. ഇത് മരിച്ചവരോടുള്ള ആദരവിന് ഗൗരവം കൊടുക്കുമെന്നു പൊതുവേ കരുതപ്പെടുന്നു. സ്വവര്‍ഗാനുരാഗികളുടെ അടയാളമായ മാരിവില്‍വര്‍ണം ശവക്കല്ലറയില്‍ പൂശുന്നത് വെറും പ്രകടനപരമാണെന്ന് പലരും കരുതുന്നു. എന്നാല്‍ ഇത് നിരോധിക്കുന്നതിനു കാര്യകാരണവും യുക്തിയും വേണ്ടേയെന്നാണ് എതിരാളികള്‍ ചോദിക്കുന്നത്. മരിച്ചവരോട് ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് തികച്ചും വ്യക്തിപരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ണശബളമല്ലാത്ത ശവക്കല്ലറകള്‍ പണിയുന്നതിലൂടെ പ്രിയപ്പെട്ടവരോടുള്ള ബഹുമാനം കൂടുകയില്ലെന്നതു പോലെ നിറം ചാര്‍ത്തിയ സ്മൃതിമണ്ഡപങ്ങള്‍ ആരോടും അനാദരവ് കാട്ടുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പില്‍ പരമ്പരാഗതമായി ചാരനിറത്തിലുള്ള ശവക്കല്ലറകള്‍ കാണപ്പെടുന്നതിനു പിന്നില്‍ വിശേഷിച്ചു കാരണങ്ങളില്ലെന്നതാണു സത്യം. കല്ലറകള്‍ നിര്‍മിക്കാന്‍ ലഭിച്ചിരുന്ന ചുണ്ണാമ്പു കല്ലുകളുടെയും മണ്‍പാറകളുടെയും സ്വാഭാവികനിറമായിരുന്നു അത്. ഇന്ന് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കറുത്ത മാര്‍ബിള്‍ വിപണിയെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു. ഇവയാണ് ഇപ്പോള്‍ കൂടുതലായും കല്ലറകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. വര്‍ണശബളമായ സാധനങ്ങളോട് ആളുകള്‍ക്ക് ഭ്രമം വര്‍ധിക്കുന്നതിന് അനുസരിച്ച് അതിന്റെ വില കൂടുകയും കിട്ടാനുള്ള സാധ്യത മങ്ങുകയും ചെയ്യുന്നുവെന്ന് ഡുറാം സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡെത്ത് ആന്‍ഡ് ലൈഫ് സ്റ്റഡീസിലെ അധ്യാപകന്‍ പ്രൊഫ. ഡഗ്ലസ് ഡേവീസ് ചൂണ്ടിക്കാട്ടുന്നു. കല്ലറകളുടെ എണ്ണം ആളുകളുടെ നിലയും വിലയും കൂടുന്നതിനനുസരിച്ച് വര്‍ധിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പലപ്പോഴും ശില്‍പ്പചാരുത വെളിവാക്കാനുള്ള മല്‍സരമാണ് കല്ലറനിര്‍മാണത്തില്‍ കാണാനാകുന്നത്. വലിയ രൂപങ്ങള്‍ കല്ലറയില്‍ ആലേഖനം ചെയ്യുന്ന പ്രവണത കൂടിവരുന്നു. ജീവിതശൈലി പോലെ മരണത്തിലും സ്‌റ്റൈല്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അത്യന്തം നാടകീയമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.

മരണത്തെ ഉപാസിക്കുന്നതില്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയും മോശമല്ല. വിചിത്രരൂപത്തിലുള്ള അസാധാരണമായ ശവപ്പെട്ടികളിലാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്. പരുന്ത്, ജീപ്പ്, കോക്കോമരം, അല്‍പവസ്ത്രധാരിണി എന്നിവയുടെയൊക്കെ രൂപത്തിലായിരിക്കും ശവപ്പെട്ടികള്‍. ഓരോരുത്തരുടെയും സമൂഹത്തിലെ വിലയും നിലയുമനുസരിച്ച് ശവപ്പെട്ടികളുടെ ആര്‍ഭാടം കൂടുന്നു

സ്‌നേഹവും ദൈവികതയും വഴിഞ്ഞൊഴുകുന്ന, പ്രസന്നതയും മനോഹാരിതയുമുള്ള അന്തരീക്ഷം ശവകുടീരത്തിനടുത്തുണ്ടാകണമെന്ന ആവശ്യമേ ഉണ്ടായിരുന്നുള്ളൂവെന്ന് 36 വര്‍ഷം അന്നോണിയുടെ ജീവിതപങ്കാളിയായിരുന്ന കോറാഡോ സ്പാംഗര്‍ പറയുന്നു. ശവകുടീരത്തിലെ നിറച്ചാര്‍ത്ത്, അന്നോണി തന്നെ വിട്ടു പോയെന്ന ചിന്ത ഉണ്ടാക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സ്വദേശത്ത് ചിലര്‍ക്ക് അനിഷ്ടമുണ്ടാക്കിയെങ്കിലും സ്പാംഗറുടെ സമീപനം ലോകത്തിന്റെ പാരമ്പര്യത്തിന് ഇണങ്ങുന്ന ഒന്നാണ് എന്നതാണു യാഥാര്‍ത്ഥ്യം. മെക്‌സിക്കോയില്‍ മരിച്ചുപോയവരെ ഓര്‍ക്കാന്‍ മൂന്നു ദിവസത്തെ കാര്‍ണിവലാണ് ആഘോഷിക്കുന്നത്. മരിച്ചവരുടെ ദിവസം എന്ന് ലോകപ്രശസ്തമായ ഈ ആചാരത്തിന്റെ പ്രത്യേകത തന്നെ സംഗീതവും നൃത്തവും നിറഞ്ഞ വര്‍ണശബളമായ ഘോഷയാത്രയാണ്. ശവക്കല്ലറകള്‍ സൂര്യകാന്തിപ്പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നു. വീടകങ്ങളിലും സെമിത്തേരികളിലും അല്‍ത്താരകളിലും പൂക്കള്‍ കൊണ്ട് വസന്തം തീര്‍ത്തിരിക്കും.

തെരുവുകളിലും ചന്തകളിലുമെങ്ങും മരണത്തിന്റെ ഭീകരാന്തരീക്ഷമായിരിക്കും. തലയോട്ടികളുടെയും ശവംതീനി രക്ഷസുകളുടെയും ശവപ്പെട്ടികളുടെയുമൊക്കെ രൂപത്തിലുള്ള കേക്കുകളും പലഹാരങ്ങളും ബേക്കറികളിലും അടുക്കളകളിലും ഒരുക്കിവെച്ചിരിക്കും. മരിച്ച പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ ഈ ദിനങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിനെത്തുമെന്നാണ് മെക്‌സിക്കോക്കാര്‍ വിശ്വസിക്കുന്നത്. ഇതിനായി മെഴുകുതിരി വെളിച്ചത്തില്‍ അവരുടെ ഇഷ്ടവിഭവങ്ങളൊരുക്കി വെക്കുന്നു. ഇത് ആത്മാക്കളെ ആകര്‍ഷിക്കുമെന്നാണ് ഇവരുടെ വിശ്വാസം. വലിയ വാദ്യഘോഷങ്ങളോടെ തെരുവുകളിലെങ്ങും ആളുകള്‍ തിമിര്‍ത്തു മദിക്കുന്നു. ഈ ആഘോഷരാവുകള്‍ക്ക് സാക്ഷിയാകുന്ന ഓരോ വിദേശിയും അന്യഗ്രഹജീവിയെപ്പോലെ അന്തംവിട്ട് കുന്തം വിഴുങ്ങിപ്പോകും. പലപ്പോഴും മുമ്പില്‍ ആകസ്മികമായി പ്രത്യക്ഷപ്പെടുന്ന പ്രേതരൂപികളെയും അസ്ഥികൂടങ്ങളെയും വേതാളങ്ങളെയുമെല്ലാം കണ്ട് അന്യനാട്ടുകാര്‍ ഭയചകിതരാകുന്നു. ഈ പ്രച്ഛന്ന വേഷധാരികള്‍ ഘോഷയാത്രകളുടെ മാറ്റു കൂട്ടുന്നു. ലാറ്റിനമേരിക്കയില്‍ മരിച്ചവര്‍ക്ക് വേണ്ടി ആഘോഷപാര്‍ട്ടികള്‍ നടക്കുന്നത് പുതുമയല്ല. എന്നാല്‍, സെമിത്തേരികളില്‍പ്പോലും വര്‍ണശബളമായ ജീവിതരീതി പ്രതിഫലിപ്പിക്കുന്ന, ഇതേ പോലെ നാടോടി സംസ്‌കാരം വേരോടിയ മറ്റൊരു കത്തോലിക്ക രാജ്യമുണ്ടാകില്ലെന്നു ഡേവീസ് മെക്‌സിക്കോയെ വിലയിരുത്തുന്നു.

മരണത്തെ ഉപാസിക്കുന്നതില്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയും മോശമല്ല. വിചിത്രരൂപത്തിലുള്ള അസാധാരണമായ ശവപ്പെട്ടികളിലാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്. പരുന്ത്, ജീപ്പ്, കോക്കോമരം, അല്‍പവസ്ത്രധാരിണി എന്നിവയുടെയൊക്കെ രൂപത്തിലായിരിക്കും ശവപ്പെട്ടികള്‍. ഓരോരുത്തരുടെയും സമൂഹത്തിലെ വിലയും നിലയുമനുസരിച്ച് ശവപ്പെട്ടികളുടെ ആര്‍ഭാടം കൂടുന്നു. മരിച്ച വ്യക്തിയുടെ ജീവിതത്തെയും സ്വഭാവത്തെയും നര്‍മബോധത്തെയും ആസ്പദമാക്കിയുള്ള ശവപ്പെട്ടികളും ഉപയോഗിക്കാറുണ്ട്. ഇവയില്‍ പലതും പ്രദര്‍ശന ശാലകളിലെ ആകര്‍ഷണമായി മാറാറുമുണ്ട്. പക്ഷിമൃഗാദികളുടെ രൂപത്തിലുള്ള ശവപേടകം കാണുമ്പോള്‍ ചിരിയടക്കുക പ്രയാസമായിരിക്കും. എന്നാല്‍ ഇത്തരം ആര്‍ഭാടങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകില്ല. മരണം ചിരസ്മരണയായി പരിഗണിക്കപ്പെടണമെന്നുള്ളവരുടെ സ്വാര്‍ത്ഥതയായി ഇത്തരം പ്രവൃത്തികളെ പരിഗണിക്കുന്നവരുണ്ട്. സന്തപ്തരായവരെ മനസമാധാനത്തോടെ കരയാന്‍ വിടാത്ത ആചാരമായാണ് അവര്‍ ഇതിനെ കണക്കാക്കുന്നത്.

ദുഃഖം നമ്മെ വിമലീകരിക്കുമെന്ന് മനശാസ്ത്രജ്ഞ സാലി ഓസ്റ്റിന്‍ പറയുന്നു. ചിലപ്പോഴെങ്കിലും പരമ്പരാഗതമായ ശവക്കല്ലറ പോലൊന്ന് ലക്ഷ്യബോധമില്ലാതെ പാറിപ്പറക്കുന്ന മനസിനെ എവിടെയെങ്കിലും ഉറപ്പിക്കാന്‍ വിഷാദം നമ്മെ പ്രേരിപ്പിക്കും. മരണത്തിലേക്ക് അടുക്കും തോറും നാം കൂടുതല്‍ ഭയത്തോടും വിഷമത്തോടും കൂടി പെരുമാറാന്‍ തുടങ്ങും. മറ്റൊരിടത്ത് എത്തിപ്പെട്ടതുപോലെ, കൂടുതല്‍ അറിവും ശക്തിയുമുള്ളയാള്‍ നമ്മില്‍ നിന്ന് എന്തു പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്നു പോലെ ആയിരിക്കും ഈ അവസരത്തില്‍ നമ്മുടെ പെരുമാറ്റമെന്ന് സാലി ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷത്തിനു പുറത്തു നില്‍ക്കാതിരിക്കുന്നതിലാണു നാം ആശ്വാസം കണ്ടെത്തുന്നതെന്നും അവര്‍ പറയുന്നു. മറ്റുള്ളവര്‍ എങ്ങനെ ശവകുടീരം നിര്‍മിക്കണമെന്ന് നിര്‍ദേശിക്കുന്നതൊക്കെ പഴഞ്ചന്‍ ചിന്താധാരയാണ്. ഇതാണ് ഏറ്റവും ആശ്രയിക്കാവുന്ന സുരക്ഷിതരീതി. പരമ്പരാഗത രീതി തന്നെയാണ് മനശാസ്ത്രപരമായ വഴികളിലൂടെ താനും പിന്തുടരുന്നതെന്ന് അവര്‍ സമ്മതിക്കുന്നു.

തന്റെ പ്രിയതമന്‍ കര്‍ലോ അന്നോണിയുടെ ശവകുടീരത്തെക്കുറിച്ച് സെമിത്തേരിയില്‍ വരുന്നവര്‍ക്കു പരാതിയില്ലെന്ന് കോറാഡോ സ്പാംഗര്‍ അവകാശപ്പെടുന്നു. രാഷ്ട്രീയക്കാര്‍ക്കു മാത്രമാണ് എതിര്‍പ്പ്. എന്നാല്‍ അവര്‍ ഒന്നോര്‍ക്കണം, മരണം ജീവിതത്തിന്റെ അവസാനമല്ല, മറ്റൊരു ജീവിതത്തിലേക്കുള്ള യാത്രയുടെ തുടക്കമാണെന്ന മതബോധനത്തെയാണ് നിഷേധിക്കുന്നതെന്ന്. അങ്ങനെ യാത്രയാരംഭിക്കുന്നവര്‍ക്ക് ഇവിടെ ജീവിച്ചതിന്റെ നല്ല ഓര്‍മ്മകള്‍ കൊണ്ടു യാത്രാമംഗളങ്ങള്‍ നേരുകയാണ് ഇവിടെ ചെയ്യുന്നതെന്നും. പ്രാദേശിക കൗണ്‍സില്‍ എടുക്കുന്ന തീരുമാനമെന്തായാലും സ്പാംഗര്‍ക്ക് സന്തോഷം പകരില്ലെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

ശവകുടീരങ്ങള്‍ വീരാരാധാനയുടെയും ചരിത്ര പഠനത്തിന്റെയും ഒഴിവാക്കാനാകാത്ത പാഠശാലകളാണ്. പഴശിരാജ, ടിപ്പു സുല്‍ത്താന്‍, മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയവരുടെ ബലികുടീരങ്ങള്‍ ഇന്നും ജനങ്ങള്‍ക്ക് ആവേശമാണ്. പല വിദേശരാജ്യങ്ങളിലും സെമിത്തേരികള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. കവികളുടെയും ചരിത്ര പുരുഷന്മാരുടെയും കല്ലറകള്‍ എന്നും ആളുകളെ ആകര്‍ഷിക്കുന്നു. യൂറോപ്പിലെ പല സെമിത്തേരികളും നദിയോരങ്ങളില്‍ നയനമനോഹര പശ്ചാത്തലങ്ങളിലായിരിക്കുമെന്നത് അവയുടെ കാല്‍പ്പനികത വര്‍ധിപ്പിക്കുന്നു. വിനോദസഞ്ചാരികളുടെ പറുദീസയായി മാറിയ അത്തരം ചില സെമിത്തേരികളെ പരിചയപ്പെടാം

പാരിസിലെ പിയേര്‍ ലാചെയ്‌സ്

1804 മേയ് 21ന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത ഈ സെമിത്തേരി തുടക്കത്തില്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നില്ല. എന്നാല്‍ കവിയും നാടകകൃത്തുമായ ജീന്‍ ഡിലാ ഫോണ്ടെയ്ന്‍, നാടകകൃത്ത് മോല്യര്‍ എന്നിവരുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചതു പരസ്യമാക്കിയതോടെ ജനം ഇവിടേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. ഇന്ന് പ്രമുഖരുടേതടക്കം മില്യണ്‍ മൃതദേഹങ്ങള്‍ ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. എഡിത്ത് പിയെഫ്, ജിം മോറിസണ്‍, ഓസ്‌കര്‍ വൈല്‍ഡ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ഇവിടേക്ക് സഞ്ചാരികള്‍ അനുസ്യൂതം പ്രവഹിക്കുന്നു.

സെമിറ്റിരിയോ ഡി സാവോ ജോവോ ബാറ്റിസ്റ്റ

റിയോഡിജനീറോയിലെ ഈ വിഖ്യാത സെമിത്തേരി സംഗീതജ്ഞന്‍ ആന്റോണിയോ കാര്‍ലോസ് ജോബിം, ഗായിക കാര്‍മന്‍ മിറാന്‍ഡ എന്നിവരുടെ അന്ത്യവിശ്രമസ്ഥലമാണ്. ദരിദ്രരായ മാതാപിതാക്കളുടെ കൊച്ചുകുട്ടികളെ അടക്കം ചെയ്ത കുഞ്ഞു മാലാഖകളുടെ കുഴിമാടം ഇവിടെയാണ്. ഏഴു വയസില്‍ താഴെയുള്ള കുട്ടികളെയാണ് ഇവിടെ അടക്കം ചെയ്തിരിക്കുന്നത്.

സെമിറ്റിരിയോ ഡിലാ റെക്കൊലെറ്റ

അര്‍ജന്റീനയുടെ തലസ്ഥാനം ബ്യൂണസ് ഐറിസിലെ വിശാലമായ ശ്മശാനത്തിന്റെ പ്രത്യേകതകള്‍ പലതാണ്. 6,400 പ്രാചീന പ്രതിമകള്‍ ഇവിടെ സഞ്ചാരികളെ ആകര്‍ഷിച്ചു നിലകൊള്ളുന്നു. രാജ്യത്തിന്റെ വീരപുത്രന്മാരുടെയും പുത്രികളുടെയും കല്ലറകളും ഇവിടെയുണ്ട്. രാജ്യത്തെ പ്രഥമവനിതയായിരുന്ന ഇവ പെരാണിന്റെ കല്ലറ, നിയോഗോഥിക് ശൈലിയിലുള്ള ലിലിയാന ക്രൊകെയ്ത്തിയുടെ ശവകുടീരം എന്നിവയും ഇവിടത്തെ ആകര്‍ഷണങ്ങളാണ്. 1970-ല്‍ വിയെന്നയില്‍ മഞ്ഞിടിച്ചിലില്‍ മരിച്ച ലിലിയാനയുടെ കിടപ്പറ ഈ ശവകുടീരത്തില്‍ പുനസൃഷ്ടിച്ചിരിക്കുന്നു. കല്ലറക്കവാടത്തില്‍ വിവാഹവേഷത്തില്‍ നില്‍ക്കുന്ന ലിലിയാനയുടെ വെങ്കല പ്രതിമയാണ് പ്രധാന ആകര്‍ഷണം

Comments

comments

Categories: FK Special, Slider