ടെന്‍സന്റില്‍ നിന്നും പഠിക്കാനുണ്ട് ഏറെ

ടെന്‍സന്റില്‍ നിന്നും പഠിക്കാനുണ്ട് ഏറെ

ഒരു പ്രാദേശിക കമ്പനി എങ്ങനെ വന്‍കിട ടെക് ഭീമന്‍മാരെ വെല്ലുവിളിച്ച് ആഗോള വിജയം കൈയടക്കി എന്നതിന് മികച്ച ഉദാഹരണമാണ് ചൈനയുടെ ടെന്‍സന്റ്

ടെന്‍സന്റ് ഹോള്‍ഡിംഗ്‌സ്…ഇന്ത്യക്കാരെ സംബന്ധിച്ച് അത്ര സുപരിചിതമായിരുന്നില്ല കുറച്ച് നാള്‍ മുമ്പ് വരെ ഈ ചൈനീസ് ടെക് കമ്പനിയുടെ പേര്. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളില്‍ വമ്പന്‍ നിക്ഷേപം നടത്തിയ ശേഷമാണ് ഈ കമ്പനിയെ പലരും അറിയുന്നത്. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് അതികായന്‍ ഫഌപ്കാര്‍ട്ടിലും ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭം ഒലയിലും എല്ലാം കാര്യമായ നിക്ഷേപമുണ്ട് ഈ ചൈനീസ് കമ്പനിക്ക്. കഴിഞ്ഞ ഏപ്രിലില്‍ ഫഌപ്കാര്‍ട്ടില്‍ മാത്രം ടെന്‍സന്റ് നിക്ഷേപിച്ചത് 700 മില്ല്യണ്‍ ഡോളറാണ്. ഇതുകൊണ്ടല്ല ടെന്‍സന്റ് പ്രസക്തമാകുന്നത്. അമേരിക്കന്‍ ടെക് കമ്പനികളെ വെല്ലുവിളിച്ച് ഇന്ന് അവരെ കടത്തിവെട്ടുന്ന രീതിയില്‍ മുന്നേറാന്‍ പ്രാപ്തരായി എന്നതാണ് ടെന്‍സന്റിന്റെ പ്രസക്തി. ഗൂഗിള്‍ സ്ഥാപകരേക്കാള്‍ സമ്പന്നനായി ടെന്‍സന്റ് സ്ഥാപകന്‍ മാ ഹുവാതേംഗ്.

ഇതില്‍ നിന്നാണ് ഇന്ത്യക്ക് പഠിക്കാനുള്ളത്. മെസഞ്ചറും വാട്‌സാപ്പുമെല്ലാം ലോകം വാഴുമ്പോള്‍ ചൈന നോ പറഞ്ഞു. കാരണം അവിടെ വീ ചാറ്റുണ്ട്. പാശ്ചാത്യ സംരംഭങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് തട്ടിക്കൂട്ട് സംരംഭമുണ്ടാക്കാനല്ല ഈ ചൈനീസ് കമ്പനി ശ്രമിച്ചത്. അവരെ വെല്ലുവിളിക്കുന്ന സംരംഭം വികസിപ്പിക്കാനാണ്. അതാണ് കഴിഞ്ഞ ദിവസം ഫലം കണ്ടത്. ഫേസ്ബുക്ക് എന്ന ഭീമന്‍ സോഷ്യല്‍ മീഡിയ കമ്പനിയെ മാര്‍ക്കറ്റ് മൂല്യത്തില്‍ മറികടന്ന് ടെന്‍സന്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യമായി 500 ബില്ല്യണ്‍ ഡോളര്‍ മൂല്യം പിന്നിടുന്ന ചൈനീസ് കമ്പനി മാത്രമല്ല, ഏഷ്യന്‍ സംരംഭം തന്നെയായി മാറി ടെന്‍സന്റ് എന്ന അല്‍ഭുതം.

ഇന്ന് ചൈനയിലെ മൂന്നില്‍ രണ്ട് പേരും ടെന്‍സന്റിന്റെ ജനകീയ മെസഞ്ചര്‍ ആപ്ലിക്കേഷനായ വീ ചാറ്റ് ആണ് ഉപയോഗിക്കുന്നത്. ദിനംപ്രതി ഒരു ബില്ല്യണിലധികം പേരാണ് വീ ചാറ്റ് ഉപയോഗിക്കുന്നതെന്നത് തന്നെ വലിയ അല്‍ഭുതമാണ്. ഫേസ്ബുക്കിന്റെ വിപണി മൂല്യം 522 ബില്ല്യണ്‍ ഡോളറാണ്. ഇതാണ് വീചാറ്റ് സംരംഭത്തിന്റെ ബലത്തില്‍ ടെന്‍സന്റ് മറികടന്നത്, 523 ബില്ല്യണ്‍ ഡോളറായി. സൗദി അറേബ്യ അവരുടെ മോഹനഗരമായ നിയോമിന് വേണ്ടി നിക്ഷേപിക്കുന്ന ആകെ തുക 500 ബില്ല്യണ്‍ ഡോളറാണെന്ന് ഓര്‍ക്കുക. ഈ തലത്തിലാണ് ടെക് കമ്പനികളുടെ തേരോട്ടം ലോകത്ത് നടക്കുന്നത്. 1998ല്‍ ആരംഭിച്ച സംരംഭം ആദ്യ മൂന്ന് വര്‍ഷത്തില്‍ കടുത്ത നഷ്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചത്. പിന്നീടാണ് ഇവര്‍ പുതിയ ഉയരങ്ങള്‍ വെട്ടിപ്പിടിച്ചത്. വീചാറ്റിന് പുറമെ ലോകത്തെ തന്നെ ഏറ്റവും ജനകീയമായ ലീഗ് ഓഫ് ലെജന്‍ഡ്‌സ്, ഓണര്‍ ഓഫ് കിംഗ്‌സ് തുടങ്ങിയ ഗെയ്മിംഗ് സര്‍വീസുകളും ടെന്‍സന്റിന്റേത് തന്നെയാണ്.

മീഡിയ, എന്റര്‍ടെയ്ന്‍മെന്റ്, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, പേമെന്റ് സേവനങ്ങള്‍, സ്മാര്‍ട്ട്‌ഫോണ്‍, ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍, ഇ-കൊമേഴ്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, പ്രോപ്പര്‍ട്ടി സേവനങ്ങള്‍ തുടങ്ങി വൈവിധ്യവല്‍ക്കരിച്ച നിരവധി ബിസിനസുകളില്‍ നേതൃസ്ഥാനത്തുണ്ട് ഇവര്‍. ഒരു സ്റ്റാര്‍ട്ടപ്പിന് എങ്ങനെ തന്ത്രപരമായ നീക്കങ്ങളിലൂടെ ലോകത്ത് മുന്നിലെത്താം എന്നതിന് മികച്ച ഉദാഹരണമാണ് ടെന്‍സന്റിന്റെ വിജയം. ഇ-കൊമേഴ്‌സ് സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനം സ്വീകരിക്കാന്‍ പറ്റിയ മാതൃകയാണ് വീചാറ്റും ടെന്‍സന്റും. പ്രാദേശികവല്‍ക്കരണത്തിലൂടെയാണ് അവര്‍ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി വിജയം വരിച്ചത്. അത് കാണാതിരുന്നുകൂടാ.

Comments

comments

Categories: Editorial, Slider