കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി

കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി

ഇതു പ്രകാരം ജാമ്യം നിഷേധിച്ച മുഴുവന്‍ പേരുടെയും ജാമ്യാപേക്ഷ പുനഃപരിശോധിക്കും

ന്യൂഡെല്‍ഹി: കള്ളപ്പണ നിരോധന നിയമ പ്രകാരം ജാമ്യം നല്‍കുന്നതിനുള്ള കര്‍ശന വ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദാക്കി. ഇവ ഭരണഘടനാ നിരുദ്ധമാണെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍. ജാമ്യനിഷേധിക്കുന്നതിന് മാത്രമേ ഈ വ്യവസ്ഥകള്‍ വഴിവെക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം നിയമവും ജയില്‍ അപവാദവും ആകണമെന്നാണ് പ്രമാണമെന്നും എന്നാല്‍ ഈ നിയമ പ്രകാരം ഇത് മറിയെന്നും കോടതി ചൂണ്ടിക്കാട്ടി.

കീഴ്‌ക്കോടതികള്‍ ഈ വ്യവസ്ഥകള്‍ പ്രകാരം ജാമ്യം നിഷേധിച്ച മുഴുവന്‍ പേരുടെയും ജാമ്യാപേക്ഷ എത്രയും വേഗം പുനഃപരിശോധിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമത്തിലെ 45-ാം വ്യവസ്ഥയുടെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ നിരീക്ഷണം. കള്ളപ്പണ ഇടപാടുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിന് ഏറ്റവും സഹായകമായ വ്യവസ്ഥകളാണിതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനേറ്റ തിരിച്ചടി കൂടിയാണ് കോടതി വിധി.

ജസ്റ്റിസ് രോഹിന്‍ടണ്‍ നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് കള്ളപ്പണ നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് ഉത്തരവിട്ടത്. കേസില്‍ അകപ്പെടുന്നവര്‍ക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ ജാമ്യം നല്‍കരുത് എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. കേസില്‍ കുറ്റാരോപിതന്‍ നിരപരാധിയാണെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നതാണ് രണ്ടാമത്തെ വ്യവസ്ഥ.

Comments

comments

Categories: Slider, Top Stories