പുനരുല്‍പ്പാദന ഊര്‍ജ മേഖല 3,30,000ല്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേക്കും

പുനരുല്‍പ്പാദന ഊര്‍ജ മേഖല 3,30,000ല്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേക്കും

ഈ മേഖലയിലെ വൈദഗ്ധ്യ പരിശീന പരിപാടികള്‍ പരാജയപ്പെടുന്നതായും വിലയിരുത്തല്‍

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ പുനരുല്‍പ്പാദിക്കാവുന്ന ഊര്‍ജ മേഖല 3,30,000ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ‘പുനരുല്‍പ്പാദിക്കാവുന്ന ഊര്‍ജ മേഖലയിലെ തൊഴിലവസരങ്ങള്‍ ഇന്ത്യയിലെ ദാരിദ്ര്യം കുറയ്ക്കുമോ?’ എന്ന തലക്കെട്ടില്‍ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഡബ്ല്യുആര്‍ഐ) ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
സ്ഥിര വരുമാനവും ആരോഗ്യപരിപാലനത്തിനുള്ള ആനുകൂല്യങ്ങളും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങളും തൊഴിലുകളിലൂടെ നല്‍കിക്കൊണ്ട് രാജ്യത്തെ ഗ്രാമ പ്രദേശങ്ങളില്‍ ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഇന്ത്യയുടെ ക്ലീന്‍ എനര്‍ജി പദ്ധതികള്‍ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. പുറമെ ഗ്രാമപ്രദേശങ്ങളില്‍ ഊര്‍ജ ലഭ്യത വര്‍ധിപ്പിക്കുന്നതിനും ക്ലീന്‍ എനര്‍ജി പദ്ധതികള്‍ സഹായകമാകും. ഇതിലൂടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യവും ഗ്രാമീണ മേഖലയിലെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളും വര്‍ധിക്കും. ഗ്രാമീണര്‍ ഉപജീവനത്തിന് കാര്‍ഷിക മേഖലയെ മാത്രം ആശ്രയിക്കുന്നതിനു പകരം പുതിയ തൊഴിലുകളില്‍ ഉപജീവനം കണ്ടെത്താനും ഇത് വഴിയൊരുക്കും.

അതേസമയം ക്ലീന്‍ എനര്‍ജി വിഭാഗത്തില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകള്‍ സ്വന്തമാക്കുന്നതില്‍ വൈദഗ്ധ്യത്തിന്റെ അപര്യാപ്തത ഗ്രാമീണര്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍. ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ പരിശീലന പരിപാടികള്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സെക്കന്‍ഡറി വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ മിക്ക സ്ഥാപനങ്ങളും വിമുഖത കാണിക്കുന്നതായണ് ഡബ്ല്യുആര്‍ഐ വ്യക്തമാക്കുന്നത്. ഇത് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളതോ നിരക്ഷരരോ ആയ 60 ശതമാനം പാവപ്പെട്ട ഇന്ത്യക്കാര്‍ക്കും അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിശീലന പരിപാടികളുടെ ഭാഗമാകുന്നതിന് സ്ത്രീകളും ധാരാളം വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ട് വിശദീകരിച്ചു. ഗാര്‍ഹിക ചുമതലകളും, ശിശു സംരക്ഷണ ഉത്തരവാദിത്തങ്ങളും ലിംഗപരമായ സാമൂഹ്യാവസ്ഥയും പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നതിന് സ്ത്രീകള്‍ക്ക് വിലങ്ങുതടിയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന വിശദീകരണം.

ക്ലീന്‍ എനര്‍ജി പദ്ധതികളുടെ സ്ഥിരത ഉറപ്പാക്കുന്നതിന് സ്വകാര്യ മേഖലാ സംരംഭങ്ങള്‍ വൈദഗ്ധ്യം ഇല്ലാത്തവരുടെയും സെമി സ്‌കില്‍ഡ് ജീവനക്കാരുടെയും ശേഷി വര്‍ധിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിട്ടുണ്ട്. 2022ഓടെ ഇന്ത്യ 175 ജിഗാവാട്ട് പുരുല്‍പ്പാദന ഊര്‍ജം കൂട്ടിച്ചേര്‍ക്കുമെന്ന് പാരിസ് കാലാവസ്ഥ ഉടമ്പടിക്കു മുന്‍പായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 100 ജിഗാ വാട്ട് സൗരോര്‍ജത്തില്‍ നിന്നും 60 ജിഗാവാട്ട് കാറ്റില്‍ നിന്നുമുള്ള ഊര്‍ജമായിരിക്കും.

Comments

comments

Categories: More