എണ്ണ, വാതക പിഎസ്‌യു ലയനങ്ങള്‍ക്ക് ഇനി കോംപറ്റീഷന്‍ കമ്മീഷന്റെ അംഗീകാരം വേണ്ട

എണ്ണ, വാതക പിഎസ്‌യു ലയനങ്ങള്‍ക്ക് ഇനി കോംപറ്റീഷന്‍ കമ്മീഷന്റെ അംഗീകാരം വേണ്ട

ദേശസാല്‍ക്കരണ ബാങ്കുകളുടെ ലയനങ്ങളെയും സിസിഐ അംഗീകാരം തേടുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു

ന്യൂഡെല്‍ഹി: പൊതുമേഖല എണ്ണ,വാതക കമ്പനികള്‍ ഉള്‍പ്പെടുന്ന ലയന-ഏറ്റെടുക്കല്‍ ഇടപാടുകളെ കോംപറ്റീഷന്‍ കമ്മീഷന്റെ അംഗീകാരം തേടുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. പൊതുമേഖല എണ്ണ,വാതക കമ്പനികള്‍ക്കിടയില്‍ ഏകീകരണവും ഓഹരി ഏറ്റെടുക്കലും നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയ പശ്ചാത്തലത്തിലാണ് കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

പൊതുമേഖല എണ്ണക്കമ്പനിയായ എച്ച്പിസിഎലില്‍ സര്‍ക്കാരിനുള്ള 51.11 ശതമാനം ഓഹരികള്‍ രാജ്യത്തെ ഏറ്റവും വലിയ എണ്ണ, പ്രകൃതിവാതക ഉല്‍പ്പാദകരായ ഒഎന്‍ജിസിയ്ക്ക് വില്‍ക്കുന്നതിന് ജൂലൈയില്‍ സാമ്പത്തികകാര്യ വകുപ്പിന്റെ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) അംഗീകാരം നല്‍കിയിരുന്നു.

1934ലെ പെട്രോളിയം ആക്റ്റ് പ്രകാരം എണ്ണ, വാതക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെ (സിപിഎസ്ഇ)യും ഏകീകരണങ്ങളെ അഞ്ച് വര്‍ഷത്തേക്ക് സിസിഐ അംഗീകാരം തേടുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ പൂര്‍ണമാതോ ഭാഗികമായതോ ആയ ഉടമസ്ഥതയില്‍ എണ്ണ- വാതക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉപകമ്പനികള്‍ക്കും കോംപറ്റീഷന്‍ ആക്റ്റിലെ സെക്ഷന്‍ 5,6 വ്യവസ്ഥകളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് നവംബര്‍ 22ന് പുറപ്പെടുവിച്ച വിജ്ഞാപനം വ്യക്തമാക്കുന്നു. ലയന കരാറുകളുമായി ബന്ധപ്പെട്ട സെക്ഷനുകളാണിത്. ദേശസാല്‍ക്കരണ ബാങ്കുകളുടെ ലയനങ്ങളെയും സിസിഐ അംഗീകാരം തേടുന്നതില്‍ നിന്നും ഈ വര്‍ഷം ആദ്യം മന്ത്രാലയം ഒഴിവാക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories